11 August Tuesday

മാധവ്‌ ഗൊഡ്‌ബൊളെ പറയുന്നു ‘രാജീവ്‌ ഗാന്ധി രണ്ടാം കർസേവകൻ‌’

എം പ്രശാന്ത‌്Updated: Sunday Aug 2, 2020

ന്യൂഡൽഹി> ‘രാജീവ്‌ ഗാന്ധിയാണ്‌ രണ്ടാം കർസേവകൻ. ഒന്നാമൻ 1949ൽ പള്ളിയിൽ രാമവിഗ്രഹം ഒളിച്ചുകടത്താൻ സഹായിച്ച ഫൈസാബാദ്‌ ജില്ലാ മജിസ്‌ട്രേട്ട്‌ കെ കെ നായർ. പള്ളി പൊളിച്ചപ്പോൾ യുപി മുഖ്യമന്ത്രിയായിരുന്ന കല്യാൺ സിങ്ങാണ്‌ മൂന്നാമൻ. നാലാം സ്ഥാനത്ത്‌ ആരെന്ന്‌ പറയുക എളുപ്പമല്ല. അന്നത്തെ‌ പ്രധാനമന്ത്രി നരസിംഹ റാവു അടക്കം നിരവധി പേർക്ക് അര്‍ഹതയുണ്ട്‌’–- 1992ൽ സംഘപരിവാർ തീവ്രവാദികൾ ബാബ്‌റി മസ്‌ജിദ്‌ പൊളിച്ചപ്പോൾ കേന്ദ്ര ആഭ്യന്തര സെക്രട്ടറിയായരിന്നു മാധവ്‌ ഗൊഡ്‌ബൊളെയുടെ വാക്കുകളാണിത്‌. കടുത്ത നിയമലംഘനമാണ്‌ നടന്നതെന്ന്‌ ‌ ബോധ്യമുള്ള മനുഷ്യൻ. 1993 മാർച്ചിൽ, 18 മാസം സർവീസ്‌ ശേഷിക്കെ അദ്ദേഹം ജോലി‌ രാജിവച്ചു.

തർക്കം പരിഹരിക്കാൻ 1984 മുതൽ 1989 വരെ പ്രധാനമന്ത്രിയായ രാജീവ്‌ ഗാന്ധിക്ക്‌ നിരവധി അവസരമുണ്ടായിരുന്നുവെന്ന്‌ ‘രാംമന്ദിർ–- ബാബറി മസ്‌ജിദ്‌ ഡിലെമ: ആൻ ആസിഡ്‌ ടെസ്റ്റ്‌ ഫോർ ഇന്ത്യാസ്‌ കോൺസ്റ്റിറ്റ്യൂഷൻ’ എന്ന പുസ്‌തകത്തിൽ മാധവ്‌ ഗൊഡ്‌ബൊളെ വെളിപ്പെടുത്തിയിരുന്നു.

രാമക്ഷേത്ര നിര്‍മാണത്തിനുള്ള ഭൂമിപൂജയ്‌ക്ക് വിളിക്കാത്തതില്‍ പരിഭവിച്ച് മുതിര്‍ന്ന കോണ്‍​ഗ്രസ് നേതാക്കള്‍ രം​ഗത്തുവന്ന സാഹചര്യത്തിലാണ് പത്തുമാസം മുമ്പ് പ്രകാശനം ചെയ്ത പുസ്തകത്തിലെ വെളിപ്പെടുത്തലുകള്‍ക്ക് പ്രാധാന്യമേറുന്നത്. ബാബ്റി ഭൂമിയില്‍ ക്ഷേത്രം യാഥാർഥ്യമാക്കാന്‍ രാജീവ്​ഗാന്ധിയെടുത്ത താൽപ്പര്യം ബിജെപി വിസ്മരിച്ചെന്ന പരിഭവമാണ് മുതിര്‍ന്ന നേതാക്കളായ ദി​ഗ് വിജയ് സിങ്ങിന്റെയും കമല്‍നാഥിന്റെയും വാക്കുകളിൽ നിഴലിക്കുന്നത്.

പരിഹാര നിർദേശം തള്ളിക്കളഞ്ഞു

രാജീവ് ​ഗാന്ധിയുടെ നി​ഗൂഢമായ പ്രവര്‍ത്തനത്തെ മാധവ്‌ ഗൊഡ്‌ബൊളെ തെളിവ് സഹിതം വിവരിക്കുന്നു:  1984– - 1989 കാലഘട്ടത്തില്‍ പ്രശ്നം രാഷ്ട്രീയവിവാദമായി  മാറിയിരുന്നില്ല. നിരവധി പരിഹാരനിർദേശം ഉയർന്നു. പള്ളി സർക്കാർ ഏറ്റെടുത്ത്‌ പ്രത്യേക നിയമത്തിലൂടെ പൗരാണിക സ്‌മാരകമായി നിലനിർത്തുക, പള്ളിയോട്‌ ചേർന്നുള്ള സ്ഥലത്ത്‌ ക്ഷേത്രം പണിയുക എന്ന നിര്‍ദേശംവച്ചത് ബാബ്‌റി മസ്‌ജിദ്‌ ആക്‌ഷൻ കമ്മിറ്റി അംഗം സയ്യിദ്‌ ഷഹാബുദ്ദീന്‍. സമാനനിർദേശം അന്ന്‌ കേന്ദ്രമന്ത്രിയായിരുന്നൂ കരൺ സിങ്ങും വച്ചു. പ്രശ്‌നപരിഹാരത്തിന്‌ രാജീവ്‌ ഗാന്ധി മെനക്കെട്ടില്ല. 1989ൽ പള്ളി തുറന്ന്‌ അമ്പലം പണിക്കുള്ള ശിലാന്യാസത്തിന്‌ രാജീവ്‌ അനുമതി നൽകി. 1989ലെ തെരഞ്ഞെടുപ്പ്‌ പ്രചാരണം രാജീവ്‌ ആരംഭിച്ചത് അയോധ്യയിൽനിന്നാണ്‌. ഹിന്ദു പ്രീണനമായിരുന്നു ലക്ഷ്യമെന്നും ഗൊഡ്‌ബൊളെ അടിവരയിടുന്നു.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top