10 July Friday
ഉത്തേജന പാക്കേജിന്റെ പ്രഖ്യാപന ഘട്ടങ്ങൾ മുന്നേറുന്നതിനനുസരിച്ച്‌ ഓഹരിവിപണി താഴേക്ക്‌

പാക്കേജിലെ കള്ളക്കളി; പ്രഖ്യാപന ഘട്ടങ്ങൾ മുന്നേറുന്നതിനനുസരിച്ച്‌ ഓഹരിവിപണി താഴേക്ക്‌

വെബ് ഡെസ്‌ക്‌Updated: Saturday May 16, 2020


ഉത്തേജക പാക്കേജിന്റെ രണ്ടുദിവസത്തെ പ്രഖ്യാപനങ്ങളുടെ ബാക്കിപത്രം ഓഹരിവിപണിയിലെ ഇടിവാണ്‌.   നിലവിലെ പദ്ധതികളെയും ബാങ്കുകളെയും ധനകാര്യ സ്ഥാപനങ്ങളെയും ചുണ്ടിക്കാട്ടിയുള്ള ലജ്ജാവഹമായ അവകാശവാദങ്ങൾമാത്രം. ഇതുവരെ ബജറ്റിൽനിന്നുള്ള അധികച്ചെലവ് പ്രഖ്യാപനങ്ങൾ ഏറിയാൽ മുപ്പതിനായിരം കോടിയിൽ ഒതുങ്ങും. ചില പ്രധാന പ്രഖ്യാപനങ്ങളിലൂടെ.

വാങ്ങാൻ ആളില്ലാത്ത ഉത്തേജന പാക്കേജ്‌
വാങ്ങൽശേഷി വർധിപ്പിക്കാൻ  നിർദേശങ്ങളൊന്നുമില്ല.  ഉൽപ്പന്നങ്ങൾ വാങ്ങാൻ ആളുണ്ടായാലേ സ്ഥാപനങ്ങൾക്ക്‌ പ്രവർത്തിക്കാനാകൂ. ജനങ്ങളിൽ പണമെത്തിയാലേ വാങ്ങൽശേഷി കൂടൂ. കഴിഞ്ഞമാസം പ്രഖ്യാപിച്ച 1.7 ലക്ഷം കോടിയുടെ പാക്കേജിൽ പകുതിയിൽ താഴെയാണ്‌‌ ബജറ്റിൽനിന്നുള്ള പണം ഉപയോഗിക്കുന്നത്‌.

ആദ്യശത്രു സാമ്പത്തിക ഉപദേഷ്ടാവ്‌
സാമ്പത്തിക പാക്കേജിനെ ആദ്യമെതിർത്തത്‌ കേന്ദ്ര സാമ്പത്തിക ഉപദേഷ്ടാവ് കൃഷ്ണമൂർത്തി സുബ്രഹ്മണ്യം. ദേശീയവരുമാനത്തിന്റെ പത്തു ശതമാനംവരുന്ന പാക്കേജിനെ തള്ളി.  ധനമന്ത്രി ആദ്യദിനം പ്രഖ്യാപിച്ചതിൽ സർക്കാർ ചെലവ്‌ 18,000 കോടിമാത്രം. ബാക്കി ബാങ്കുകളുടെയും മറ്റും ചുമലിൽ. രണ്ടാംദിനം പ്രഖ്യാപിച്ചതിൽ സർക്കാർ ചെലവ്‌ 10,000 കോടിയിൽതാഴെ. ബാക്കി ബാങ്ക്‌ വായ്‌പയോ മുൻവർഷത്തെ കുടിശ്ശിക വിതരണം ചെയ്‌തതോ ആയ കണക്കുകൾ.

ബാങ്ക്‌ വായ്‌പ കണ്ടറിയാം
രണ്ടുദിനങ്ങളിലെ 9.16 ലക്ഷം കോടിയുടെ പ്രഖ്യാപനങ്ങളിൽ ബഹുഭൂരിപക്ഷവും  ബാങ്ക്‌ വായ്‌പകൾ വഴിയാണ്‌. ആവശ്യക്കാർക്ക്‌ ഇവ കിട്ടുമെന്നത്‌ കണ്ടറിയണം.   പണ ലഭ്യത ഉറപ്പാക്കാൻ ബാങ്കുകൾക്ക്‌ റിസർവ്‌ ബാങ്ക്‌ കഴിഞ്ഞ രണ്ടുമാസം അനുവദിച്ചത്‌ രണ്ടുലക്ഷം കോടി രൂപ. പക്ഷേ, ആർക്കും വായ്‌പ ലഭിച്ചില്ല. 

സംരംഭകർക്ക്‌ പലിശയിളവില്ല
ചെറുകിട സംരംഭകമേഖലയ്ക്ക് ഈടില്ലാതെ മൂന്നുലക്ഷം കോടി വായ്‌പ പ്രഖ്യാപിച്ചു. എന്നാൽ, നിലവിലെ വായ്‌പാ തിരിച്ചടവ്‌ നീട്ടൽ കാലയളവിലെ പലിശയുടെ ഭാരം ചെറുകിടക്കാരുടെമേൽ തുടരും.

