19 October Saturday

400 റെയിൽവേ സ്‌റ്റേഷൻ ദാനംചെയ്യാൻ സമിതി; 50 സ്‌റ്റേഷൻ ഉടൻ സ്വകാര്യമേഖലയ്‌ക്ക്‌

സാജൻ എവുജിൻUpdated: Thursday Oct 10, 2019

ന്യൂഡൽഹി > പ്രധാനപ്പെട്ട 400 റെയിൽവേ സ്‌റ്റേഷനുകളുടെ സ്വകാര്യവൽക്കരണം വേഗത്തിലാക്കാൻ കേന്ദ്രസർക്കാർ സെക്രട്ടറിതല സമിതി രൂപീകരിച്ചു. വികസനപദ്ധതികൾ നടപ്പാക്കാനെന്നപേരിൽ 50 സ്‌റ്റേഷൻ ഉടൻ സ്വകാര്യമേഖലയ്‌ക്ക്‌ വിട്ടുകൊടുക്കും. പിപിപി(പൊതു–-സ്വകാര്യ പങ്കാളിത്തം)യെക്കാൾ സ്വകാര്യകമ്പനികൾക്ക്‌ ഗുണകരമായ ഇപിസി(സാങ്കേതികവിദ്യ, സംഭരണം, നിർമാണം)സംവിധാനമാണ്‌  ഉപയോഗിക്കുക.
നിതി ആയോഗ്‌ സിഇഒ, റെയിൽവേ ബോർഡ്‌ ചെയർമാൻ, സെക്രട്ടറി, സാമ്പത്തികകാര്യ സെക്രട്ടറി, ഭവനകാര്യ–-നഗരവികസന സെക്രട്ടറി എന്നിവരടങ്ങിയ സമിതിക്കാണ്‌ സ്വകാര്യവൽക്കരണ ചുമതല. ഇക്കാര്യത്തിൽ നിതി ആയോഗ്‌ സിഇഒ  അമിതാഭ്‌ കാന്ത്‌ ബോർഡ്‌ ചെയർമാൻ വി കെ യാദവിന്‌   കത്ത്‌ അയച്ചു. സ്റ്റേഷനുകളുടെ സ്വകാര്യവൽക്കരണത്തിന്‌ തത്വത്തിൽ തീരുമാനം എടുത്തിട്ട്‌ വർഷങ്ങളായെങ്കിലും ഇക്കാര്യത്തിൽ നടപടികൾ പുരോഗമിക്കാത്തതിൽ നിതി ആയോഗ്‌ സിഇഒ കത്തിൽ അതൃപ്‌തി പ്രകടിപ്പിച്ചു.

50 സ്‌റ്റേഷനെങ്കിലും അടിയന്തരമായി ഇപിസി മാതൃകയിൽ  വിട്ടുകൊടുക്കണമെന്ന്‌ റെയിൽവേമന്ത്രിയുമായി നടത്തിയ ചർച്ചയിൽ ധാരണയായി. ട്രെയിനുകൾ സ്വകാര്യവൽക്കരിക്കാനുള്ള തീരുമാനം നല്ല അവസരമാണ്‌. ഒന്നാംഘട്ടത്തിൽ 150 ട്രെയിൻ സ്വകാര്യകമ്പനികൾക്ക്‌ വിട്ടുകൊടുക്കും.  ഇത്‌ പ്രയോജനപ്പെടുത്തിയാൽ സ്‌റ്റേഷനുകളുടെ സ്വകാര്യവൽക്കരണം വേഗത്തിൽ നടപ്പാക്കാം. ആറ്‌ വിമാനത്താവളങ്ങളുടെ സ്വകാര്യവൽക്കരണം നടപ്പാക്കിയത്‌  മാതൃകയാക്കണമെന്നും കത്തിൽ നിർദേശിച്ചു.

സ്വകാര്യവൽക്കരണത്തിനായി ആദ്യം തയ്യാറാക്കിയ പട്ടികയിൽ കോഴിക്കോട്‌ സ്‌റ്റേഷനെ ഉൾപ്പെടുത്തിയിരുന്നു. പുതിയ പട്ടികയിൽ കേരളത്തിലെ രണ്ട്‌ സ്‌റ്റേഷൻ കൂടി ഉണ്ടാകും.  രാജ്യത്തെ ആദ്യ സ്വകാര്യ ട്രെയിൻ സർവീസ്‌ ഉത്തർപ്രദേശിൽ കഴിഞ്ഞ ദിവസം ഓടിത്തുടങ്ങി.


പ്രധാന വാർത്തകൾ
 Top