17 June Monday

ബിഹാറിൽ ആർജെഡി സഖ്യം ധാരണയായി

സ്വന്തം ലേഖകൻUpdated: Saturday Mar 23, 2019

ന്യൂഡൽഹി > ബിഹാറിൽ ആർജെഡി നേതൃത്വത്തിലുള്ള സഖ്യത്തിന‌് ധാരണയായി. ആകെയുള്ള 40 സീറ്റിൽ 20 എണ്ണത്തിൽ ആർജെഡി മത്സരിക്കും. കോൺഗ്രസിന‌് ഒമ്പതും രാഷ്ട്രീയ ലോക‌് സമതാ പാർടിക്ക‌് (ആർഎൽഎസ‌്പി) അഞ്ചും സീറ്റ‌്  നീക്കിവച്ചിട്ടുണ്ട‌്. ഹിന്ദുസ്ഥാനി ആവാംമോർച്ച (സെക്കുലർ), വികാശീൽ ഇൻസാൻ പാർടികൾ മൂന്ന‌് സീറ്റിൽ മത്സരിക്കും. സഖ്യത്തിന‌് ജയസാധ്യതയുള്ള ആദ്യ രാജ്യസഭാസീറ്റ‌് കോൺഗ്രസിന‌് നൽകാനും തത്വത്തിൽ ധാരണയായിട്ടുണ്ട‌്.

ഇടതുപാർടികളിൽ സിപിഐ (എംഎൽ) മാത്രമാണ‌് സഖ്യത്തിലുള്ളത‌്.  ആർജെഡിയുടെ 20 സീറ്റിൽ ഒന്ന‌് സിപിഐ –-എംഎല്ലിന‌് നൽകാനാണ‌് തീരുമാനം. ബെഗുസരായിയിൽനിന്ന‌് ആർജെഡി സഖ്യസ്ഥാനാർഥിയായി വിദ്യാർഥി നേതാവ‌് കനയ്യകുമാർ  മത്സരിക്കുമെന്ന‌് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ, സിപിഐ സഖ്യത്തിൽ ഇല്ലാത്തതിനാൽ ഇതിനുള്ള സാധ്യത മങ്ങി. 

ഏപ്രിൽ 11ന‌് നടക്കുന്ന ആദ്യഘട്ട തെരഞ്ഞെടുപ്പിൽ മത്സരിക്കേണ്ട നാല‌് സ്ഥാനാർഥികളുടെ പേരുകളും ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടുണ്ട‌്. ഗയയിൽനിന്ന‌് ബിഹാർ മുൻ മുഖ്യമന്ത്രിയും ഹിന്ദുസ്ഥാനി ആവാം മോർച്ച (സെക്കുലർ) നേതാവുമായ ജിതൻറാം മാഞ്ചി മത്സരിക്കും.  ബിഹാർ മുൻ മുഖ്യമന്ത്രി രാബ‌്റിദേവിയുടെ വസതിയിൽ നടന്ന മാരത്തൺ ചർച്ചകൾക്കൊടുവിലാണ‌് സഖ്യം സംബന്ധിച്ച ധാരണയും ആദ്യഘട്ട തെരഞ്ഞെടുപ്പിൽ മത്സരിക്കേണ്ട സ്ഥാനാർഥികളുടെ പേരുകളും തീർച്ചപ്പെടുത്തിയത‌്.

ആർജെഡി നേതാവ‌് തേജസ്വി യാദവ‌്, ലോക‌്താന്ത്രിക‌് ജനതാദൾ നേതാവ‌് ശരദ‌്‌ യാദവ‌് തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു. ലോക‌്സഭാ തെരഞ്ഞെടുപ്പിൽ ശരദ‌്‌ യാദവ‌് ആർജെഡി ടിക്കറ്റിൽ മത്സരിക്കുമെന്ന‌് സൂചനയുണ്ട‌്. തെരഞ്ഞെടുപ്പിന‌ുശേഷം അദ്ദേഹത്തിന്റെ പാർടി ആർജെഡിയിൽ ലയിച്ചേക്കും.


പ്രധാന വാർത്തകൾ
 Top