20 November Wednesday

അനീതി ചൂണ്ടിക്കാട്ടിയാല്‍ രാജ്യദ്രോഹി: അടൂർ

വെബ് ഡെസ്‌ക്‌Updated: Saturday Oct 5, 2019

തിരുവനന്തപുരം> ഗാന്ധിജിയുടെ പ്രതീകാത്മക രൂപമുണ്ടാക്കി വെടിവച്ചവർ എംപിമാരും അനീതി ചൂണ്ടിക്കാട്ടുന്നവർ രാജ്യദ്രോഹികളും ആകുന്ന നാട്ടിലാണ്‌ നമ്മൾ ജീവിക്കുന്നതെന്ന്‌ സംവിധായകൻ അടൂർ ഗോപാലകൃഷ്‌ണൻ പറഞ്ഞു. രാജ്യത്ത്‌ ആശങ്കാജനകമായ സാഹചര്യമാണ്‌. എന്താണ്‌ നടക്കുന്നതെന്ന്‌ മനസ്സിലാകുന്നില്ല.

ഗാന്ധിജിയുടെ രൂപത്തിനുനേരെ വെടിവച്ചവരെ ഒരു കോടതിയും സർക്കാരും കാണുന്നില്ല. ഗോഡ്‌സെയെ ദൈവമായി പ്രഖ്യാപിച്ച വനിതയും എംപിയാണ്‌. അത്തരക്കാരെ ആരും ജയിലിലടയ്‌ക്കുന്നില്ല. രാജ്യത്ത്‌ ജനാധിപത്യം നിലനിൽക്കുന്നുണ്ടെന്ന വിശ്വാസത്തിലാണ്‌ അനീതി ശ്രദ്ധയിൽപ്പെടുത്താൻ പ്രധാനമന്ത്രിക്ക്‌ കത്തയച്ചത്‌. ഏതെങ്കിലും വ്യക്തിക്കെതിരായ അഭിപ്രായപ്രകടനമല്ലത്‌. വിനീതമായാണ്‌ കത്ത്‌ എഴുതിയത്‌, ധിക്കാരപരമായല്ല. കത്തിൽ ഒപ്പിട്ടവരിൽ ഒരാൾപോലും രാഷ്ട്രീയക്കാരല്ല. മാധ്യമപ്രവർത്തകരും സാംസ്‌കാരിക പ്രവർത്തകരുമാണ്‌.

കത്തിൽ ഉന്നയിച്ച വിഷയത്തിൽ എന്തെങ്കിലും പരിഹാരം കാണുകയാണ്‌ സാധാരണഗതിയിൽ സർക്കാർ ചെയ്യേണ്ടത്‌. അനീതീ ചൂണ്ടിക്കാട്ടിയതിന്റെ പേരിൽ കേസെടുത്തത്‌ ജനാധിപത്യവിരുദ്ധമാണ്‌. കോടതി ഇങ്ങനെയൊരു പരാതി സ്വീകരിച്ചത്‌ അതിശയമുണ്ടാക്കുന്നു. നീതിന്യായ വ്യവസ്ഥയെതന്നെ സംശയിച്ചുപോകുന്ന നടപടിയാണിത്‌.

ചന്ദ്രനിലേക്ക്‌ പോകാൻ പറഞ്ഞവർ ഇനി തന്നോട് ബിഹാർ ജയിലേക്ക് പോകാൻ പറയുമെന്നും അടൂർ പറഞ്ഞു. ആൾക്കൂട്ട കൊലപാതകത്തിനെതിരെ പ്രധാനമന്ത്രിക്ക്‌ കത്തയച്ചതിന്‌ താനടക്കമുള്ളവര്‍ക്കെതിരെ ബിഹാറില്‍ കേസെടുത്തതിനോട്  പ്രതികരിക്കുകയായിരുന്നു അദ്ദേഹം.


പ്രധാന വാർത്തകൾ
 Top