06 July Wednesday
മോദി സർക്കാർ അധികാരത്തിലെത്തിയശേഷം രാജ്യദ്രോഹകേസുകള്‍ കുതിച്ചുയര്‍ന്നു

രാജ്യദ്രോഹനിയമത്തിന്റെ ദുരുപയോ​ഗം : ആറു വര്‍ഷത്തില്‍ 326 കേസ് ശിക്ഷിച്ചത് ആറുപേരെ

വെബ് ഡെസ്‌ക്‌Updated: Thursday May 12, 2022


മോദി സർക്കാർ അധികാരത്തിലെത്തിയതോടെ  രാജ്യദ്രോഹനിയമം വ്യാപകമായി ദുരുപയോഗം ചെയ്യപ്പെട്ടതിന് ആഭ്യന്തര മന്ത്രാലയത്തിന്റെ കണക്കുകള്‍ തെളിവ്. 2014 മുതൽ 2019വരെ വ്യാപകമായി കേസെടുത്തെങ്കിലും ശിക്ഷ നാമമാത്രം. ആറു വർഷത്തിൽ 326 കേസെടുത്തു. ശിക്ഷിച്ചത്‌ ആറു പേരെ. കോടതി കുറ്റക്കാരാണെന്ന്‌ കണ്ടെത്തിയത്‌ പ്രതികളില്‍ 1.84ശതമാനംപേരെ മാത്രം. അന്വേഷണ ഏജൻസികൾ യഥാസമയം കുറ്റപത്രം നൽകി വിചാരണ തുടങ്ങാറില്ല. 326ല്‍ 142 കേസിലാണ്‌ കുറ്റപത്രം നൽകിയത്‌(43.25ശതമാനം). 2014ൽ രജിസ്‌റ്റർ ചെയ്‌ത 47 കേസിൽ 33ലും കുറ്റപത്രം നൽകിയില്ല. കൂടുതൽ കേസ്‌ അസമിലാണ്‌–- 54. ഇതിൽ ഒരാളും ശിക്ഷിക്കപ്പെട്ടില്ല.

നിരവധി ‘രാജ്യദ്രോഹ'കേസ്‌ അപ്രസക്തമാകും
ബിജെപി സർക്കാർ എതിർസ്വരത്തിന്‌ കൂച്ച്‌വിലങ്ങിടാൻ ഉപയോഗിച്ച നിയമമാണ്‌ സുപ്രീംകോടതി മരവിപ്പിച്ചത്‌. സമൂഹമാധ്യമങ്ങളിൽ അഭിപ്രായം പറഞ്ഞതിന്‌ പോലും നിരവധി പേരുടെ പേരിൽ രാജ്യദ്രോഹക്കുറ്റം ചുമത്തി. ഹാഥ്‌‌രസിൽ മാധ്യമപ്രവർത്തകരുൾപ്പെടെ 18 പേർക്കെതിരെ 22 കേസെടുത്തു.

പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിച്ചതിന് 25 കേസിലായി 3700 പേരെ പ്രതിചേർത്തു. ജാർഖണ്ഡിലെ പ്രക്ഷോഭത്തിന്റെ പേരിൽ ആദിവാസികൾക്കെതിരെയും കേസെടുത്തു. പട്ടീധാർ, ജാട്ട് സമരക്കാരെയും പ്രതികളാക്കി.

