26 May Sunday

സിഎജി റിപ്പോർട്ട‌് ഇന്ന‌് പാർലമെന്റിൽ; വില പരിശോധനയില്ല

എം പ്രശാന്ത‌്Updated: Tuesday Feb 12, 2019

ന്യൂഡൽഹി > റഫേൽ വിമാന ഇടപാട‌് പരിശോധിച്ച സിഎജി റഫേൽ വിമാനങ്ങൾ വാങ്ങിയതിന്റെ വില പരിശോധിച്ചില്ല. സിഎജിയുടെ ഓഡിറ്റ‌് റിപ്പോർട്ട‌്  രാഷ്ട്രപതിക്ക‌് കൈമാറി.  റിപ്പോർട്ട‌് ചൊവ്വാഴ‌്ച പാർലമെന്റിന്റെ ഇരുസഭകളിലും വയ‌്ക്കും. മോഡി സർക്കാർ റഫേൽ യുദ്ധ വിമാനങ്ങൾ വാങ്ങിയത‌് എത്ര രൂപയ‌്ക്കാണെന്നത‌് റിപ്പോർട്ടിലുണ്ടാകില്ല. രാജ്യസുരക്ഷ മുൻനിർത്തി വിലവിവരങ്ങൾ  പരസ്യപ്പെടുത്തരുതെന്ന കേന്ദ്ര സർക്കാരിന്റെ കർശന നിർദേശത്തെ തുടർന്നാണിത‌്. വില അടിസ്ഥാനമാക്കിയുള്ള ഓഡ‌ി്റ്റ്‌ വിവരങ്ങൾ ഒഴിവാക്കിയിട്ടുള്ളതിനാൽ സിഎജി റിപ്പോർട്ട‌് മോഡി സർക്കാരിന‌് ഭീഷണിയാകില്ല.  2007 ൽ യുപിഎ സർക്കാരിന്റെ കാലത്തെ ടെൻഡർ പ്രക്രിയയെയും 2015 ൽ മോഡി സർക്കാരും ഫ്രഞ്ച‌് കമ്പനിയായ ദസോൾട്ടും ടെൻഡറിലേക്ക‌് എത്തിച്ചേർന്ന പ്രക്രിയയും വിമാനത്തിലെ സൗകര്യങ്ങളെയും സംവിധാനങ്ങളെയുമാണ‌് ഓഡിറ്റ‌് റിപ്പോർട്ടിൽ താരതമ്യം ചെയ‌്തിട്ടുള്ളത‌്.

ദസോൾട്ടുമായുള്ള കരാറിൽനിന്ന‌് പൊതുമേഖലാ സ്ഥാപനമായ എച്ച‌്എഎല്ലിനെ ഒഴിവാക്കി പകരം അനിൽ അംബാനിയുടെ റിലയൻസ‌് ഡിഫൻസ‌് ഇടംപിടിച്ചതിന്റെ വിശദാംശങ്ങളും റിപ്പോർട്ടിലുണ്ടാകില്ല. വ്യവസ്ഥകളുടെ വിശദാംശങ്ങൾ പ്രതിരോധ മന്ത്രാലയത്തിൽനിന്ന‌് സിഎജി ശേഖരിച്ചുവരുന്നതേയുള്ളൂ. ഈ പരിശോധനകൾ കൂടി പൂർത്തിയാക്കിയുള്ള റിപ്പോർട്ട‌് കേന്ദ്രത്തിൽ പുതിയ സർക്കാർ അധികാരത്തിലെത്തിയ ശേഷം മാത്രമാകും സമർപ്പിക്കപ്പെടുക.

അനിൽ അംബാനി ഉൾപ്പെട്ടതിന്റെ വിശദാംശങ്ങൾ ഇല്ലാത്ത  റിപ്പോർട്ട‌് പൂർണമായും മോഡി സർക്കാരിനെ വെള്ള പൂശുന്നതാകും. മുൻ കേന്ദ്ര ധനകാര്യ സെക്രട്ടറി രാജീവ‌് മെഹ‌്റിഷിയാണ‌് നിലവിലെ സിഎജി. ദസോൾട്ടുമായുള്ള റഫേൽ ഇടപാട‌് വ്യവസ്ഥകൾ മോഡി പുനഃപരിശോധിക്കുന്ന ഘട്ടത്തിൽ മെഹ‌്റിഷിയായിരുന്നു ധനകാര്യ സെക്രട്ടറി. ദസോൾട്ടുമായുള്ള ചർച്ചകളിൽ ധനമന്ത്രാലയവും ഉൾപ്പെട്ടിരുന്നു.


പ്രധാന വാർത്തകൾ
 Top