12 November Tuesday

സാമൂഹ്യമാധ്യമങ്ങൾക്ക്‌ ജനുവരിയോടെ നിയന്ത്രണം

സ്വന്തം ലേഖകൻUpdated: Wednesday Oct 23, 2019

ന്യൂഡൽഹി >  സാമൂഹ്യമാധ്യമങ്ങളിലെ ഉള്ളടക്കം നിയന്ത്രിക്കുന്ന നിയമത്തിന്‌ ജനുവരിയോടെ അന്തിമരൂപമാകുമെന്ന്‌ കേന്ദ്രസർക്കാർ. ഫെയ്‌സ്‌ബുക്ക്‌ ഉൾപ്പെടെയുള്ള സാമൂഹ്യമാധ്യമങ്ങളെ കർശനമായി നിയന്ത്രിക്കുന്ന നിയമമാണ്‌ രൂപീകരിക്കുകയെന്നും സർക്കാർ സുപ്രീംകോടതിയെ അറിയിച്ചു. ജനുവരി 15നുള്ളിൽ പുതിയ നിയമത്തിന്റെ അന്തിമരൂപം സർക്കാർ കോടതിയിൽ സമർപ്പിക്കും.

സാമൂഹ്യമാധ്യമങ്ങളിലെ അക്കൗണ്ടുകൾ ആധാറുമായി ബന്ധിപ്പിക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ വിവിധ ഹൈക്കോടതികളിലുള്ള ഹർജികൾ സുപ്രീംകോടതിയിലേക്ക്‌ മാറ്റാൻ ജസ്റ്റിസ്‌ ദീപക്‌ഗുപ്‌ത അധ്യക്ഷനായ ബെഞ്ച്‌ ഉത്തരവിട്ടു. 2020 ജനുവരി അവസാനവാരം സുപ്രീംകോടതിയിലെ അനുയോജ്യമായ ബെഞ്ച്‌ ഹർജികൾ പരിഗണിക്കും.

നിയമത്തിന്‌ അന്തിമരൂപം നൽകാൻ മൂന്നുമാസം സമയം അനുവദിക്കണമെന്ന്‌ സർക്കാർ  സുപ്രീംകോടതിയോട്‌ ആവശ്യപ്പെട്ടിരുന്നു. ഇത്‌ പരിഗണിച്ചാണ്‌  ഹർജികൾ ജനുവരിയിലേക്ക്‌ മാറ്റിയത്‌.

നിയമമുണ്ടാക്കുമ്പോൾ പൗരന്മാരുടെ സ്വകാര്യതകൂടി കണക്കിലെടുക്കണമെന്ന്‌ കോടതി സർക്കാരിനോട്‌  നിർദേശിച്ചിരുന്നു. ഭീകരന്മാർക്കും രാജ്യദ്രോഹികൾക്കും സ്വകാര്യതയ്‌ക്ക്‌ അവകാശമില്ലെന്നായിരുന്നു സർക്കാരിന്റെ പ്രതികരണം. വാട്‌സാപ്‌ ഉൾപ്പെടെയുള്ള സാമൂഹ്യമാധ്യമങ്ങൾ ഉപയോക്താക്കളുടെ സന്ദേശങ്ങൾ സംരക്ഷിക്കാൻ ‘എൻക്രിപ്‌ഷൻ സംവിധാനം’ ഏർപ്പെടുത്തിയത്‌ അംഗീകരിക്കാനാകില്ലെന്നാണ്‌ സർക്കാരിന്റെ വാദം. 

ഹൈക്കോടതികളിലെ ഹർജികൾ സുപ്രീംകോടതിയിലേക്ക്‌ മാറ്റണമെന്ന്‌ ആവശ്യപ്പെട്ട്‌ ഫെയ്‌സ്‌ബുക്കും വാട്‌സാപ്പും സുപ്രീംകോടതിയിൽ ട്രാൻസ്‌ഫർ പെറ്റീഷൻ നൽകിയിരുന്നു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top