22 September Tuesday

രാമക്ഷേത്ര ട്രസ്‌റ്റ്‌ തലവന്‌ കോവിഡ്‌;ഭൂമിപൂജയില്‍ പങ്കെടുത്തത് മാസ്‌ക്‌ ധരിക്കാതെ ; മോഡിയുമായി വേദി പങ്കിട്ടു

വെബ് ഡെസ്‌ക്‌Updated: Friday Aug 14, 2020

അയോധ്യ ഭൂമിപൂജ ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോഡി മഹന്ത്‌ നൃത്യഗോപാൽ ദാസിനൊപ്പം (ഫയൽ ചിത്രം)


ന്യൂഡൽഹി
അയോധ്യ ഭൂമിപൂജ ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കൊപ്പം വേദിപങ്കിട്ട രാമക്ഷേത്ര ട്രസ്‌റ്റ്‌ തലവൻ മഹന്ത്‌ നൃത്യഗോപാൽ ദാസിന്‌ കോവിഡ്‌. മഥുരയിൽ വ്യാഴാഴ്‌ച ആന്റിജൻ പരിശോധനയിലാണ് എൺപത്തിരണ്ടുകാരന് രോ​ഗം സ്ഥിരീകരിച്ച‌ത്.

മാസ്‌ക് ധരിക്കാതെയാണ്‌ നൃത്യഗോപാൽ ദാസ്‌  ഭൂമിപൂജയില്‍ പങ്കെടുത്തത്‌. ഗവർണർ ആനന്ദിബെൻ പട്ടേൽ, മുഖ്യമന്ത്രി യോഗി ആദിത്യനാഥ്‌, ആർഎസ്‌എസ്‌ തലവൻ മോഹൻ ഭാഗവത്‌ എന്നിവരും ഒപ്പമുണ്ടായിരുന്നു. വ്യാഴാഴ്‌ച മഥുരയിൽ  ശ്രീകൃഷ്‌ണ ജന്മസ്ഥലത്തെ ക്ഷേത്ര വിഗ്രഹത്തിൽ മഹന്ത്‌ പൂജ നടത്തി. നേരിയ പനി അനുഭവപ്പെട്ടപ്പോഴാണ് കോവിഡ് പരിശോധന നടത്തിയത്. മഥുരക്ഷേത്രത്തില്‍ മഹന്തുമായി സമ്പർക്കത്തിൽ വന്നവരെ കണ്ടെത്താന്‍ ശ്രമിക്കുകയാണെന്ന് ജില്ലാ കലക്ടർ സർവഞ്‌ജ രാംമിശ്ര അറിയിച്ചു. 

അയോധ്യയിലെ താൽക്കാലിക ക്ഷേത്ര പൂജാരി പ്രദീപ്‌ ദാസിനും സുരക്ഷാചുമതലയിയുള്ള 14 പൊലീസുകാർക്കും ഭൂമിപൂജയ്‌ക്ക് തൊട്ടുമുന്നോടിയായി കോവിഡ്‌ സ്ഥിരീകരിച്ചു. അയോധ്യ ക്ഷേത്രനിർമാണത്തിനായി വിഎച്ച്‌പി രൂപംകൊടുത്ത രാമജന്മഭൂമി ന്യാസിന്റെ തലപ്പത്ത് 2003മുതല്‍ നൃത്യഗോപാൽ ദാസുണ്ട്. ക്ഷേത്രനിർമാണത്തിനായി കേന്ദ്രം ട്രസ്റ്റ് രൂപീകരിച്ചപ്പോള്‍ തലവനാക്കി.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top