20 August Tuesday

യുദ്ധോത്സുക ദേശീയവാദം ഐക്യം തകർത്തു: യെച്ചൂരി

സ്വന്തം ലേഖകൻUpdated: Tuesday Mar 5, 2019

ന്യൂഡൽഹി > ബിജെപിയുടെയും സംഘപരിവാറിന്റെയും യുദ്ധോത്സുകമായ ദേശീയവാദം  ഭീകരവാദത്തിനെതിരെ രാജ്യത്ത‌്  ഉയർന്നുവന്ന  ഐക്യത്തെ  തകർത്തതായി സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. ഭീകരതയ‌്ക്കെതിരായ പോരാട്ടം ഇന്ത്യക്കാരും കശ‌്മീരികളും തമ്മിലും  ഇന്ത്യക്കാരും മുസ്ലിങ്ങളും തമ്മിലുമുള്ള സംഘർഷമാണെന്ന‌് വരുത്താൻ ബിജെപിയും കേന്ദ്രസർക്കാരും  ശ്രമിക്കുന്നു. ദേശീയഐക്യത്തിന‌് തുരങ്കംവയ്ക്കുന്ന ഇത്തരം നടപടികളെ ഡൽഹിയിൽ രണ്ട‌് ദിവസമായി ചേർന്ന സിപിഐ എം കേന്ദ്രകമ്മിറ്റി യോഗം അപലപിച്ചതായി സീതാറാം യെച്ചൂരി വാർത്താസമ്മേളനത്തിൽ പറഞ്ഞു.

പുൽവാമ സംഭവത്തിനുശേഷം ഭീകരത‌യ‌്ക്കെതിരെ രാജ്യമൊന്നാകെ മുന്നോട്ടുവന്നതാണ‌്. ഇതിനെ ശക്തിപ്പെടുത്തുന്നതിനുപകരം  ആക്രമണോത്സുകമായ  ദേശീയവാദം പ്രചരിപ്പിക്കാനാണ‌് സംഘപരിവാർ ശ്രമിച്ചത‌്. തെരഞ്ഞെടുപ്പ‌്  ലക്ഷ്യമിട്ട‌്  രാഷ‌്ട്രീയ നേട്ടമുണ്ടാക്കാൻ ബിജെപിയും. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ കശ‌്മീരികൾക്കെതിരെ ആക്രമണമുണ്ടായി. ജമ്മു കശ‌്മീരിനു പ്രത്യേക പദവി നൽകുന്ന ഭരണഘടനയുടെ 370–-ാം വകുപ്പും 35 എയും എടുത്തുകളയണമെന്ന‌് ആഹ്വാനമുയർന്നു. ഭീകരതയ‌്ക്കെതിരെ ഇന്ത്യക്കാർ നടത്തേണ്ട പോരാട്ടത്തെ  വർഗീയധ്രുവീകരണം വളർത്തുന്നതിലേക്ക‌് വഴിതിരിച്ചുവിടാൻ ഇതെല്ലാം കാരണമായി.

പുൽവാമയ‌്ക്കുശേഷം പാകിസ്ഥാൻ അതിർത്തിയിൽ ഇന്ത്യൻസേന നടത്തിയ  വ്യോമാക്രമണം, അടുത്ത ദിവസം പാകിസ്ഥാനിൽനിന്നുണ്ടായ ആക്രമണം, വിങ‌് കമാൻഡർ അഭിനന്ദന്റെ  മോചനം എന്നിവയുടെ സാഹചര്യത്തിൽ ഭീകരസംഘടനകളെ അമർച്ചചെയ്യാനും അതിർത്തികടന്നുള്ള ഭീകരപ്രവർത്തനത്തിനു അറുതിവരുത്താനും  പാകിസ്ഥാനുമേൽ ഇന്ത്യ രാജ്യാന്തര നയതന്ത്രസമ്മർദം ശക്തമാക്കണം.

