24 May Friday

പ്രളയം തകർത്ത ജീവിതങ്ങൾക്ക‌് ആശ്വാസമേകി യെച്ചൂരി

കെ എൻ സനിൽUpdated: Monday Aug 20, 2018

ആലപ്പുഴ കണിച്ചുക്കുളങ്ങര സ്‌കൂളിലെ ദുരിതാശ്വാസ ക്യാമ്പ് സിപിഐ എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി സന്ദര്‍ശിക്കുന്നു. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ സമീപം. ഫോട്ടോ: ശിവപ്രസാദ് എം എ


പ്രളയജലം വിഴുങ്ങിയ വീടുകളിൽനിന്ന‌് സർവതും വലിച്ചെറിഞ്ഞ‌് പ്രാണരക്ഷാർഥം പലായനം ചെയ‌്തവർക്ക‌് ആശ്വാസമായി ജനനായകനെത്തി. ദുരന്തഭൂമിയിൽനിന്ന‌് ജീവൻ കൈപ്പിടിയിലൊതുക്കി പാഞ്ഞവർക്ക‌് ആശ്വാസമേകിയായിരുന്നു വിവിധ ക്യാമ്പുകളിൽ സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ സന്ദർശനം. ഞായറാഴ‌്ചയാണ‌് ആലപ്പുഴ, തിരുവനന്തപുരം ജില്ലകളിലെ ക്യാമ്പുകൾ യെച്ചൂരി സന്ദർശിച്ചത‌്. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ‌്ണൻ അടക്കമുള്ള നേതാക്കളും ഒപ്പമുണ്ടായി.
രാവിലെ തിരുവനന്തപുരത്ത‌് വിമാനമിറങ്ങിയ യെച്ചൂരി നഗരത്തിലെ കാലടി ഗവ. ഹൈസ‌്കൂളിലെ ക്യാമ്പിലാണ‌് ആദ്യമെത്തിയത‌്. ക്യാമ്പിലുള്ളവരോട‌് കാര്യങ്ങൾ ചോദിച്ചറിഞ്ഞു.

വെള്ളം ഇറങ്ങി തിരികെ പോകുന്നവർക്ക‌് വീട‌് വൃത്തിയാക്കാനും നഷ്ടപരിഹാരത്തിന‌് അപേക്ഷ നൽകാനും ആവശ്യമായ സഹായം നൽകണമെന്ന‌് സിപിഐ എം പ്രവർത്തകരോട‌് നിർദേശിച്ചു. പിന്നീട‌് ദുരിതാശ്വാസക്യാമ്പുകളിൽ കഴിയുന്നവർക്ക‌് അവശ്യവസ‌്തുക്കൾ ശേഖരിക്കുന്ന എസ‌്എംവി സ‌്കൂളിലെ ഉൽപ്പന്ന സംഭരണകേന്ദ്രം സന്ദർശിച്ചു. വളന്റിയർമാരുമായി അൽപ്പം കുശലാന്വേഷണം. കേരളത്തിലെ യുവാക്കൾ ദുരിതബാധിതരെ സഹായിക്കാൻ നടത്തുന്ന പ്രവർത്തനങ്ങൾ മാതൃകാപരമാണെന്ന അഭിനന്ദനത്തോടെ മടങ്ങി.

തുടർന്ന‌് ഏറ്റവുമധികം പേർ ദുരിതമനുഭവിക്കുന്ന ആലപ്പുഴ ജില്ലയിലെ ക്യാമ്പുകളിലേക്ക‌്. യാത്രാമധ്യേ ക്യാമ്പുകളിൽ കഴിയുന്നവർക്ക‌് നൽകാൻ കൊല്ലം ജില്ലയിലെ ഡിവൈഎഫ‌്ഐ പ്രവർത്തകർ സമാഹരിച്ച ഭക്ഷ്യധാന്യശേഖരം പരിശോധിക്കാൻ സിപിഐ എം ജില്ലാകമ്മിറ്റി ഓഫീസിൽ ഹ്രസ്വ സന്ദർശനം. പകൽ 2.30ന‌് ആലപ്പുഴ ജില്ലയിലെ തിരുവമ്പാടി ഹയർ സെക്കൻഡറി സ‌്കൂളിലെ ക്യാമ്പിലെത്തി കുട്ടനാട‌് മേഖലയിൽ പ്രളയക്കെടുതിക്ക‌് ഇരയായവരെയും കുട്ടികളെ പ്രത്യേകവും കണ്ട‌് ആശ്വസിപ്പിച്ചു. പള്ളാത്തുരുത്തിയിൽനിന്നുള്ള ആയിരത്തിനാനൂറോളം പേരാണ‌് ഇവിടെ കഴിയുന്നത‌്. തുടർന്ന‌്, ചേർത്തല എസ‌്എൻ കോളേജിലെ ക്യാമ്പ‌് സന്ദർശിച്ചു. കുട്ടനാട്ടിലെ തകഴി, എടത്വ, കുന്നുമ്മൽ, രാമങ്കരി, പുളിങ്കുന്ന‌് തുടങ്ങിയ പ്രദേശങ്ങളിൽനിന്നുള്ള  2200 പേരാണ‌് ഇവിടെയുള്ളത‌്.

കണിച്ചുകുളങ്ങര വൊക്കേഷണൽ ഹയർ സെക്കൻഡറി സ‌്കൂളിലെ ക്യാമ്പിൽ ചമ്പക്കുളം, കൈനകരി, മങ്കൊമ്പ‌് മേഖലയിൽനിന്ന‌് എത്തിയ നാലായിരത്തോളം പേരെയും ചേർത്തല സെന്റ‌് മൈക്കിൾസ‌് കോളേജിൽ കുട്ടനാടിന്റെ വിവിധ മേഖലയിൽനിന്ന‌് രക്ഷപ്പെട്ട‌് എത്തിയ രണ്ടായിരത്തഞ്ഞൂറോളം പേരെയും നേരിൽകണ്ട‌് ആശ്വസിപ്പിച്ചു. യാത്രാമധ്യേ സിപിഐ എം അരീപ്പറമ്പ‌് ലോക്കൽ കമ്മിറ്റി ഓഫീസിലെ ദുരിതാശ്വാസക്യാമ്പും സന്ദർശിച്ചു. 25 പേരാണ‌് ഇവിടെയുള്ളത‌്. കണിച്ചുകുളങ്ങര സ‌്കൂളിലെ ക്യാമ്പിൽ യെച്ചൂരി എത്തിയതറിഞ്ഞ‌് എസ‌്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും എത്തി.സിപിഐ എം പൊളിറ്റ‌് ബ്യൂറോ അംഗം എം എ ബേബി, കേന്ദ്ര കമ്മിറ്റി അംഗങ്ങളായ ധനമന്ത്രി തോമസ‌് ഐ‌സക‌്, എം വി ഗോവിന്ദൻ, സംസ്ഥാന സെക്രട്ടറിയറ്റ‌് അംഗം കെ എൻ |

ബാലഗോപാൽ, ജില്ലാസെക്രട്ടറിമാരായ ആനാവൂർ നാഗപ്പൻ, ആർ നാസർ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ മന്ത്രി ജി സുധാകരൻ, മന്ത്രി കടകംപള്ളി സുരേന്ദ്രൻ തുടങ്ങിയവരും യെച്ചൂരിക്കൊപ്പമുണ്ടായി.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top