22 September Sunday

ചിദംബരത്തിന്‌ ഇടക്കാലസംരക്ഷണം; തിങ്കളാഴ്‌ചവരെ അറസ്‌റ്റ്‌ ചെയ്യരുതെന്ന്‌ സുപ്രീംകോടതി

സ്വന്തം ലേഖകൻUpdated: Friday Aug 23, 2019

ന്യൂഡൽഹി > എൻഫോഴ്‌സ്‌മെന്റ്‌ അറസ്‌റ്റിൽനിന്ന്‌  പി ചിദംബരത്തിന്‌ ഇടക്കാലസംരക്ഷണം. ഐഎൻഎക്‌സ്‌ മീഡിയ കേസിൽ തിങ്കളാഴ്‌ചവരെ അറസ്‌റ്റ്‌ ചെയ്യരുതെന്ന്‌ ജസ്‌റ്റിസ്‌ ആർ ഭാനുമതി, എ എസ്‌ ബൊപ്പണ്ണ എന്നിവർ അംഗങ്ങളായ ബെഞ്ച്‌ നിർദേശിച്ചു. ചിദംബരത്തിന്റെ ഹർജിയിലാണ്‌ സുപ്രീംകോടതി നിർദേശം. എൻഫോഴ്‌സ്‌മെന്റിന്റെ കടുത്ത എതിർപ്പിനെ അവഗണിച്ചാണ്‌ കോടതി നടപടി. എന്നാൽ, സിബിഐ കസ്‌റ്റഡിയിലായതിനാൽ സുപ്രീംകോടതി ഉത്തരവ്‌ ചിദംബരത്തിന്‌ ഗുണംചെയ്യില്ല. തിങ്കളാഴ്‌ച കേസ്‌ സുപ്രീംകോടതി വീണ്ടും പരിഗണിക്കും. സിബിഐ കേസിനെതിരെ സമർപ്പിച്ച ഹർജിയും അന്ന്‌ പരിഗണിക്കും.
സിബിഐ കസ്‌റ്റഡി കാലാവധി തീരുന്നതുവരെ ചിദംബരത്തിന്റെ ഹർജിയിൽ തീരുമാനം എടുക്കരുതെന്ന എൻഫോഴ്‌സ്‌മെന്റിന്റെ ആവശ്യം സുപ്രീംകോടതി പരിഗണിച്ചില്ല. മുദ്രവച്ച കവറിൽ കൈമാറിയ രേഖകളും കോടതി കൈപ്പറ്റിയില്ല. ഗുരുതരസാമ്പത്തിക കുറ്റകൃത്യമായതിനാൽ ഉടൻ അറസ്‌റ്റിന്‌ അവസരമൊരുക്കണമെന്ന്‌ സോളിസിറ്റർ ജനറൽ തുഷാർമെഹ്‌ത  ആവശ്യപ്പെട്ടു. പ്രതിക്ക്‌ 17 വിദേശബാങ്ക്‌ അക്കൗണ്ടുകൾ ഉണ്ടെന്നും വിദേശത്ത്‌ നിരവധി ആസ്തികൾ ഉണ്ടെന്നും മെഹ്‌ത ആരോപിച്ചു.
വാദംകേൾക്കൽ പൂർത്തിയായശേഷം എൻഫോഴ്‌സ്‌മെന്റ്‌ കൈമാറിയ കുറിപ്പിലെ ആരോപണങ്ങൾ ഉദ്ധരിച്ചാണ്‌ ഡൽഹി ഹൈക്കോടതി ജാമ്യം നിഷേധിച്ചതെന്ന്‌ ചിദംബരത്തിനുവേണ്ടി ഹാജരായ കപിൽസിബലും മനു അഭിഷേക്‌സിങ്ങ്‌വിയും വാദിച്ചു. സാമ്പത്തിക കുറ്റകൃത്യങ്ങളിൽ പ്രതികളായ പ്രമുഖർക്ക്‌ മുൻകൂർജാമ്യം ലഭിക്കാത്ത രീതിയിൽ പാർലമെന്റ്‌ നിയമം പാസാക്കണമെന്നത്‌ പോലുള്ള അനാവശ്യപരാമർശങ്ങൾ ജഡ്‌ജിയിൽ നിന്നുണ്ടായി–- അഭിഭാഷകർ വാദിച്ചു. ചിദംബരം സഹകരിക്കുന്നതായും  ഡൽഹി ഹൈക്കോടതിയുടെ ജാമ്യത്തിലായിരുന്നെന്ന വസ്‌തുതയും എൻഫോഴ്‌സ്‌മെന്റിന്റെ എതിർപ്പ്‌ മറികടന്ന്‌ കോടതി രേഖപ്പെടുത്തി. 
അതേസമയം, എയർസെൽ–-മാക്‌സിസ്‌ കേസിൽ ചിദംബരവും മകൻ കാർത്തിയും സമർപ്പിച്ച മുൻകൂർജാമ്യാപേക്ഷകൾ പ്രത്യേകകോടതി വിധി പറയാൻ മാറ്റി. സെപ്‌തംബർ മൂന്നിന്‌ കേസിൽ വിധി പറയുമെന്ന്‌ ജഡ്‌ജി ഒ പി സെയ്‌നി അറിയിച്ചു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top