കർഷക സമരത്തെ പിന്തുണച്ച ആക്ടിവിസ്റ്റായ ദിഷാ രവിക്കെതിരെ രാജ്യദ്രോഹം ചുമത്തി. ജെഎൻയു വിദ്യാർഥികളായ ഉമർ ഖാലിദ്, കനയ്യ കുമാർ എന്നിവർക്കെതിരെ കേസെടുത്തു. പൗരത്വ നിയമ ഭേദഗതിക്കെതിരെ സംസാരിച്ച ഡോ. കഫീൽ ഖാൻ, ആദിവാസികൾക്കെതിരായ അതിക്രമത്തിൽ പ്രതികരിച്ച ഫാ. സ്റ്റാൻ സ്വാമി ചലച്ചിത്ര പ്രവർത്തക ആയിഷ സുൽത്താന തുടങ്ങിയവരെയും വേട്ടയാടി. 2010ൽ കശ്മീരിലെ പ്രക്ഷോഭത്തെ പിന്തുണച്ച അരുന്ധതി റോയിക്കെതിരെ ഇതേ കുറ്റം ചുമത്തി. ഇതേ വർഷം ഡോ. ബിനായക് സെനിനെ ജീവപര്യന്തം തടവിന്‌ ശിക്ഷിച്ചു. കർണാടകയില്‍ സി‌എ‌എ വിരുദ്ധ നാടകത്തിൽ 11 വയസ്സുള്ള മകൾ അഭിനയിച്ചതിന്‌ അമ്മയുടെ പേരിൽ രാജ്യദ്രോഹക്കുറ്റം ചുമത്തി.

യുഎപിഎയും ദദ്ദാക്കണമെന്ന ആവശ്യം ശക്തം
ബ്രിട്ടീഷ്‌ഭരണകാലത്ത്‌ കൊണ്ടുവന്ന രാജ്യദ്രോഹവകുപ്പ്‌ സുപ്രീംകോടതി മരവിപ്പിച്ചതോടെ യുഎപിഎ റദ്ദാക്കണമെന്ന ആവശ്യവും ശക്തമാകുന്നു. രണ്ടാം യുപിഎ സർക്കാരാണ്‌ ഭീകരപ്രവർത്തനം തടയാനെന്ന പേരിൽ വീണ്ടുവിചാരമില്ലാതെ യുഎപിഎ നടപ്പാക്കിയത്‌. ഇത്‌ ദുരുപയോഗം ചെയ്യപ്പെടുമെന്ന്‌ സിപിഐ എം അടക്കം ഇടതുപക്ഷപാർടികൾ അന്നേ ചൂണ്ടിക്കാണിച്ചതാണ്‌. പൗരന്മാർക്ക്‌ ഭരണഘടന വാഗ്‌ദാനം ചെയ്യുന്ന അവകാശം കണ്ണടച്ച്‌ നിഷേധിക്കുന്ന നിയമമാണ്‌ യുഎപിഎ. ഇതിൽ ഭീകരവാദത്തിന്‌ അവ്യക്തമായ നിർവചനമാണുള്ളത്‌. ഇതനുസരിച്ച്‌ ജയിലിലാകുന്നവർ വിചാരണപോലും സാധ്യമാകാതെ വർഷങ്ങൾ കഴിയേണ്ടിവരുന്നു.

മിക്കപ്പോഴും രാജ്യദ്രോഹക്കുറ്റം ആരോപിക്കപ്പെടുന്നവർക്ക്‌ എതിരെയാണ്‌ യുഎപിഎ ചുമത്താറുള്ളത്‌. 84 വയസ്സുകാരനും രോഗിയുമായിരുന്ന ഫാദർ സ്‌റ്റാൻസ്വാമിപോലും ജാമ്യം നിഷേധിക്കപ്പെട്ട്‌ കസ്‌റ്റഡിയിൽ മരിച്ചു.യുഎപിഎയിലെ ‘ഭീകരവാദത്തിന്‌’ സ്‌പഷ്ടമായ നിർവചനം വേണമെന്നും കേസിൽ ജാമ്യം അനുവദിക്കാൻ തടസ്സം നിൽക്കുന്ന മുൻകാലവിധികൾ പുനഃപരിശോധിക്കണമെന്നുമാണ്‌ ആവശ്യം.

രാജ്യദ്രോഹക്കുറ്റം എടുത്തുകളയണമെന്ന്‌ സ്വാതന്ത്ര്യസമരകാലത്ത്‌ ഉയർന്ന ആവശ്യം യാഥാർഥ്യമാക്കാൻ തുടർന്നുവന്ന കോൺഗ്രസ്‌ സർക്കാർ തയ്യാറായില്ല. മോദിസർക്കാരാകട്ടെ ഏറ്റവും കടുത്ത രാഷ്‌ട്രീയ ആയുധമായി ഇതിനെ ദുരുപയോഗം ചെയ്‌തു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top