21 August Wednesday

ശ്രീലങ്കയിലെ സ്‌ഫോടനം: ഇന്ത്യന്‍ തീരത്ത് അതീവ ജാഗ്രതാ നിര്‍ദ്ദേശം

വെബ് ഡെസ്‌ക്‌Updated: Monday Apr 22, 2019

ന്യൂഡല്‍ഹി> ഈസ്റ്റല്‍ ദിനത്തില്‍ ശ്രീലങ്കയിലുണ്ടായ സ്‌ഫോടനപരമ്പരകളുടെ പശ്ചാത്തലത്തില്‍ ഇന്ത്യന്‍ തീരത്ത് അതീവ ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചു. സ്‌ഫോടനം നടത്തിയവര്‍ ഇന്ത്യയിലേയ്ക്ക് കടക്കാന്‍ സാധ്യതയുണ്ടെന്ന വിവരത്തിന്റെ പശ്ചാത്തലത്തിലാണ് ജാഗ്രതാ നിര്‍ദ്ദേശം.തീരസംരക്ഷണ സേനയാണ് ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയത്. സ്‌ഫോടന പരമ്പരകളുടെ പശ്ചാത്തലത്തില്‍ ശ്രീലങ്കയില്‍ നേരത്തെ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു. ഇതിനുപിന്നാലെയാണ് ഇന്ത്യയില്‍ സുരക്ഷ ശക്തമാക്കിയത്.

ഈസ്റ്റര്‍ ദിനത്തില്‍ പള്ളികളിലും ആഡംബര ഹോട്ടലുകളിലും ഉള്‍പ്പെടെ നടന്ന സ്‌ഫോടനങ്ങളില്‍ 290 പേര്‍ മരിച്ചതിന് പുറമെ 450 ലധികം പേര്‍ക്ക് പരിക്കപറ്റിയിരുന്നു. കൊല്ലപ്പെട്ടവരില്‍ മുപ്പതോളം പേര്‍ വിദേശ പൗരന്മാരാണ്. മൂന്ന് ഇന്ത്യന്‍ പൗരന്മാരും ഇതില്‍ ഉള്‍പ്പെടുന്നു. അഞ്ചു പേര്‍ ബ്രിട്ടീഷുകാരാണ്. ഒരു മലയാളി ഇക്കൂട്ടത്തിലുണ്ടെന്ന് വാര്‍ത്തകളുണ്ടായിരുന്നെങ്കിലും ഇത് ഇതുവരെ സ്ഥിരീകരിക്കപ്പെട്ടിട്ടില്ല.

റസീന എന്ന ഈ മലയാളി സ്ത്രീ ശ്രീലങ്കന്‍ പൗരയാണെന്നാണ് ഒടുവില്‍ ലഭിക്കുന്ന വിവരങ്ങള്‍ പറയുന്നത്. കൊല്ലപ്പെട്ടവരിലധികവും ശ്രീലങ്കന്‍ പൗരന്മാരാണ്. ഒരു ചൈനീസ് പൗരന്‍, ഒരു പോര്‍ച്ചുഗീസ് പൗരന്‍, രണ്ട് തുര്‍ക്കിക്കാര്‍ എന്നിങ്ങനെയാണ് കൊല്ലപ്പെട്ട വിദേശികളെക്കുറിച്ച് വരുന്ന വിവരങ്ങള്‍. കൊല്ലപ്പട്ട രണ്ട് ഇന്ത്യന്‍ പൗരന്മാരുടെ പേരുകള്‍ ഇന്ത്യ സ്ഥിരീകരിച്ചു.


 


പ്രധാന വാർത്തകൾ
 Top