05 April Sunday

എതിരഭിപ്രായം പറയുന്നവർ രാജ്യദ്രോഹികളല്ല: ജ. ദീപക്‌ ഗുപ്‌ത

സ്വന്തം ലേഖകൻUpdated: Tuesday Feb 25, 2020

ന്യൂഡൽഹി
എതിരഭിപ്രായം പറയുന്നവരെല്ലാം രാജ്യദ്രോഹികളല്ലെന്ന്‌ സുപ്രീംകോടതി ജഡ്‌ജി ജസ്റ്റിസ്‌ ദീപക്‌ ഗുപ്‌ത. ഏതെങ്കിലും പാർടിക്ക്‌ 51 ശതമാനം വോട്ട്‌ കിട്ടിയതുകൊണ്ട്‌ ബാക്കി 49 ശതമാനം പേർ അഞ്ചു കൊല്ലം മിണ്ടാതിരിക്കണമെന്ന്‌ വാദിക്കുന്നത്‌ ശരിയല്ല. സർക്കാരുകളുടെ എല്ലാ നടപടികളും ശരിയാകണമെന്നില്ല. തെറ്റായ നടപടികളെ വിമർശിക്കാൻ പൗരർക്ക്‌ അവകാശമുണ്ട്‌. സർക്കാരുമായി വിയോജിച്ചുകൊണ്ടുതന്നെ പൗരർക്ക്‌ രാജ്യത്തെ ബഹുമാനിക്കാൻ കഴിയും. സർക്കാരും രാജ്യവും തമ്മിൽ വലിയ വ്യത്യാസമുണ്ടെന്നും  ജസ്റ്റിസ്‌ ദീപക്‌ ഗുപ്‌ത പറഞ്ഞു.

സുപ്രീംകോടതി ബാർ അസോസിയേഷൻ സംഘടിപ്പിച്ച ‘ജനാധിപത്യവും എതിർപ്പും’ സെമിനാറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രതിഷേധിക്കുന്നവരെ രാജ്യദ്രോഹികളെന്ന്‌ മുദ്രകുത്തുന്നത്‌ ജനാധിപത്യത്തിന്റെ ഹൃദയത്തിൽ വലിയ ആഘാതമാണ്‌ ഏൽപ്പിക്കുന്നതെന്ന സുപ്രീംകോടതി ജഡ്‌ജി ഡി വൈ ചന്ദ്രചൂഡിന്റെ പ്രസ്‌താവന ജസ്റ്റിസ്‌ ദീപക്‌ ഗുപ്‌ത പ്രസംഗത്തിനിടെ ഉദ്ധരിച്ചു. സമാധാനപൂർണമായ പ്രതിഷേധങ്ങൾ അടിച്ചമർത്താൻ ആർക്കും അവകാശമില്ല.

വിയോജിക്കാനുള്ള അവകാശത്തിൽ വിമർശം രേഖപ്പെടുത്താനുള്ള അവകാശവും ഉൾചേർന്നിട്ടുണ്ട്‌. നിയമവ്യവസ്ഥ ഉൾപ്പെടെ എല്ലാ സംവിധാനങ്ങളും വിമർശിക്കപ്പെടണം. ജനാധിപത്യത്തിന്റെ നേർവിപരീതമായ ആശയമാണ്‌ ഭൂരിപക്ഷവാദമെന്നും ജസ്റ്റിസ്‌ ദീപക്‌ ഗുപ്‌ത പറഞ്ഞു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top