25 August Sunday

സോൻഭദ്ര കൂട്ടക്കുരുതി: നാടുവാഴിത്തത്തിന്റെ പുനഃപ്രതി‌ഷ്ഠ

സ്വന്തം ലേഖകൻUpdated: Sunday Jul 21, 2019

ന്യൂഡൽഹി
സോൻഭദ്ര ജില്ലയിലെ ആദിവാസി കർഷകരുടെ കൂട്ടക്കുരുതി ബിജെപി സർക്കാരിനുകീഴിൽ നാടുവാഴിത്തം പുനഃപ്രതി‌ഷ്ഠിക്കപ്പെടുന്നതിന്റെ തെളിവ‌്. ഭൂമാഫിയക്ക‌് ആദിത്യനാഥ‌് സർക്കാരുമായുള്ള ചങ്ങാത്തത്തിൽ 10 കർഷകർക്കാണ‌് ജീവൻ നഷ്ടമായത‌്. ഏഴ‌് പതിറ്റാണ്ടിലധികം ആദിവാസി കർഷകർ അധ്വാനിച്ചിരുന്ന ഭൂമി തട്ടിയെടുക്കാനുള്ള ഭൂമാഫിയയുടെ നീക്കത്തിന‌് സർക്കാരും പൊലീസും ഉദ്യോഗസ്ഥരും കൂട്ടുനിന്നു.
140 ബീഗാ നിലത്തിന്റെ പേരിൽ

1950ലെ  നാടുവാഴിത്ത നിരോധന നിയമത്തിലെ വ്യവസ്ഥ പ്രകാരം സോൻഭദ്രയിലെ 600 ബീഗാ നിലം ഫലപുഷ്ടിയില്ലാത്ത ഭൂമിയായി കണക്കാക്കി. നാടുവാഴികളുടെ കൈവശമുണ്ടായിരുന്ന ഈ  ഭൂമി ഔദ്യോഗികരേഖകളിൽ ഗ്രാമസഭയുടെ വകയാണ‌്. പിന്നീട‌് ഗോണ്ട‌് സമുദായത്തിലെ  കുടുംബങ്ങൾ അവിടെ കൃഷിചെയ്യാൻ തുടങ്ങി. 1955ൽ 460 ബീഗാ നിലം തഹസിൽദാർ ആദർശ‌് സഹകാരി സമിതിക്ക‌് കൈമാറി. ബിഹാർ കേഡർ ഐഎഎസ‌് ഉദ്യോഗസ്ഥനായിരുന്നു സമിതി പ്രസിഡന്റ‌്. 1966ൽ സഹകാരി സമിതിയുമായുള്ള കരാർ സർക്കാർ റദ്ദാക്കിയെങ്കിലും സർക്കാർ ഭൂമി തിരിച്ച‌് ഏറ്റെടുത്തില്ല.

1989ൽ ഐഎഎസ‌് ഉദ്യോഗസ്ഥൻ മരിച്ചതിന‌് പിന്നാലെ 140 ബീഗാ നിലം അദ്ദേഹത്തിന്റെ ഭാര്യയ‌ുടെയും മകളുടെയും പേരിലേക്ക‌് മാറ്റി. 2017ൽ ഈ നിലം ഗ്രാമപ്രധാൻ യഗ്യാദത്തിനും മറ്റ‌് 10 പേർക്കും വിറ്റു. ബിജെപി സർക്കാർ അധികാരമേറ്റതിന‌്  പിന്നാലെയാണ‌്  ഭൂമാഫിയക്ക‌് ഭൂമി കൈയേറാനുള്ള അവസരം ഒരുങ്ങിയത‌്. പൊതുനിലം തട്ടിയെടുക്കാനുള്ള നീക്കത്തെ 1950കൾ മുതൽ ആദിവാസികർഷകർ എതിർത്തു. ഭൂമി വിൽക്കാതിരിക്കാൻ സ്വകാര്യവ്യക്തികൾക്ക‌് വർഷംതോറും ലഗാൻ (നികുതി) നൽകിയതായി കർഷകർ പറഞ്ഞു. ഭൂമി കൈമാറ്റം അനധികൃതമാണെന്നുകാണിച്ച‌് കർഷകർ 2017ൽ  കേസും നൽകി. തുടർന്ന‌് ആദിവാസികുടുംബങ്ങളെ യഗ്യദത്തിന്റെ ഗുണ്ടകൾ പലവട്ടം ഭീഷണിപ്പെടുത്തി.  കള്ളക്കേസിലും കുടുക്കി.
രക്തത്തിൽ മുങ്ങിയ ബുധൻ

32 ട്രാക്ടറുകളിൽ മുന്നൂറോളം ഗുണ്ടകളുമായി എത്തിയ യഗ്യാദത്ത‌് ഭൂമി കൈയേറി നിലം ഉഴാൻ തുടങ്ങി. ഇതിനെതിരെ ആദിവാസികർഷകർ പ്രതിഷേധം തുടങ്ങിയതോടെ ഗുണ്ടകൾ അക്രമം അഴിച്ചുവിട്ടു. നിരായുധരായ കർഷകർക്ക‌് ഗുണ്ടകളുടെ പക്കൽ തോക്കുള്ളത‌് അറിയില്ലായിരുന്നു. സംഘർഷം ശക്തമായതോടെ ഗുണ്ടകൾ വെടിവയ‌്പ‌് തുടങ്ങി. 10 പേർ കൊല്ലപ്പെട്ടു; 28 പേർക്ക‌് പരിക്കേറ്റു. നിഷ‌്ഠുരമായ കൂട്ടക്കുരുതി നടന്നിടത്തേക്ക‌് കടക്കാൻ സർക്കാർ വിലക്കുള്ളതിനാൽ വിശദാംശങ്ങൾ പുറത്തുവന്നിട്ടില്ല. അതേസമയം, പ്രദേശം സന്ദർശിക്കാനെത്തിയ പ്രിയങ്ക‌ ഗാന്ധിയെ പൊലീസ‌് തടഞ്ഞത‌് മാത്രമാണ‌് മുഖ്യധാരാമാധ്യമങ്ങൾ വാർത്തയാക്കിയത‌്.


പ്രധാന വാർത്തകൾ
 Top