24 October Thursday

നികുതിയിളവുകൾ കോർപറേറ്റുകളെ കൊഴുപ്പിക്കും: സിപിഐ എം

സ്വന്തം ലേഖകൻUpdated: Saturday Sep 21, 2019

ന്യൂഡൽഹി >  ആദായനികുതി നിയമം ഭേദഗതിചെയ്‌ത്‌ കേന്ദ്രസർക്കാർ പ്രഖ്യാപിച്ച 1.45 ലക്ഷം കോടി രൂപയുടെ നികുതിയിളവുകൾ കോർപറേറ്റുകളെ കൊഴുപ്പിക്കുന്നതും ജനങ്ങളുടെ ജീവിതഭാരം വർധിപ്പിക്കുന്നതുമാണെന്ന്‌ സിപിഐ എം പൊളിറ്റ്‌ബ്യൂറോ പ്രസ്‌താവനയിൽ പറഞ്ഞു.

റിയൽഎസ്‌റ്റേറ്റ്‌, കയറ്റുമതി ബിസിനസുകാർക്ക്‌ 70,000 കോടി രൂപയുടെ സൗജന്യം നൽകിയതിനു പിന്നാലെയാണിത്‌. റിസർവ്‌ ബാങ്കിൽനിന്ന്‌ പിടിച്ചുവാങ്ങിയ 1.76 ലക്ഷം കോടി രൂപ കോർപറേറ്റുകൾക്ക്‌ കൈമാറുകയാണ്‌. 
 
 തൊഴിലവസരങ്ങൾ വർധിപ്പിക്കാനും ജനങ്ങളുടെ വാങ്ങൽശേഷി ഉയർത്താനും പൊതുനിക്ഷേപങ്ങൾ നടത്താൻ സർക്കാർ തയ്യാറല്ല.

  ജനങ്ങൾക്ക്‌ വാങ്ങൽശേഷി ഇല്ലാത്തതാണ്‌  ഇപ്പോൾ നേരിടുന്ന സാമ്പത്തികമാന്ദ്യത്തിനു കാരണം. തൊഴിലില്ലായ്‌മ, കൂട്ടപിരിച്ചുവിടൽ, വരുമാന ഇടിവ്‌ എന്നിവ ജനങ്ങളുടെ ജീവിതഭാരം വർധിപ്പിക്കുകയാണ്‌. ബജറ്റ്‌ പ്രഖ്യാപനങ്ങളിലെ തിരുത്തലുകൾവഴി സാമ്പത്തികമാന്ദ്യം മറികടക്കാനാകില്ല.  

 മോഡിയുടെ അമേരിക്കൻ സന്ദർശനത്തിനു മുന്നോടിയായി കടപ്പത്രം, ഓഹരി, ബോണ്ടുകൾ തുടങ്ങിയവയിൽ വിദേശനിക്ഷേപകർക്കും വൻ സൗജന്യം നൽകി. അമേരിക്കയിലെയും ഇതര വിദേശരാജ്യങ്ങളിലെയും നിക്ഷേപകരെ പ്രീണിപ്പിക്കാനാണിത്‌.  കോർപറേറ്റുകളുടെയും വർഗീയശക്തികളുടെയും കൂട്ടുകെട്ട്‌ ജനങ്ങൾക്കുമേൽ ദുരിതങ്ങൾ അടിച്ചേൽപ്പിക്കുകയാണെന്നും പ്രസ്‌താവനയിൽ പറഞ്ഞു.


പ്രധാന വാർത്തകൾ
 Top