23 March Saturday

റഫേൽ അഴിമതിയിൽ കേന്ദ്രത്തിനെതിരെ സുപ്രീംകോടതി ; മാനദണ്ഡങ്ങളിൽ മാറ്റം വരുത്തിയതെന്തിന്‌ ?

എം അഖിൽUpdated: Thursday Nov 15, 2018

ന്യൂഡൽഹി
രാജ്യത്തിനകത്തും പുറത്തും വിവാദമായ റഫേൽ കരാറിൽ കേന്ദ്രസർക്കാരിനെ നിർത്തിപ്പൊരിച്ച‌് സുപ്രീംകോടതി. കരാറുമായി ബന്ധപ്പെട്ട‌് മുൻ സർക്കാർ ഉണ്ടാക്കിയ സംഭരണവ്യവസ്ഥ നിലനിൽക്കുമ്പോൾ നിലവിലെ പ്രധാനമന്ത്രി പുതിയ കരാർ എങ്ങനെ പ്രഖ്യാപിച്ചെന്ന‌് ചീഫ‌്ജസ‌്റ്റിസ‌് രഞ‌്ജൻ ഗൊഗോയ‌് അധ്യക്ഷനായ ബെഞ്ച‌് സർക്കാരിനോട‌് ചോദിച്ചു. ജസ‌്റ്റിസുമാരായ കെ എം ജോസഫ‌്, എസ‌് കെ കൗൾ എന്നിവരായിരുന്നു ബെഞ്ചിലെ മറ്റംഗങ്ങൾ. റഫേൽ ഇടപാടിന‌് ഫ്രഞ്ച‌് സർക്കാരിന്റെ ഭാഗത്തുനിന്ന‌് ഉറപ്പൊന്നുമില്ലെന്ന‌് സർക്കാർ കോടതിയിൽ വെളിപ്പെടുത്തി. കരാറിൽ ഏർപ്പെട്ട ദസോൾട്ട‌് കമ്പനി വീഴ‌്ച വരുത്തിയാൽ ബാധ്യത ഫ്രഞ്ച‌് സർക്കാർ വഹിക്കില്ലെന്ന‌് ഇതോടെ വ്യക്തമായി. ഇടപാടിൽ കോടതി മേൽനോട്ടത്തിൽ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജികളിൽ വാദംകേൾക്കൽ പൂർത്തിയാക്കി വിധി പറയാൻ മാറ്റി. 

കരാറുമായി ബന്ധപ്പെട്ട‌് യുപിഎ സർക്കാരിന്റെ കാലത്ത‌് രൂപപ്പെടുത്തിയ സംഭരണവ്യവസ്ഥ നിലനിൽക്കുമ്പോൾ 2015 ഏപ്രിലിൽ പ്രധാനമന്ത്രി മോഡി എങ്ങനെ പുതിയ കരാർ പ്രഖ്യാപിച്ചെന്ന ചോദ്യമാണ‌് കോടതി പ്രധാനമായും ഉന്നയിച്ചത‌്. നേരത്തെയുള്ള കരാർ പിൻവലിക്കാനുള്ള നീക്കങ്ങൾ 2015 മാർച്ചിൽ തുടങ്ങി 2015 ജൂണിൽ അവസാനിച്ചുവെന്ന‌് കേന്ദ്രസർക്കാർ തന്നെ കോടതിയിൽ സമർപ്പിച്ച രേഖകളിൽ അവകാശപ്പെടുന്നു.  ഈ സാഹചര്യത്തിൽ, 2015 ഏപ്രിലിൽ എങ്ങനെ പുതിയ കരാർ ഒപ്പിട്ടുവെന്ന‌് മൂന്നംഗ ബെഞ്ച‌് സംശയം പ്രകടിപ്പിച്ചു. മുൻ സർക്കാരിന്റെ കാലത്ത‌് 126 വിമാനങ്ങൾ വാങ്ങാനുള്ള കരാറിന്റെ ഭാഗമായി പുറപ്പെടുവിച്ച റിക്വസ‌്റ്റ‌് ഓഫ‌് പ്രൊപ്പോസൽ (ആർഎഫ‌്പി) നിലനിൽക്കുന്നുണ്ട‌്. അതിന്റെ അടിസ്ഥാനത്തിലാണ‌്  ഇപ്പോൾ 36 വിമാനങ്ങൾ വാങ്ങാനുള്ള പുതിയ കരാർ. ഈ സാഹചര്യത്തിൽ, പ്രതിരോധ സംഭരണ പ്രക്രിയ (ഡിപിപി) പാലിച്ചാണ‌് ഇടപാടെന്ന‌് അവകാശപ്പൈടാൻ സാധിക്കുമോയെന്നും കോടതി ആരാഞ്ഞു.

