26 May Sunday

'ആ പശുവുമായി എനിക്ക് പ്രത്യേക അടുപ്പമുണ്ടായിരുന്നു'; ചത്തുപോയ പശുവിനെ കുറിച്ചോര്‍ത്ത് സങ്കടപ്പെട്ട് കോണ്‍ഗ്രസ് എംഎല്‍എ

വെബ് ഡെസ്‌ക്‌Updated: Tuesday Jan 22, 2019

ജയ്‌പൂര്‍ > ബിജെപി നേതാക്കളുടെ പശുസ്‌നേഹം നിരന്തരം മാധ്യമങ്ങളില്‍ വാര്‍ത്തയാകാറുണ്ടെങ്കിലും ഇപ്പോള്‍  അതിനെയെല്ലാം കടത്തിവെട്ടുക തന്നെയായിരുന്നു കോണ്‍ഗ്രസ് എംഎല്‍എ അമീന്‍ ഖാന്റെ രാജസ്ഥാന്‍ നിയമസഭയിലെ പ്രകടനം. സഭയില്‍ നടന്ന ചര്‍ച്ചയ്‌ക്കിടെയാണ് കുടുംബം നടത്തുന്ന ക്ഷീര കൃഷിയെകുറിച്ചും പശു ചത്തതിനെയുമെല്ലാം സംബന്ധിച്ച് കോണ്‍ഗ്രസ് എംഎല്‍എ വികാരപരമായി സംസാരിച്ചത്.

രാജസ്ഥാനില്‍ ബിജെപിയെ കടത്തിവെട്ടുന്ന പശുസംരക്ഷണ നടപടികളാണ് കോണ്‍ഗ്രസ് സര്‍ക്കാര്‍ നടപ്പാക്കുന്നത്. തെരുവ് പശുക്കളെ ദത്തെടുക്കുന്നവരെ റിപ്പബ്ലിക്ക് ദിനത്തില്‍ കളക്ടര്‍മാര്‍ ആദരിക്കണമെന്ന് സര്‍ക്കാര്‍ ഉത്തരവിട്ടിരുന്നു. താന്‍ പശുവിനെ കുറിച്ച് സഭാംഗങ്ങളോട് സംസാരിക്കുമ്പോള്‍ കരഞ്ഞുപോയെന്ന് സഭയുടെപുറത്ത് മാധ്യമങ്ങളോട് അമീന്‍ പറഞ്ഞു. ബാര്‍മര്‍ ജില്ലയിലെ ഷിയോ മണ്ഡലത്തില്‍ നിന്നുള്ള എംഎല്‍എയാണ് അമീന്‍ ഖാന്‍.

രാജസ്ഥാനില്‍ നിന്നുള്ള രാജ്യത്തെ ആദ്യ പശുസംരക്ഷണ വകുപ്പ് മന്ത്രിയായ പ്രമോദ് ഭായ്, താന്‍ പശുവിനുള്ള ഭക്ഷണം ആദ്യം മാറ്റിവെക്കാതെ കഴിക്കാറില്ലെന്ന് പറഞ്ഞിരുന്നു. ഇതിനുപിന്നാലെയാണ് കോണ്‍ഗ്രസ് എംഎല്‍എയും തന്റെ പശുസ്‌നേഹം പ്രകടിപ്പിച്ചത്

'ആ പശുവുമായി എനിക്ക് പ്രത്യേക അടുപ്പമാണുണ്ടായിരുന്നത്. അത് എന്റെയടുത്ത് ഇരിക്കുകയും മുഖം നക്കുകയും ചെയ്യുമായിരുന്നു.അവള്‍ മരിച്ചുപോയി. അവളുടെ മുഖം ഓര്‍ക്കുമ്പോള്‍ എനിക്ക് ദുഖം വരുന്നു'; അമീന്‍ ഖാന്‍ പറഞ്ഞു.





 


പ്രധാന വാർത്തകൾ
 Top