09 December Monday

ലൈംഗിക ആരോപണം ഓഫീസ്‌ ദുർബലപ്പെടുത്താൻ; ഇതിന്റെ പേരിൽ രാജിയില്ല: ചീഫ്‌ ജസ്‌റ്റീസ്‌

വെബ് ഡെസ്‌ക്‌Updated: Saturday Apr 20, 2019

ന്യൂഡൽഹി> തനിക്കെതിരെ ഉയർന്ന ലൈംഗിക ആരോപണം ചീഫ്‌ ജസ്‌റ്റിസിന്റെ ഓഫീസ്‌ ദുർബലപ്പെടുത്താൻ ഉള്ള ശ്രമത്തിന്റെ ഭാഗമാണെന്നും ഇതിന്റെ പേരിൽ രാജിവെക്കില്ലെന്നും സുപ്രീംകോടതി  ചീഫ്‌ ജസ്‌റ്റിസ്‌ രഞ്‌ജൻ ഗൊഗോയ്‌. ഇന്ന്‌ സുപ്രീംകോടതിയിൽ ചേർന്ന  അടിയന്തര ബെഞ്ചിൽ ചീഫ്‌ ജസ്‌റ്റിസ് നിലപാട്‌ വ്യക്‌തമാക്കി. ചില പ്രധാനപ്പെട്ട കേസുകൾ അടുത്ത ആഴ്ച കേൾക്കാൻ ഇരിക്കെ ചീഫ് ജസ്റ്റിസിന്റെ ഓഫീസ് അസ്ഥിരപ്പെടുത്താൻ ഉള്ള ശ്രമം ആണ് നടക്കുന്നതെന്നും ചീഫ്‌ ജസ്‌റ്റിസ്‌ പറഞ്ഞു.

  കാരവൻ, വയർ, സ്ക്രോൾ എന്നീ ഓൺ ലൈൻ മാധ്യമങ്ങൾ കഴിഞ്ഞ ദിവസമാണ്‌ ലൈംഗിക  ആരോപണം സംബന്ധിച്ച്‌ വാർത്ത പുറത്ത്‌ വിട്ടത്‌. ചീഫ്‌ ജസ്‌റ്റിസിന്റെ മുന്‍ ഓഫീസ്‌ ജീവനക്കാരിയാണ്‌ ആരോപണത്തിന്‌ പിന്നിൽ .തുടർന്ന്‌ ഇന്ന്‌ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയ്, ജസ്റ്റിസ് അരുൺ മിശ്ര, ജസ്റ്റിസ് സഞ്ജീവ് ഖന്ന എന്നിവർ അടങ്ങിയ മൂന്നംഗ ബെഞ്ച്‌ അടിയന്തരമായി ചേരുകയായിരുന്നു.

തന്നെ സ്വാധീനിക്കാൻ കഴിയില്ല എന്ന്‌ തിരച്ചറിഞ്ഞപ്പോൾ മോശമാക്കാനുമുള്ള ശ്രമമാണിതെന്ന്‌ ചീഫ്‌ ജസ്‌റ്റിസ്‌ പറഞ്ഞു.ഇതിന്റെ പേരിൽ രാജിവെയ്ക്കാനില്ല. ഇത്തരം ആരോപണങ്ങൾ കണക്കിൽ എടുക്കാതെ താൻ  ചുമതല നിറവേറ്റുമെന്നും ചീഫ്‌ ജസ്‌റ്റീസ്‌ വ്യക്‌തമാക്കി.

സാമ്പത്തിക വിഷയത്തിൽ എന്നെ പിടിക്കാൻ അവർക്ക് കഴിഞ്ഞില്ല. അത് കൊണ്ട് അവർ ഇത് കൊണ്ട് വന്നു. ജുഡീഷ്യറിയുടെ സ്വാതന്ത്ര്യം ആകെ ഭീഷണി നേരിടുന്നു. ഇത് ഈ കസേരയിൽ ഇരുന്നു കൊണ്ട് ഞാൻ നിങ്ങളോട് പറയുകയാണെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു.20 വർഷത്തെ നിസ്വാർത്ഥ സേവനത്തിന്‌ ഇതാണ്‌ തനിക്ക്‌ ലഭിച്ച പ്രതിഫലമാണിത്‌. എന്നാൽ  ഭയമോ, പക്ഷപാതമോ ഇല്ലാതെ തന്റെ ജോലി തുടരുമെന്നും മുതിർന്ന ജഡ്ജി ആയ ജസ്റ്റിസ് അരുൺ മിശ്ര ഈ പരാതിയിൽ ജുഡീഷ്യൽ ഉത്തരവ് പുറപ്പെടുവിക്കുമെന്നും അദ്ദേഹം പറഞ്ഞു.

പൊതുതാല്പര്യമുള്ള വിഷയം പരിഗണിക്കുവാനായി മൂന്നംഗ ബെഞ്ചിന്റെ അടിയന്തര സിറ്റിംഗ് ഉണ്ടാകുമെന്നായിരുന്ന അറിയിപ്പ്‌.   സോളിസിറ്റർ ജനറലിന്റെ ആവശ്യപ്രകാരമാണ് സിറ്റിംഗ് എന്നും പറയുന്നു. അതേസമയം എത്‌ വിഷയത്തിലാണ്‌ ബെഞ്ച്‌ അടിയന്തരമായി ചേരുന്നത്‌ എന്ന്‌  അറിയിപ്പിൽ വ്യക്‌തമാക്കിയിരുന്നില്ല. അറ്റോർണി ജനറൽ കെ കെ വേണുഗോപാൽ, സോളിസിറ്റർ ജനറൽ , ബാർ അസോസിയേഷൻ ഭാരവാഹികൾ എന്നിവർ കോടതിയിൽ എത്തിയിരുന്നു.

35 കാരിയായ മുൻ ജൂനിയർ കോർട്ട്‌ അസിസ്‌റ്റൻറ്‌ ആണ്‌ പരാതിയുമായി 22 സുപ്രീംകോടതി ജഡ്‌ജിമാർക്ക്‌ കത്ത്‌ നൽകിയത്‌. 2018 ഒക്‌ടോബർ 10 , 11 തിയതികളിൽ ചീഫ്‌ ജസ്‌റ്റിസിന്റെ ഔദ്യോഗിക വസതിയിലെ ഓഫീസിൽ പീഡിപ്പിക്കാൻ ശ്രമിച്ചു  എന്നാണ്‌ ആരോപണം.
 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top