ഇന്ത്യൻ പങ്കാളികളെ തെരഞ്ഞെടുക്കുന്നത‌് ഉൾപ്പടെ പുനഃനിക്ഷേപക കരാറിന്റെ മുഴുവൻ ഉത്തരവാദിത്തവും വിദേശകമ്പനിക്ക‌് വിട്ടുകൊടുത്ത നിലപാട‌് ശരിയല്ലെന്ന‌് ജസ‌്റ്റിസ‌് കെ എം ജോസഫ‌് വിമർശിച്ചു. പങ്കാളികളെ കുറിച്ചുള്ള വിശദാംശങ്ങൾ ദസോൾട്ട‌് ഒൗദ്യോഗികമായി കൈമാറിയിട്ടില്ലെന്നാണ‌് സർക്കാർ അവകാശപ്പെടുന്നത‌്. എന്നാൽ, മുഴുവൻ വിശദാംശങ്ങളും അറിയേണ്ട ബാധ്യത സർക്കാരിനില്ലേയെന്ന‌് അദ്ദേഹം ചോദിച്ചു. കാര്യശേഷിയും പ്രാപ‌്തിയും ഇല്ലാത്ത കമ്പനികളെയാണ‌് പുനഃനിക്ഷേപക പങ്കാളികൾ ആക്കുന്നതെങ്കിൽ എന്ത‌് ചെയ്യും,  കരാർ വ്യവസ്ഥ പാലിക്കാൻ ദസോൾട്ടിന്റെ ഇന്ത്യയിലെ പങ്കാളികൾ തയ്യാറായില്ലെങ്കിൽ രാജ്യതാൽപ്പര്യങ്ങൾ എങ്ങനെ സംരക്ഷിക്കപ്പെടും, പുനഃനിക്ഷേപ കരാർ പ്രധാന കരാറിന്റെ ഭാഗമാക്കേണ്ടിയിരുന്നില്ലേ –- എന്നീ സുപ്രധാന ചോദ്യങ്ങളും ജസ‌്റ്റിസ‌് ജോസഫ‌് ചോദിച്ചു.

36 റഫേൽ വിമാനങ്ങളുടെ വില വെളിപ്പെടുത്തുന്നത‌് രാജ്യസുരക്ഷയെ ബാധിക്കുമെന്ന കേന്ദ്രസർക്കാർ വാദം ശുദ്ധതട്ടിപ്പാണെന്ന‌്  അഡ്വ. പ്രശാന്ത‌്ഭൂഷൺ വാദിച്ചു. പുതിയ വില പഴയ വിലയേക്കാൾ മെച്ചമാണെന്ന‌്  സർക്കാർ അവകാശപ്പെടുന്നുണ്ട‌്. ഇത‌് എങ്ങനെയെന്ന‌് വിശദീകരിക്കാനുള്ള ആർജവം കാണിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ആയുധസംവിധാനങ്ങൾ ഉൾപ്പെടെയുള്ള വിലവിവരങ്ങൾ കോടതിയെ ധരിപ്പിച്ചിട്ടുണ്ടെന്ന‌് എജി കെ കെ വേണുഗോപാൽ പറഞ്ഞു. വിലവിവരങ്ങൾ പൊതുവായി വെളിപ്പെടുത്തേണ്ടത‌് ഉണ്ടോയെന്ന‌് പിന്നീട‌് നിർദേശിക്കാമെന്ന‌് കോടതി പ്രതികരിച്ചു. ഹർജിക്കാരായ മുൻ കേന്ദ്രമന്ത്രി അരുൺ ഷൂരി, അഭിഭാഷകരായ ‌എം എൽ ശർമ, വിനീത‌് ദണ്ഡ തുടങ്ങിയവരും വാദങ്ങൾ അവതരിപ്പിച്ചു. ചട്ടങ്ങളും കീഴ‌്‌വഴക്കങ്ങളും ലംഘിച്ചാണ‌് കേന്ദ്രസർക്കാർ പുതിയ കരാർ ഉണ്ടാക്കിയതെന്നും റിലയൻസ‌് ഡിഫെൻസിന്റെ താൽപ്പര്യങ്ങൾ സംരക്ഷിക്കാൻ സർക്കാർ പുനഃനിക്ഷേപക മാർഗനിർദേശങ്ങൾ മാറ്റിമറിച്ചെന്നുമാണ‌് ഹർജിക്കാരുടെ പ്രധാന വാദം.

ചീഫ‌് ജസ‌്റ്റിസിന്റെയും  ജസ‌്റ്റിസ‌് കെ എം ജോസഫിന്റെയും  നിര്‍ണായക ചോദ്യങ്ങള്‍ക്കുമുന്നിൽ അറ്റോർണി ജനറൽ
വിയർത്തു.

