05 April Sunday

കശ്‌മീർഭൂമി കൈമാറരുത്‌: യെച്ചൂരി

സ്വന്തം ലേഖകൻUpdated: Thursday Feb 13, 2020

ന്യൂഡൽഹി > ഇതര സംസ്ഥാനങ്ങളിൽനിന്നുള്ള വ്യക്തികൾക്കും ട്രസ്റ്റുകൾക്കും ജമ്മു കശ്‌മീരിലെ സർക്കാർ ഭൂമി വിട്ടുകൊടുക്കാനുള്ള നീക്കത്തിൽനിന്ന്‌ അധികൃതർ പിന്തിരിയണമെന്ന്‌ സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ആവശ്യപ്പെട്ടു. ജമ്മു കശ്‌മീരിന്റെ പ്രത്യേക പദവി എടുത്തുകളയാൻ ഭരണഘടനയുടെ 370–-ാം വകുപ്പും 35എയും ഇല്ലാതാക്കിയതിനെതിരായ ഹർജികൾ സുപ്രീംകോടതിയുടെ പരിഗണനയിലാണ്‌. കോടതി ഇതിൽ തീർപ്പുകൽപ്പിക്കാത്തതിനാൽ ഭൂമികൈമാറ്റമടക്കം അധികൃതർ എടുക്കുന്ന തീരുമാനങ്ങൾക്ക്‌ നിയമസാധുതയില്ലെന്നും -സീതാറാം യെച്ചൂരി വാർത്താസമ്മേളനത്തിൽ പറഞ്ഞു.

പിഡിപി പതാകയുടെ നിറം പച്ചയായതാണ്‌ മെഹ്‌ബൂബ മുഫ്‌തിക്കെതിരെ പൊതുസുരക്ഷാ നിയമം ചുമത്താനുള്ള കാരണങ്ങളിലൊന്നായി അധികൃതർ പറയുന്നത്‌. ദേശീയപതാകയിൽ മൂന്നിലൊന്ന്‌ പച്ചയാണ്‌. ഇത്‌ നീക്കുമോ? വിദേശനയതന്ത്രജ്ഞരെ സർക്കാർ വീണ്ടും കശ്‌മീരിലേക്ക്‌ ആനയിക്കുകയാണ്‌. ഇതേ സമയത്താണ്‌ നേതാക്കൾക്കെതിരെ ഹീനമായ വകുപ്പുകൾ ചുമത്തുന്നതും. ഇന്റർനെറ്റ്‌ നിയന്ത്രണം കാരണം കശ്‌മീരിലെ വിനോദസഞ്ചാരവും വ്യാപാരവും തകർന്നു. ഓൺലൈൻ പണമിടപാടുകൾ നടക്കുന്നില്ല. ജനങ്ങളുടെ ജീവിതമാർഗം അടഞ്ഞു‌. ആറുമാസമായി  ഈ സ്ഥിതിയാണെന്നും യെച്ചൂരി പറഞ്ഞു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top