14 December Saturday

കർണാടകയിൽ 17 എംഎൽഎമാർക്ക്‌ അയോഗ്യത; സ്‌പീക്കറുടെ നടപടി സുപ്രീംകോടതി ശരിവച്ചു

പി ആര്‍ ചന്തുകിരണ്‍Updated: Thursday Nov 14, 2019


ന്യൂഡൽഹി
കർണാടകത്തിൽ 17  കോൺഗ്രസ്‌–-ജെഡിഎസ്‌ വിമത എംഎൽഎമാരെ അയോഗ്യരാക്കിയ സ്‌പീക്കർ കെ ആർ രമേഷ്‌ കുമാറിന്റെ  നടപടി സുപ്രീംകോടതി ശരിവച്ചു. എന്നാൽ, നിയമസഭയുടെ കാലാവധി തീരുംവരെ അയോഗ്യരാക്കാൻ സ്‌പീക്കർക്ക്‌ അധികാരമില്ലെന്നും കോടതി വ്യക്തമാക്കി.  ഇവർക്ക്‌ ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കാൻ തടസ്സമില്ലെന്നും  ജസ്റ്റിസുമാരായ എൻ വി രമണ, സഞ്ജീവ് ഖന്ന, കൃഷ്ണ മുരാരി എന്നിവരുടെ ബെഞ്ച്‌ ഉത്തരവിട്ടു. അയോഗ്യരാക്കിയതിനെതിരെ എംഎൽഎമാർ നൽകിയ ഹർജിയിലാണ്‌ വിധി. 

സ്‌പീക്കറുടെ തീരുമാനത്തിന്‌ അർധ ജുഡീഷ്യൽ അധികാരമാണുള്ളത്‌.  ഇത്‌ കോടതിയുടെ പരിശോധനയ്‌ക്ക്‌ വിധേയമാണ്‌. ഭരണഘടനയുടെ പത്താം ഷെഡ്യൂൾപ്രകാരം അയോഗ്യത കൽപ്പിക്കുന്നവർക്ക്‌ വീണ്ടും തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന്‌ വിലക്കില്ല. അയോഗ്യതയ്‌ക്ക്‌ സമയപരിധി നിശ്ചയിക്കാൻ സ്‌പീക്കർക്ക്‌ അധികാരമില്ല. അയോഗ്യനായ ആളുടെ കാലാവധി കഴിയുന്നതുവരെയോ വീണ്ടും തെരഞ്ഞെടുക്കപ്പെടുന്നതുവരെയോ ഇതിൽ ഏതാണോ ആദ്യം ഉണ്ടാകുന്നത്‌ അതുവരെയാണ്‌ അയോഗ്യത.

രാജി സമർപ്പിക്കുന്നതോടെ അയോഗ്യതാനടപടി ഇല്ലാതാകുമെന്ന എംഎൽഎമാരുടെ വാദവും കോടതി തള്ളി. രാജിയും അയോഗ്യതയും  തമ്മിൽ ബന്ധമില്ല.
രാജി ഒരു അവകാശമല്ല. അയോഗ്യതയ്‌ക്ക്‌ കാരണമായ കൂറുമാറ്റം എന്ന്‌ നടന്നു എന്നതാണ്‌ പരിഗണിക്കുകയെന്നും രാജി നൽകി അതിനെ മറികടക്കാനാകില്ലെന്നും ജസ്‌റ്റിസ്‌ രമണ ഉത്തരവിൽ വ്യക്തമാക്കി.  ഈ വാദം അംഗീകരിച്ചാൽ അയോഗ്യരാക്കുംമുമ്പേ രാജിവച്ച്‌ നടപടികളിൽനിന്ന്‌ രക്ഷനേടും. ഇത്‌ ഭരണഘടനയുടെ പത്താം ഷെഡ്യൂളിന്റെയും 91–-ാം ഭരണഘടനാ ഭേദഗതിയുടെയും ലക്ഷ്യത്തിന്‌ വിരുദ്ധമാകുമെന്നും കോടതി വ്യക്തമാക്കി. കൂറുമാറ്റത്തെ തുടർന്ന്‌ അയോഗ്യരാക്കിയ സാമാജികനെ മന്ത്രിയായോ വേതനം കൈപ്പറ്റുന്ന മറ്റ്‌ പദവികളിലോ നിയമിക്കരുതെന്ന്‌ 91–-ാം ഭരണഘടനാഭേദഗതി പ്രകാരം വ്യവസ്ഥ ചെയ്യുന്നു.

എച്ച്‌ ഡി കുമാരസ്വാമിയുടെ നേതൃത്വത്തിലുള്ള കോൺഗ്രസ്‌–-ജെഡിഎസ്‌ സഖ്യ സർക്കാരിനെ അട്ടിമറിച്ച്‌ ബിജെപിക്ക്‌ അധികാരത്തിലെത്താൻ വഴിതുറക്കുന്നതിനായിരുന്നു എംഎൽഎമാരുടെ രാജി.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top