18 February Monday

ദരിദ്രര്‍ കൂടുതല്‍ ദരിദ്രരായി, സമ്പന്നര്‍ അതിസമ്പന്നരും; ഇന്ത്യയെ വിഴുങ്ങി 119 സമ്പന്നർ

സ്വന്തം ലേഖകൻUpdated: Tuesday Jan 22, 2019

ന്യൂഡൽഹി > രാജ്യത്തെ അതിസമ്പന്നരുടെ പ്രതിദിന വരുമാനത്തിൽ അതിഭീമമായ വളർച്ച. അതിസമ്പന്നരായ 119 പേരുടെ സ്വത്ത‌് കഴിഞ്ഞവർഷം പ്രതിദിനം 2200 കോടി രൂപവീതം വർധിച്ചു. ഇവരുടെ മൊത്തം ആസ‌്തി 28 ലക്ഷം കോടിയായി. രാജ്യത്തിന്റെ സാമൂഹ്യ ഘടനയെയും ജനാധിപത്യത്തെയും തകർക്കും വിധമാണ‌് സാമ്പത്തിക വളർച്ചയിലെ അന്തരമെന്നും രാജ്യാന്തര സന്നദ്ധ സംഘടനയുടെ പഠന റിപ്പോർട്ട‌് വെളിപ്പെടുത്തുന്നു.

ശതകോടീശ്വരന്മാരുടെ സ്വത്ത‌് രാജ്യത്തിന്റെ വാർഷികബജറ്റ‌് അടങ്കലിനേക്കാൾ കൂടുതലാണ‌്. അതിസമ്പന്നരുടെ സ്വത്ത‌്  39 ശതമാനമാണ‌് വർധിച്ചത‌്.
ജനസംഖ്യയിൽ പകുതിയോളം വരുന്ന ദരിദ്രജനങ്ങളുടെ വരുമാനത്തിൽ  വെറും മൂന്ന‌് ശതമാനം മാത്രമാണ‌്  വർധന. ഏറ്റവും ദരിദ്രരായ 10 ശതമാനം ജനങ്ങൾ 2004നുശേഷം കടക്കെണിയിൽ തുടരുകയാണെന്നും രാജ്യാന്തര സന്നദ്ധസംഘടനയായ ഓക‌്സ‌്ഫാം പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ പറഞ്ഞു.

 വരുമാനത്തിലും സ്വത്തിലും പെരുകുന്ന അസമത്വം സാമൂഹ്യ അസ്വസ്ഥതകൾക്ക‌് കാരണമാകും. കുറ്റകൃത്യങ്ങൾ വർധിക്കും. സ്വത്തിന്റെ ഏറിയപങ്കും ചുരുക്കം വ്യക്തികളിൽ എത്തിച്ചേരുമ്പോൾ മറുവശത്ത‌്  ദരിദ്രർക്ക‌് ഒരു നേരത്തെ ഭക്ഷണം ഉറപ്പില്ലാത്ത അവസ്ഥയാണ‌്– -ഓക‌്സ‌്ഫാം ഇന്ത്യ തലവൻ അമിതാഭ‌് ബെഹർ പറഞ്ഞു.

കഴിഞ്ഞവർഷം രാജ്യത്തിന്റെ മൊത്തം സ്വത്ത‌് 10 ലക്ഷം കോടി രൂപ വർധിച്ചപ്പോൾ മേൽത്തട്ടിലുള്ള ഒരു ശതമാനത്തിന്റെ സ്വത്ത‌ിൽ 39 ശതമാനത്തിന്റെ വർധന ഉണ്ടായി.  നടപ്പുവർഷത്തെ ഇന്ത്യയുടെ പൊതുബജറ്റ‌് അടങ്കൽ 24.42 ലക്ഷം കോടി രൂപയാണ‌്. 119 അതിസമ്പന്നരുടെ മൊത്തം സ്വത്ത‌് ഇപ്പോൾ 28 ലക്ഷം കോടിയും

. മൊത്തം ദേശീയസമ്പത്തിന്റെ 77.4 ശതമാനവും കൈയാളുന്നത‌് ജനസംഖ്യയുടെ 10 ശതമാനം വരുന്ന ഇവരാണ‌്.ഇതിൽ അതിസമ്പന്നരായ ഒരു ശതമാനത്തിന്റെ അധീനതയിലാണ‌് ദേശീയസമ്പത്തിന്റെ 51.53 ശതമാനം. അതിൽ ഒമ്പതുപേർ രാജ്യത്തെ 50 ശതമാനം പേരുടെ കൈവശമുള്ള മൊത്തം സ്വത്തിനു തുല്യമായ ആസ‌്തി കൈയടക്കിയിരിക്കുന്നു. അതിസമ്പന്നരായ 119ൽ ഒമ്പത‌ുപേർ സ‌്ത്രീകളാണ‌്.


പ്രധാന വാർത്തകൾ
 Top