20 February Wednesday

റഫേല്‍: മോഡിക്ക് മുന്‍പ് അംബാനി ഫ്രഞ്ച് ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്‌‌ച്ച നടത്തി

വെബ് ഡെസ്‌ക്‌Updated: Tuesday Feb 12, 2019

ന്യൂഡല്‍ഹി > റഫേല്‍ വിമാന ഇടപാടിലെ അഴിമഴി സംബന്ധിച്ച് പുതിയ വെളിപ്പെടുത്തല്‍. പ്രധാനമന്ത്രി നരേന്ദ്ര മോഡി റഫേല്‍ കരാര്‍ പ്രഖ്യാപിക്കുന്നതിനും മുന്‍പേ ഫ്രാന്‍സിലെ പ്രതിരോധ മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥരുമായി റിലയന്‍സ് ഡിഫന്‍സ് കമ്പനി ഉടമ അനില്‍ അംബാനി കൂടിക്കാഴ്ച്ച നടത്തിയെന്നാണ് വെളിപ്പെടുത്തല്‍. അതീവ രഹസ്യ സ്വഭാവമുള്ളതായിരുന്നു കൂടിക്കാഴ്ച്ച. ഇന്ത്യന്‍ എക്‌സ്പ്രസാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്‌തത്.

2015 മാര്‍ച്ചില്‍ നരേന്ദ്ര മോഡി പുതിയ റാഫേല്‍ കരാര്‍ പ്രഖ്യാപിക്കുന്നതിന് രണ്ടാഴ്ച മുമ്പാണ് അനില്‍ അംബാനി ഉന്നത ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തിയത്. യോഗത്തില്‍ പ്രത്യേക പ്രതിരോധ ഉപദേഷ്ടാവ് ജീന്‍ ക്ലൗഡ് മാലറ്റ്, വ്യാവസായിക ഉപദേഷ്ടാവ ക്രിസ്റ്റൊഫെ സലൊമണ്‍, സാങ്കേതിക ഉപദേഷ്ടാവ് ജെഫ്രി ബോക്വറ്റ് എന്നിവര്‍ പങ്കെടുത്തു. കൂടിക്കാഴ്ച വളരെ പെട്ടന്നായിരുന്നുവെന്നും രഹസ്യസ്വഭാവമുള്ളതായിരുന്നുവെന്നും യൂറോപ്യന്‍ പ്രതിരോധ കമ്പനി ഉദ്യോഗസ്ഥനോട് ക്രിസ്റ്റൊഫെ സലൊമണ്‍ വെളിപ്പെടുത്തിയതായും റിപ്പോര്‍ട്ടിലുണ്ട്.

2015 മാര്‍ച്ച് 28നാണ് റിലയന്‍സ് ഡിഫന്‍സ് കമ്പനി നിലവില്‍ വന്നത്. ഇതേ ആഴ്ചയാണ് അനില്‍ അംബാനിയും ഫ്രഞ്ച് ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തിയതും. 2015 ഏപ്രില്‍ ഒമ്പതിനാണ് ഔദ്യോഗിക സന്ദര്‍ശനത്തിനായി മോഡി ഫ്രാന്‍സിലെത്തിയത്. അനില്‍ അംബാനിയും പ്രധാനമന്ത്രിയുടെ ഒപ്പമുണ്ടായിരുന്നു. മോഡിയും അന്നത്തെ ഫ്രഞ്ച് പ്രസിഡന്റ് ഫ്രാന്‍സ്വ ഒലാണ്ടും 36 റഫേല്‍ യുദ്ധവിമാനങ്ങള്‍ വാങ്ങുന്നതിനുള്ള കരാര്‍ സംബന്ധിച്ച് പ്രഖ്യാപനവും സംയുക്ത പ്രസ്താവനയും നടത്തി. പ്രതിരോധ മന്ത്രി വെസ്‌ലെ ഡ്രിയാന്റെ ഓഫീസിനും റിലയന്‍സ് ഡിഫന്‍സിനും അയച്ച ചോദ്യങ്ങള്‍ക്ക് മറുപടിയൊന്നും ലഭിച്ചില്ലെന്ന് 'ദ ഇന്ത്യന്‍ എക്‌സ്പ്രസ്' റിപ്പോര്‍ട്ട് ചെയ്യുന്നു.

2015 ഏപ്രില്‍ 8ന് വിദേശകാര്യ സെക്രട്ടറി എസ് ജയശങ്കര്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞത് ഫ്രഞ്ച് കമ്പനിയും പ്രതിരോധ മന്ത്രാലയവും സര്‍ക്കാര്‍ സ്ഥാപനമായ ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്കല്‍ ലിമിറ്റഡുമാണ് കരാറില്‍ ഏര്‍പ്പെട്ടിരിക്കുന്നതെന്നാണ്. പ്രധാനമന്ത്രിയുടെ ഫ്രാന്‍സ് സന്ദര്‍ശനത്തിന് റഫാല്‍ കരാറുമായി ഒരു ബന്ധവും ഇല്ലെന്നും ജയശങ്കര്‍ അന്ന് പറഞ്ഞിരുന്നു.

നേരത്തെ ഫ്രഞ്ച് പ്രസിഡന്റ് ഒലോന്ദിന്റെ കാമുകി ജൂലി ഗയറ്റ് നിര്‍മ്മിച്ച സിനിമയില്‍ അംബാനിയുടെ സിനിമാ കമ്പനി പണം മുടക്കിയ വാര്‍ത്ത പുറത്തുവിട്ടതും ഇന്ത്യന്‍ എക്‌സ്പ്രസായിരുന്നു. റിലയന്‍സിനെ കരാറില്‍ പങ്കാളിയാക്കാന്‍ നിര്‍ദേശിച്ചത് ഇന്ത്യന്‍ സര്‍ക്കാറാണെന്നും ഒലോന്ദ് പിന്നീട് വെളിപ്പെടുത്തിയിരുന്നു.

മറ്റു വാർത്തകൾ

 Top