സംരംഭങ്ങൾക്ക്‌ നൽകാനുള്ളത്‌ 5 ലക്ഷം കോടി
കേന്ദ്ര സർക്കാരും പൊതുമേഖലാ സ്ഥാപനങ്ങളും അഞ്ചുലക്ഷം കോടി രൂപയെങ്കിലും സൂക്ഷ്‌മ, ചെറുകിട, ഇടത്തരം വ്യവസായ സംരംഭങ്ങൾക്ക്‌ നൽകാനുണ്ടെന്ന്‌ കേന്ദ്രമന്ത്രി നിതിൻ ഗഡ്‌കരി. നൽകുന്നത്‌ 3ലക്ഷം കോടി രൂപ വായ്‌പ മാത്രം. ഫലത്തിൽ, അവർ സർക്കാരിന്‌‌ രണ്ടുലക്ഷം കോടിയുടെ ഉത്തേജനം നൽകിയിരിക്കുകയാണ്‌‌‌.  

സംസ്ഥാനങ്ങൾ അജൻഡയിലില്ല
സംസ്ഥാനങ്ങളെക്കുറിച്ച് പരാമർശിക്കാൻപോലും കേന്ദ്രം തയ്യാറല്ല. ബാങ്കേതര ധനകാര്യസ്ഥാപനങ്ങൾക്ക് 30,000 കോടി ലഭ്യമാക്കുന്നു. 45,000 കോടി നിക്ഷേപ ഉറപ്പും. അങ്ങനെയൊരു ചിന്ത സംസ്ഥാനങ്ങളോടില്ല.

സെൻസെക്‌സ്‌ താഴേക്ക്‌
പ്രഖ്യാപന ഘട്ടങ്ങൾ മുന്നേറുന്നതിനനുസരിച്ച്‌ സമ്പദ്‌ഘടന താഴേയ്‌ക്ക്‌ പോകുന്നു. രണ്ടാംഘട്ടം പ്രഖ്യാപനം കഴിഞ്ഞപ്പോൾ ഓഹരി കമ്പോളത്തിൽ  സെൻസെക്‌സ്‌ 885 പോയിന്റ്‌ ഇടിഞ്ഞു.

കൃഷിവായ്‌പ മൂന്നിലൊന്നായി
മാർച്ച്, ഏപ്രിൽ മാസങ്ങളിൽ 63 ലക്ഷം കൃഷിക്കാർക്ക് 86,000 കോടി വായ്പ നൽകിയെന്ന്‌ കേന്ദ്ര ധനമന്ത്രി.    രാജ്യത്തെ ശരാശരി പ്രതിമാസ കാർഷികവായ്പ 1.2 ലക്ഷം കോടി. ഇതിന്റെ മൂന്നിലൊന്നുമാത്രമാണ് കഴിഞ്ഞ മാസങ്ങളിൽ നൽകിയത്‌.  കടം എഴുതിത്തള്ളുന്നില്ല.  തിരിച്ചടവ്‌ കാലാവധി നീട്ടൽകാലത്തെ പലിശയും  ഒഴിവാക്കിയില്ല.

അതിഥിത്തൊഴിലാളികൾക്ക് സംസ്ഥാനങ്ങൾവഴി 11,000 കോടി നൽകിയെന്നതും തട്ടിപ്പ്‌. ധനകാര്യ കമീഷന്റെ തീർപ്പുപ്രകാരം സംസ്ഥാന ദുരന്തനിവാരണ നിധിയിലേക്കുള്ള തുകയാണിത്. ഇതിൽ 25 ശതമാനം അതിഥിത്തൊഴിലാളികൾക്ക്‌ നീക്കിവയ്‌ക്കണമെന്നു പറഞ്ഞു. കേരളത്തിന് ആകെ ലഭിച്ചത് 157 കോടിയും.

പോർട്ടബിൾ റേഷൻകാർഡ് നിലവിലുള്ളത്‌
അതിഥിത്തൊഴിലാളികൾക്കുള്ള പോർട്ടബിൾ റേഷൻകാർഡ് പദ്ധതി 17 സംസ്ഥാനങ്ങളിൽ നടപ്പാക്കി. കേരളവും തയ്യാറെടുപ്പിലാണ്‌‌. അതിഥിത്തൊഴിലാളി ഇവിടെ റേഷൻ വാങ്ങിയാൽ നാട്ടിലേത്‌ കുറയും. ഇതിൽ നേട്ടമൊന്നുമില്ല.

രാജ്യത്ത്‌ 12,000 സ്വയംസഹായ സംഘം പുതുതായി രൂപീകരിച്ചെന്നതും നേട്ടത്തിന്റെ പട്ടികയിലെത്തി. സ്വയംസഹായ സംഘങ്ങൾ മൂന്നുകോടി  മാസ്‌കും  1.2 ലക്ഷം ലിറ്റർ സാനിറ്റൈസറും  ഉൽപാദിപ്പിച്ചെന്നാണ്‌ വാദം. കേരളത്തിൽ മൂന്നുലക്ഷത്തിലേറെ കുടുംബശ്രീ അയൽക്കൂട്ടങ്ങളുണ്ട്‌‌. ഇവ ഒരുകോടി മാസ്കാണ്‌ നിർമിക്കുന്നത്‌.

 


പ്രധാന വാർത്തകൾ
 Top