ന്യൂഡൽഹി > രാജ്യത്ത് മുസ്ലിങ്ങളുടെ എണ്ണം അനിയന്ത്രിതമായി പെരുകുകയാണെന്നും ഹിന്ദുക്കളുടെ നിലനിൽപ്പ് അപകടത്തിലാണെന്നുമുള്ള ബിജെപിയുടെയും സംഘപരിവാറിന്റെയും പ്രചാരണം തെറ്റന്ന് സർവേ റിപ്പോർട്ടുകൾ. 30 വർഷത്തെ ദേശീയ കുടുംബാരോഗ്യ സർവേ റിപ്പോർട്ടുകളാണ് സംഘപരിവാർ പ്രാചരണത്തിന്റെ മുനയൊടിക്കുന്നത്. ഉത്തരേന്ത്യയിൽ വീടുതോറും കയറിയിറങ്ങി സംഘപരിവാർ പ്രവർത്തകർ ‘ഹിന്ദുക്കളുടെ എണ്ണം വർധിപ്പിക്കേണ്ടതിന്റെ പ്രാധാന്യം’ വിശദീകരിക്കുന്നുണ്ട്.
2015–16ലെ റിപ്പോർട്ടുപ്രകാരം രാജ്യത്തെ മുസ്ലിം കുടുംബങ്ങളിലെ കുട്ടികളുടെ ശരാശരി എണ്ണം 2.6 മാത്രമാണ്. ഹിന്ദുകുടുംബങ്ങളിലെ കുട്ടികളുടെ ശരാശരി എണ്ണം 2.1. ഈ തോത് 2005–06ൽ 3.4ഉം 2.6ഉം വീതമായിരുന്നു. 1998–99ൽ 3.6, 2.8. 1992–93ൽ 4.4, 3.3 വീതമായിരുന്നു മുസ്ലിം, ഹിന്ദുകുടുംബങ്ങളിലെ കുട്ടികളുടെ ശരാശരി എണ്ണം. അതായത്, 1992–93ൽ മുസ്ലിം, ഹിന്ദു കുടുംബങ്ങളിലെ കുട്ടികളുടെ എണ്ണത്തിലുള്ള വ്യത്യാസം 33.6 ശതമാനമായിരുന്നെങ്കിൽ 1998–99ൽ ഇത് 29.1 ശതമാനമായി കുറഞ്ഞു. 2005–06ൽ 30.8 ശതമാനമായി തെല്ല് ഉയർന്നെങ്കിലും 2015–16ൽ 23.8 ശതമാനമായി കുറഞ്ഞു.
2011ലെ കനേഷുമാരിപ്രകാരം രാജ്യത്ത് ഹിന്ദുക്കളുടെ എണ്ണം 96.6 കോടിയും മുസ്ലിങ്ങളുടെ എണ്ണം 17.2 കോടിയുമായിരുന്നു. 2001നുശേഷം 10 വർഷത്തിൽ ഹിന്ദുക്കളുടെ എണ്ണം 13.9 കോടി വർധിച്ചപ്പോൾ മുസ്ലിങ്ങളുടെ എണ്ണത്തിലുണ്ടായ വർധന 3.4 കോടിമാത്രം. മുസ്ലിങ്ങൾക്ക് സാമ്പത്തികശേഷി കൂടുതലാണെന്ന പ്രചാരണവും വസ്തുതയ്ക്ക് നിരക്കുന്നതല്ല. ഗ്രാമീണമേഖലയിൽ 41.3 ശതമാനം മുസ്ലിംകുടുംബങ്ങളും ദാരിദ്ര്യരേഖയ്ക്കു താഴെയാണ്. ഹിന്ദുകുടുംബങ്ങളിൽ ഈ നിരക്ക് 37.5 ശതമാനമാണ്. നഗരങ്ങളിൽ 48.5 ശതമാനം മുസ്ലിംകുടുംബങ്ങൾ ദാരിദ്ര്യം അനുഭവിക്കുന്നവരാണ്; ഹിന്ദുകുടുംബങ്ങളിൽ 29.9 ശതമാനവും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള് വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..