19 June Wednesday

വെസ‌്റ്റ‌് ത്രിപുര മണ്ഡലത്തിൽ 168 ബൂത്തിൽ റീപോളിങ‌്

സ്വന്തം ലേഖകൻUpdated: Thursday May 9, 2019

ന്യൂഡൽഹി
ബിജെപി വ്യാപകമായി വോട്ടെടുപ്പ‌് ക്രമക്കേട‌് നടത്തിയ വെസ‌്റ്റ‌് ത്രിപുര മണ്ഡലത്തിലെ 168 ബൂത്തിൽ റീപോളിങ‌് നടത്താൻ തെരഞ്ഞെടുപ്പ‌് കമീഷൻ തീരുമാനിച്ചു. മെയ‌് 12‌ന‌് ആറാംഘട്ടത്തിൽ വോട്ടെടുപ്പ‌് നടക്കുന്ന മണ്ഡലങ്ങളോടൊപ്പമാണ‌് റീപോളിങ‌്. ബിജെപി പ്രവർത്തകർ വോട്ടർമാരെ തടയുകയും ബൂത്തുകൾ പിടിച്ചെടുക്കുകയും ചെയ‌്തതായി സിപിഐ എം തെരഞ്ഞെടുപ്പ‌് കമീഷന‌് പരാതി നൽകിയിരുന്നു. പൂർണമായ റീപോളിങ്ങായിരുന്നു സിപിഐ എം ആവശ്യപ്പെട്ടത‌്. 

ഏപ്രിൽ 11ന‌് ആദ്യ ഘട്ടത്തിൽ വോട്ടെടുപ്പ‌് നടന്ന വെസ‌്റ്റ‌് ത്രിപുര മണ്ഡലത്തിൽ 83.26 ശതമാനം പോളിങ്ങാണ‌് രേഖപ്പെടുത്തിയത‌്. നൂറുകണക്കിന‌് ബൂത്തുകളിൽ ബിജെപി പ്രവർത്തകർ വോട്ടർമാരെ തടഞ്ഞു. വ്യാപകമായി കള്ളവോട്ട‌് ചെയ‌്തു. മണ്ഡലത്തിലെ പകുതിയോളം വോട്ടർമാർക്ക‌് സമ്മതിദാനാവകാശം രേഖപ്പെടുത്താനായില്ലെന്നും വോട്ടെടുപ്പ‌് റദ്ദാക്കി വീണ്ടും തെരഞ്ഞെടുപ്പ‌് നടത്തണമെന്നും സിപിഐ എം ആവശ്യപ്പെട്ടു. ദൃശ്യങ്ങളും മറ്റും പരിശോധിച്ച കമീഷൻ സംസ്ഥാനത്തെ മുഖ്യ തെരഞ്ഞെടുപ്പ‌് ഓഫീസറോട‌് റിപ്പോർട്ട‌് തേടി. ഇദ്ദേഹത്തിന്റെയും പ്രത്യേക നിരീക്ഷകൻ, റിട്ടേണിങ‌് ഓഫീസർ എന്നിവരുടെയും റിപ്പോർട്ടുകൾ പരിഗണിച്ചാണ‌് തീരുമാനം. ജനപ്രാതിനിധ്യ നിയമത്തിന്റെ 58(2) വകുപ്പുപ്രകാരം 168 ബൂത്തിലെ തെരഞ്ഞെടുപ്പ‌് അസാധുവായി പ്രഖ്യാപിക്കുന്നതായും  12 ന‌് വീണ്ടും വോട്ടെടുപ്പ‌് നടത്താൻ നിർദേശിക്കുന്നതായും കമീഷൻ ഉത്തരവിട്ടു. 

ക്രമക്കേടിനെതുടർന്ന‌് റിട്ടേണിങ‌് ഓഫീസറായിരുന്ന സന്ദീപ‌് മഹാത്മയേയും എഡിജി രാജീവ‌് സിങ്ങിനെയും ചുമതലകളിൽനിന്ന‌് നീക്കിയിരുന്നു. നിരവധി പോളിങ‌് ഉദ്യോഗസ്ഥരെ അറസ‌്റ്റുചെയ‌്തു ജോലിയിൽനിന്ന‌് പിരിച്ചുവിട്ടു. സിറ്റിങ‌് എംപി സിപിഐ എമ്മിന്റെ ശങ്കർപ്രസാദ‌് ദത്തയും ബിജെപിയുടെ പ്രതിമ ഭൗമിക്കും കോൺഗ്രസിന്റെ സുബൽ ഭൗമിക്കുമാണ‌് സ്ഥാനാർഥികൾ.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top