മോഡിയുടെ കശ‌്മീർനയം പൂർണ പരാജയം

മോഡിസർക്കാരിന്റെ കശ‌്മീർനയം പൂർണ പരാജയമാണ‌്. അഞ്ച‌്‌ വർഷത്തിനുള്ളിൽ ഭീകരാക്രമണങ്ങളുടെ എണ്ണത്തിൽ 176 ശതമാനം വർധനയുണ്ടായി. കൊല്ലപ്പെട്ട സുരക്ഷാഭടന്മാരുടെ എണ്ണത്തിലുണ്ടായ വർധന 93 ശതമാനമാണ‌്. 2014–-18 കാലത്ത‌് ഓരോമാസവും ശരാശരി 11 ഭീകരർ നുഴഞ്ഞുകയറി.
ഏറ്റവും അപകടകരമായത‌് ഭീകരസംഘടനകളിൽ ചേരുന്ന കശ‌്മീരിയുവാക്കളുടെ എണ്ണത്തിലുണ്ടായ വർധനയാണ‌്‌. 2013ൽ 16 പേരാണ‌് ഭീകരസംഘങ്ങളിൽ ചേർന്നതെങ്കിൽ 2018ൽ ഇവരുടെ എണ്ണം 164 ആയി. ജമ്മു–-കശ‌്മീരിലെ എല്ലാ വിഭാഗങ്ങളുമായും രാഷ്ട്രീയചർച്ചയ‌്ക്ക‌് തുടക്കംകുറിക്കുമെന്നും അവരിൽ വിശ്വാസം വളർത്താനുള്ള നടപടികൾ സ്വീകരിക്കുമെന്നും നൽകിയ വാഗ‌്ദാനം മോഡിസർക്കാർ പാലിക്കാതിരുന്നതാണ‌് കശ‌്മീരിയുവാക്കളുടെ അകൽച്ചയ‌്ക്ക‌് കാരണമായത‌്.

ഉറി  ഭീകരാക്രമണത്തിനുശേഷം ഇന്ത്യൻസൈന്യം നടത്തിയ മിന്നലാക്രമണത്തിനും ഭീകരാക്രമണങ്ങൾക്ക‌് അന്ത്യം കുറിക്കാനായില്ല. പക്ഷപാതപരമായ തെരഞ്ഞെടുപ്പ‌് നേട്ടങ്ങൾക്കുവേണ്ടി പ്രധാനമന്ത്രിയും മറ്റു ബിജെപി നേതാക്കളും ഈ വിഷയം രാഷ്ട്രീയവൽക്കരിക്കുകയും ഭീകരതയ‌്ക്കെതിരായി  ഇന്ത്യക്കാർ നടത്തേണ്ട  ഒറ്റക്കെട്ടായ പോരാട്ടത്തെ തടസ്സപ്പെടുത്തുകയുമാണ‌്.

സാമ്പത്തികവളർച്ച ഏറ്റവും താഴ‌്ന്ന നിരക്കിൽ


മർമപ്രധാനമായ വിഷയങ്ങളിൽനിന്ന‌് ജനങ്ങളുടെ  ശ്രദ്ധ തിരിച്ചുവിടാനാണ‌് കേന്ദ്ര സർക്കാരിന്റെ ശ്രമം. 2018–-19ൽ സാമ്പത്തികവളർച്ച അഞ്ച‌ുവർഷത്തെ ഏറ്റവും താഴ‌്ന്ന നിരക്കിലായി; ഏഴ‌് ശതമാനംമാത്രം. 2018ലെ അവസാനപാദത്തിൽ വളർച്ച വീണ്ടും ഇടിഞ്ഞ‌് 6.6 ശതമാനമായി. തൊഴിലില്ലായ‌്മ കൂടുതൽ രൂക്ഷമാകുന്ന സാഹചര്യത്തിലേക്ക‌് സമ്പദ‌്ഘടന നീങ്ങുകയാണ‌്.

കാർഷികതകർച്ചയും വഷളാകുന്നു. 2017–-18നും 2018–-19നും ഇടയിൽ കാർഷികമേഖലയിലുണ്ടായ മൊത്തം മൂല്യത്തിൽ 46 ശതമാനം ഇടിവാണ‌് സംഭവിച്ചത‌്–- യെച്ചൂരി പറഞ്ഞു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top