31 March Tuesday

കേന്ദ്ര ധനമന്ത്രി പ്രഖ്യാപിച്ച സാമ്പത്തിക പാക്കേജ്‌ അപര്യാപ്‌തം: യെച്ചൂരി

സ്വന്തം ലേഖകൻUpdated: Friday Mar 27, 2020

ന്യൂഡൽഹി
കോവിഡ്‌ വ്യാപനം തടയുന്നതിനായുള്ള അടച്ചുപൂട്ടലിന്റെ പശ്‌ചാത്തലത്തിൽ കേന്ദ്ര ധനമന്ത്രി പ്രഖ്യാപിച്ച സാമ്പത്തിക പാക്കേജ്‌ അപര്യാപ്‌തമാണെന്ന്‌ സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. കോവിഡ്‌ സമൂഹ വ്യാപിയായി മാറുന്നത്‌ തടയുകയെന്ന ലക്ഷ്യത്തെ പരാജയപ്പെടുത്തുന്നതാണ്‌ ധനമന്ത്രിയുടെ പാക്കേജെന്ന്‌ യെച്ചൂരി ട്വിറ്ററിൽ കുറിച്ചു. സമയം അൽപ്പം പോലും പാഴാക്കാനില്ല. രണ്ടുമാസത്തെ സാവകാശമുണ്ടായിട്ടും യാതൊരു ആസൂത്രണവും കൂടാതെ കേന്ദ്രം പ്രഖ്യാപിച്ച അടച്ചിടൽ ഒട്ടേറെ ജീവിതങ്ങളെ കീഴ്‌മേൽ മറിച്ചു.

ധനകമ്മി പ്രശ്‌നത്തിൽ കടിച്ചിരിക്കേണ്ട ഘട്ടമല്ലിത്‌. സമ്പന്നർക്ക്‌ 7.78 ലക്ഷം കോടി രൂപയുടെ നികുതി ഇളവ് അനുവദിച്ച സർക്കാരാണിത്‌. വിഭവങ്ങൾക്ക്‌ പഞ്ഞവുമില്ലെന്ന്‌ ഇതിൽ നിന്ന്‌ വ്യക്തം. മനുഷ്യജീവനുകൾ രക്ഷിക്കുന്നതിനും മഹാമാരിയെ പരാജയപ്പെടുത്തുന്നതിനുമാണ്‌ മുൻഗണന വേണ്ടത്‌–- യെച്ചൂരി കുറിച്ചു.
പ്രധാനമന്ത്രിയുടെ വീടടക്കം നവീകരിക്കാൻ ലക്ഷ്യമിട്ടുള്ള 20000 കോടിയുടെ ‘കേന്ദ്രവീഥി’ പദ്ധതി ഉപേക്ഷിക്കണമെന്നും ആ പണം കോവിഡ്‌ വിരുദ്ധ പ്രവർത്തനങ്ങൾക്കായി ചെലവഴിക്കണമെന്നും  യെച്ചൂരി നിര്‍ദേശിച്ചു.

അയ്യായിരം  വീതം നല്‍കണം-

ബിപിഎൽ–- എപിഎൽ വ്യത്യാസമില്ലാതെ എല്ലാവർക്കും ഒരു മാസത്തെ സൗജന്യ റേഷൻ അനുവദിക്കണമെന്ന്‌ സിപിഐ എം ട്വിറ്ററിൽ കുറിച്ചു. എല്ലാ ജൻധൻ അക്കൗണ്ടുകളിലും അയ്യായിരം രൂപ വീതം നിക്ഷേപിക്കണം. കോവിഡ്‌ പ്രതിരോധത്തിൽ കേരള മാതൃക പിന്തുടരണം. ദരിദ്രർക്കായി അടിയന്തര പദ്ധതി പ്രഖ്യാപിക്കണം. പൊതുആരോഗ്യ സംവിധാനം ശക്തിപ്പെടുത്തുന്നതിനായി കൂടുതൽ പണം ചെലവഴിക്കണം.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top