19 November Tuesday

നെഹ്‌റു കുടുംബത്തിന്റെ എസ്പിജി സുരക്ഷ പിന്‍വലിക്കാനൊരുങ്ങി കേന്ദ്രം

വെബ് ഡെസ്‌ക്‌Updated: Friday Nov 8, 2019

ന്യൂഡല്‍ഹി>  കോൺഗ്രസ്‌ അധ്യക്ഷ സോണിയ ഗാന്ധിക്കും മക്കളായ രാഹുലിനും പ്രിയങ്കയ്‌ക്കും നൽകിവന്നിരുന്ന ‘സ്പെഷ്യൽ പ്രൊട്ടക്ഷൻ ഗ്രൂപ്പ്‌’ (എസ്‌പിജി) സുരക്ഷ കേന്ദ്ര സർക്കാർ പിൻവലിച്ചു. മൂന്നുപേർക്കും പ്രത്യക്ഷത്തിൽ ഭീഷണിയില്ലെന്ന സുരക്ഷാവിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ്‌ നടപടി. സിആർപിഎഫ്‌ നൽകുന്ന ഇസഡ്‌ പ്ലസ്‌ സുരക്ഷ തുടരും.  കേന്ദ്ര നടപടിയെ കോൺഗ്രസ്‌ വിമർശിച്ചു. മുൻപ്രധാനമന്ത്രി മൻമോഹൻ സിങിനുള്ള എസ്‌പിജി സുരക്ഷ കേന്ദ്രം നേരത്തെ പിൻവലിച്ചിരുന്നു. എസ്‌പിജി സുരക്ഷ പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക്‌ മാത്രമാക്കും.

ഇന്ദിരാഗാന്ധി അംഗരക്ഷകരുടെ വെടിയേറ്റ്‌ കൊല്ലപ്പെട്ടതിനെ തുടർന്ന്‌ 1985 ൽ ആണ്‌ പ്രധാനമന്ത്രിമാരുടെ സംരക്ഷണത്തിന്‌ എസ്‌പിജിയെന്ന പേരിൽ പ്രത്യേക സുരക്ഷാവിഭാഗം ആരംഭിച്ചത്‌. രാജീവ്‌ ഗാന്ധി കൊല്ലപ്പെട്ടതിന്‌ ശേഷം 1991 സെപ്‌തംബറിൽ നിയമത്തിൽ ഭേദഗതി കൊണ്ടുവന്നാണ്‌ കുടുംബത്തിനും എസ്‌പിജി സുരക്ഷ ഉറപ്പുവരുത്തിയത്‌. 28 വർഷം തുടർന്ന സുരക്ഷയാണ്‌ ഇപ്പോൾ പിൻവലിച്ചത്‌.

വിവിധ സുരക്ഷാഏജൻസികളുടെ വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ്‌ സോണിയയ്‌ക്കും മറ്റുമുള്ള സുരക്ഷ പിൻവലിച്ചത്‌. ഈ വിവരം സോണിയയെ സർക്കാർ ഔദ്യോഗികമായി അറിയിച്ചിട്ടില്ല. സിആർപിഎഫ്‌ ഒരുക്കുന്ന ഇസഡ്‌ പ്ലസ്‌ സുരക്ഷപ്രകാരം സേനാ കമാണ്ടോകളുടെ അടുത്ത സാമീപ്യം എപ്പോഴും വിവിഐപികൾക്കുണ്ടാകും. ഇതോടൊപ്പം വീട്ടുകാവലുമുണ്ടാകും. രാജ്യത്തുടനീളം യാത്രയിൽ അനുഗമിക്കും. എസ്‌പിജി സംരക്ഷണമുള്ളവർക്ക്‌ കാവലിന്‌ പുറമെ അത്യാധുനിക വാഹനങ്ങൾ, ജാമറുകൾ, ആംബുലൻസുകൾ എന്നിവയുമുണ്ടാകും.

രാഹുൽ ഗാന്ധി നടത്തിയ 156 വിദേശയാത്രകളിൽ 143 ലും എസ്‌പിജിയെ ഒപ്പംകൂട്ടിയിരുന്നില്ല. ഈ വിവരം പുറത്തുവന്നതിന്റെ അടിസ്ഥാനത്തിൽ കൂടിയാണ്‌ എസ്‌പിജി സംരക്ഷണം പിൻവലിക്കൽ.


പ്രധാന വാർത്തകൾ
 Top