പ്രധാന ചോദ്യങ്ങളും മറുപടിയും
■ ജസ്റ്റിസ് ജോസഫ്: ഇടപാടിലെ ഇന്ത്യൻ പങ്കാളിയെക്കുറിച്ച് അറിവില്ലെങ്കിൽ ഇന്ത്യയുടെ താൽപ്പര്യം എങ്ങനെ സംരക്ഷിക്കപ്പെടും? തെരഞ്ഞെടുക്കപ്പെടുന്ന പങ്കാളി വ്യവസ്ഥകൾ അനുസരിച്ച് പ്രവർത്തിക്കാൻ കഴിവുള്ളവരാണോ എന്ന് അറിയേണ്ടതല്ലേ ? എന്തിനാണ് ഇന്ത്യൻ പങ്കാളിയെ സംബന്ധിച്ച മാനദണ്ഡത്തിൽ മാറ്റം വരുത്തിയത്? പഴയ കരാർ പരിഗണനയിലിരിക്കെ 2015 ഏപ്രിലിൽ പുതിയ കരാർ പ്രധാനമന്ത്രി പ്രഖ്യാപിച്ചത് എങ്ങനെ?
■ ചീഫ് ജസ്റ്റിസ്: 2015 മാർച്ചിൽ തന്നെ പഴയ കരാർ പിൻവലിക്കുന്നതിന്റെ നടപടികൾ തുടങ്ങിയതായി കോടതിയിൽ ഹാജരാക്കിയ രേഖകളിൽ പറയുന്നുണ്ടല്ലോ?
■ ജസ്റ്റിസ് കെ എം ജോസഫ്: ഓഫ്സെറ്റ് കരാർ പ്രധാന കരാറിന്റെ ഭാഗം ആകേണ്ടതായിരുന്നല്ലോ?
■ അറ്റോർണി ജനറൽ: കാർഗിലിൽ നിരവധി സൈനികർക്കാണ് ജീവൻ നഷ്ടമായത്. അന്ന് റഫേൽ യുദ്ധവിമാനങ്ങൾ ഉണ്ടായിരുന്നെങ്കിൽ സൈനികരുടെ ജീവൻ രക്ഷിക്കാമായിരുന്നു. 60 കിലോമീറ്റർ ദൂരത്തുനിന്ന് ശത്രുവിനെ നേരിടാമായിരുന്നു.
■ ചീഫ് ജസ്റ്റിസ്: മിസ്റ്റർ അറ്റോർണി, കാർഗിൽ യുദ്ധം 1999–--2000ൽ ആയിരുന്നു. റഫേൽ വന്നത് 2014ലും.
■ അറ്റോർണി ജനറൽ (ചിരിച്ചുകൊണ്ട്): സാങ്കൽപികമായി പറഞ്ഞതാണ്.

വിശദീകരണത്തിൽ തൃപ്തിയില്ല ; വ്യോമസേനാ ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തി
ന്യൂഡൽഹി
റഫേൽ ഇടപാടിൽ വാദംകേൾക്കൽ തുടങ്ങിയ വേളയിൽ തന്നെ കരാറുമായി ബന്ധപ്പെട്ട ചോദ്യശരങ്ങൾ തൊടുത്ത‌്  സർക്കാരിനെ  ബെഞ്ച‌്  പ്രതിരോധത്തിലാക്കി. പ്രതിരോധസംഭരണ പ്രക്രിയ, പുനഃനിക്ഷേപ കരാർ, ഇന്ത്യയും ഫ്രാൻസും തമ്മിലുള്ള കരാർ തുടങ്ങിയ നിർണായക വിഷയങ്ങളിൽ വിശദാംശം  തേടിയുള്ള ചോദ്യങ്ങൾക്ക‌് കൃത്യമായ ഉത്തരം നൽകാൻ കേന്ദ്രസർക്കാരിനെ പ്രതിനിധീകരിച്ച‌ അറ്റോർണി ജനറലും  പ്രതിരോധ മന്ത്രാലയം അഡീഷണൽ സെക്രട്ടറിയും പ്രയാസപ്പെട്ടു.  കേന്ദ്രസർക്കാർ വിശദീകരണത്തിൽ തൃപ‌്തരാകാതെ കോടതി വ്യോമസേനയുടെ മുതിർന്ന ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തി. തുടർന്ന‌് ഡെപ്യൂട്ടി ചീഫ‌് ഓഫ‌് എയർസ‌്റ്റാഫ‌് എയർമാർഷൽ വി ആർ ചൗധരി, എയർ വൈസ‌് മാർഷൽ ജെ ചലപതി തുടങ്ങിയ ഉദ്യോഗസ്ഥരെത്തി  പോർവിമാനങ്ങളുടെ സാങ്കേതികവശങ്ങൾ വിശദീകരിച്ചു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top