11 July Saturday

വിദ്യാർഥികളുൾപ്പെടെ മലയാളികളുമായി ഡൽഹിയിൽ നിന്നും സ്‌‌പെഷ്യൽ ട്രെയിൻ ഇന്ന് പുറപ്പെടും

വെബ് ഡെസ്‌ക്‌Updated: Tuesday May 19, 2020

ന്യൂഡൽഹി > ഡൽഹിയിലും സമീപ സംസ്ഥാനങ്ങളിലും കുടുങ്ങിയ വിദ്യാർഥികടക്കമുള്ള മലയാളികളുമായി കേരളത്തിലേയ്‌ക്കുള്ള സ്‌പെഷ്യൽ ട്രെയിൻ ഇന്ന് വൈകിട്ട് ആറിന് ന്യൂഡൽഹി റെയിൽവേ സ്റ്റേഷനിൽ നിന്ന് പുറപ്പെടും. സംസ്ഥാന സർക്കാരിന്റെ ആവശ്യപ്രകാരം നോൺ എസി ട്രെയിനാണ് സർവീസ് നടത്തുക. നോർക്ക തയാറാക്കിയ അന്തിമ പട്ടികയിൽ 1304 പേരുണ്ട്.  971 പേർ ഡൽഹിയിൽ നിന്നും 333 പേർ ഉത്തർപ്രദേശ്, ജമ്മു കാശ്മീർ, ഹരിയാന, ഹിമാചൽ പ്രദേശ്, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിൽ നിന്നുമാണുള്ളത്. ഓൺലൈനായി നോർക്കയിലും സ്‌ക്രീനിങ് സെന്ററുകളിൽ നേരിട്ടും പണമടയ്ക്കാം. 

ഡൽഹിയിൽ നിന്നുള്ള യാത്രക്കാർ ബുധനാഴ്ച രാവിലെ ഒമ്പതിന് പരിശോധനയ്ക്കായി നിഷ്‌കർഷിച്ചിട്ടുള്ള സ്‌ക്രീനിംഗ് സെന്ററുകളിലെത്തണം.  ജില്ലാടിസ്ഥാനത്തിലുള്ള 12 സ്‌ക്രീനിംഗ് സെന്ററുകളിൽനിന്ന്  ഇവരെ ഡൽഹി സർക്കാർ ഏർപ്പെടുത്തുന്ന വാഹനങ്ങളിൽ റെയിൽവേ സ്റ്റേഷനിൽ എത്തിക്കും. മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ളവർ അതത് സർക്കാരുകളുടെ നിർദ്ദേശം പാലിച്ച് എക്‌സിറ്റ് പാസുമായി കാനിംഗ് റോഡിലുള്ള കേരള സ്‌കൂളിൽ എത്തി സ്‌ക്രീനിംഗിന് എത്തണം. സ്‌ക്രീനിംഗിനു ശേഷം ഇവർ വന്ന വാഹനത്തിൽ തന്നെ റെയിൽവേ സ്റ്റേഷനിൽ എത്തണം. ടിക്കറ്റിനുള്ള പണം ഓൺലൈനായി അടയ്ക്കാൻ കഴിയാത്തവർക്ക് സ്‌ക്രീനിംഗിന് ഹാജരാകുന്ന സെന്ററിൽ നേരിട്ടടയ്ക്കാനും നോർക്ക സംവിധാനം ഒരുക്കി.

ഹിമാചൽപ്രദേശ്, ജമ്മു  കാശ്മീർ, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിൽ നിന്നുള്ളവർക്കായി ഒരു കൗണ്ടറാണുള്ളത്. ഇവർ രാവിലെ 10ന് കൗണ്ടറിൽ എത്തണം. ഹരിയാനയ്ക്കായുള്ള കൗണ്ടറിൽ 11 മുതലും യുപിയ്ക്കുള്ള കൗണ്ടറിൽ 12 മുതലും ടിക്കറ്റുകൾ വിതരണം ചെയ്യും. 975 രൂപയാണ് അടയ്‌ക്കേണ്ടത്.

കേരള സ്‌കൂളിൽ എത്തുന്നവർക്ക് അന്നേ ദിവസത്തെ ഭക്ഷണം ഡൽഹിയിലെ മലയാളി സംഘടനകളും അതത് ജില്ലകളിലെ സ്‌ക്രീനിംഗ് സെന്ററുകളിൽ എത്തുന്നവർക്ക് ഡൽഹി സർക്കാരും നൽകും. യാത്രക്കാർ രണ്ടു ദിവസത്തെ യാത്രയ്ക്കുള്ള ഭക്ഷണവും വെള്ളവും സാനിറ്റൈസർ, മാസ്‌ക് തുടങ്ങിയവയും കരുതണം. ട്രെയിനിനകത്തും പുറത്തും സാമൂഹിക അകലം പാലിക്കണം.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top