19 November Tuesday

സുപ്രീംകോടതി കോണ്‍​ഗ്രസ് അഭിഭാഷകനോട്‐ "ഓർമയുണ്ടോ അടിയന്തരാവസ്ഥ'

സ്വന്തം ലേഖകൻUpdated: Thursday Nov 7, 2019

ന്യൂഡൽഹി >  കശ്‌മീരിലെ നിയന്ത്രണങ്ങൾക്കെതിരെ  മുതിര്‍ന്ന കോൺഗ്രസ്‌ നേതാവ്‌ ഗുലാംനബി ആസാദ്‌ സമർപ്പിച്ച ഹർജിയിൽ വാദംകേൾക്കവെ അടിയന്തരാവസ്ഥയെ ഓർമപ്പെടുത്തി സുപ്രീംകോടതി. കശ്‌മീരില്‍ എഴുപത്‌ ലക്ഷം പേരുടെ ജീവിതം നിശ്‌ചലമായെന്നും മുമ്പ്‌ ഇങ്ങനെയൊന്ന് ഉണ്ടായിട്ടില്ലെന്നും  കോണ്‍​​ഗ്രസിന്റെ അഭിഭാഷകന്‍ കപില്‍ സിബൽ പറഞ്ഞപ്പോള്‍, അടിയന്തരാവസ്ഥ ഘട്ടത്തിൽ എന്താണ്‌ സംഭവിച്ചതെന്ന്‌ ജസ്‌റ്റിസ്‌ എൻ വി രമണ തിരിച്ചുചോദിച്ചു.

ആഭ്യന്തര പ്രശ്‌നങ്ങളുടെ പേരിലാണ്‌ അടിയന്തരാവസ്ഥ ഏർപ്പെടുത്തിയതെന്നും എന്നാൽ ഭരണഘടനയിൽനിന്ന്‌ പിന്നീട്‌ ഈ വ്യവസ്ഥ നീക്കം ചെയ്‌തുവെന്നും സിബൽ പറഞ്ഞു.  കശ്‌മീരിലെ നിയന്ത്രണവും വിലക്കും മറ്റും ഏതു നിയമപ്രകാരമെന്ന്‌ കേന്ദ്രം വ്യക്തമാക്കിയിട്ടില്ലെന്നും ഭരണഘടനയുടെ 19–-ാം അനുച്‌ഛേദം ഉറപ്പുനൽകുന്ന അവകാശങ്ങൾ ഹനിക്കപ്പെടുകയാണെന്നും- സിബൽ ചൂണ്ടിക്കാട്ടി.

പ്രത്യേക പദവി എടുത്തുകളഞ്ഞശേഷമുള്ള കശ്‌മീരിലെ സാമൂഹ്യസാഹചര്യങ്ങൾ പരിശോധി‌ക്കാൻ അനുവദിക്കണമെന്നാണ് ഹർജി. കശ്‌മീരിലെ പൊതുഗതാഗതത്തിന്റെ അവസ്ഥ എന്തെന്ന് വാദത്തിനിടെ കോടതി സർക്കാരിനോട്‌ ആരാഞ്ഞു. കശ്‌മീരിലെ ഇന്റർനെറ്റ്‌ വിലക്കും മാധ്യമവിലക്കും ചോദ്യംചെയ്‌ത്‌ കശ്‌മീർ ടൈംസ്‌ എഡിറ്റർ അനുരാധ ഭാസിൻ സമർപ്പിച്ച ഹർജിയിലും കോടതി വാദംകേൾക്കുന്നുണ്ട്‌.


പ്രധാന വാർത്തകൾ
 Top