29 February Saturday

ഗുജറാത്ത് സെൻട്രൽ യൂണിവേഴ്സിറ്റിയിൽ എബിവിപി കോട്ട തകർത്ത്‌ എസ്എഫ്ഐ സഖ്യത്തിന്‌ വൻവിജയം

വെബ് ഡെസ്‌ക്‌Updated: Friday Jan 24, 2020

ന്യൂഡൽഹി >  ഗുജറാത്ത്‌ കേന്ദ്ര സർവകലാശാല വിദ്യാർഥി കൗൺസിൽ തെരഞ്ഞെടുപ്പിൽ മത്സരം നടന്ന അഞ്ചിൽ നാല്‌ സീറ്റുകളിലും എസ്‌എഫ്‌ഐ–ബാപ്‌സ–എൽഡിഎസ്‌എഫ്‌ സഖ്യത്തിന്‌ ജയം. അഞ്ച്‌ കൗൺസിൽ സീറ്റിലും എബിവിപി തോറ്റു.

 എസ്‌എഫ്‌ഐ സ്ഥാനാർത്ഥി ചിത്തരഞ്ജൻ സ്‌കൂൾ ഓഫ്‌ ലാഗ്വേജസിലും എൽഡിഎസ്‌എഫ്‌ സ്ഥാനാർഥി പ്രാചി ലോഖണ്ടെ സ്‌കൂൾ ഓഫ്‌ ഇന്റർനാഷണൽ സ്‌റ്റഡീസിലും ബാപ്‌സ സ്ഥാനാർഥി അഷ്റഫ് ദിവാൻ സ്‌കൂൾ ഓഫ്‌ സോഷ്യൽ സയൻസസിലും സ്വതന്ത്ര ഇടത് സ്ഥാനാർഥി വിജേന്ദർ സ്‌കൂൾ ഓഫ്‌ ലൈബ്രറി സയൻസസിലും കൗൺസിലർമാരായി ആയി തിരഞ്ഞെടുക്കപ്പെട്ടു. സ്‌കൂൾ ഓഫ്‌ എൻവയോൺമെന്റൽ സയൻസിൽ എബിവിപിക്കെതിരെ മത്സരിച്ച വിമത സ്ഥാനാർഥി തരുൺ ജയിച്ചു.  

 സർവകലാശാലയിൽ ഏറ്റവും അധികം വിദ്യാർഥികളുള്ള സ്‌കൂൾ ഓഫ്‌ ലാഗ്വേജസാണ്‌ എബിവിപിയിൽനിന്നും എസ്‌എഫ്‌ഐ പിടിച്ചെടുത്തത്‌.  സംസ്ഥാനത്ത്‌ എസ്‌എഫ്‌ഐ കമ്മറ്റികൾ രൂപീകരിച്ചതിന് ശേഷം സർവകലാശാല കൗൺസിലിലേക്ക്‌  നടന്ന ആദ്യ തിരഞ്ഞെടുപ്പിലാണ്‌ ഉജ്ജ്വല നേട്ടം. ഭരണഘടനയുടെ ആമുഖം വായിച്ച്‌ വിദ്യാർഥികൾ വിജയം ആഘോഷിച്ചു.

 ക്യാമ്പസിൽ ആഹ്ലാദ പ്രകടനവും നടന്നു.  പ്രവർത്തന സ്വാതന്ത്ര്യം നിഷേധിക്കുന്ന എബിവിപിയുടെ ഭീഷണികളും കടന്നാക്രമണങ്ങളും മറികടന്നാണ്‌ വിജയം നേടിയതെന്ന്‌ എസ്‌എഫ്‌ഐ പ്രവർത്തകർ പറഞ്ഞു. പൗരത്വ ഭേദഗതി നിയമം, ജെഎൻയുവിനും ജാമിയയ്‌ക്കുമെതിരെ നടന്ന ആക്രമണങ്ങൾ എന്നിവയ്‌ക്കെതിരെ ഗുജറാത്ത്‌ കേന്ദ്രസർവകലശാലയിൽ നടന്ന തുടർ സമരങ്ങളാണ്‌ എബിവിപി വിരുദ്ധ നിലപാടുകൾക്ക്‌ ശക്തി പകർന്നതെന്നും വിദ്യാർഥികൾ പറഞ്ഞു. കൗൺസിൽ പ്രസിഡന്റ്‌, സെക്രട്ടറി തെരഞ്ഞെടുപ്പ്‌ അടുത്ത ആഴ്‌ച നടക്കും.
 


പ്രധാന വാർത്തകൾ
 Top