20 January Wednesday

ബലാത്സംഗത്തിന്‌ ശിക്ഷ ഇങ്ങനെ

വെബ് ഡെസ്‌ക്‌Updated: Monday Dec 9, 2019

ഇന്ത്യൻ ശിക്ഷാനിയമം (ഐപിസി) 1860 ൽ നിലവിൽ വരുമ്പോൾ ബലാത്സംഗം കുറ്റകൃത്യമായി ഉൾപ്പെടുത്തുന്നത്‌ ബ്രിട്ടീഷുകാരാണ്‌. മുമ്പും വ്യത്യസ്‌ത നിയമങ്ങൾ  ഉണ്ടായിരുന്നു. ക്രിമിനൽ കോടതികൾ രൂപീകരിക്കുന്നതുമായി ബന്ധപ്പെട്ട നിയമവും കുറ്റകൃത്യത്തിന്റെ അന്വേഷണത്തിലും വിചാരണയിലും പാലിക്കേണ്ട നടപടിക്രമങ്ങളും ഏകീകരിച്ച്‌ 1861ലാണ് ആദ്യത്തെ ക്രിമിനൽ നടപടിക്രമങ്ങൾ (സിആർപിസി)നടപ്പാക്കിയത്.

7വർഷം മുതൽ ജീവപര്യന്തംവരെ

ഇന്ത്യൻ ശിക്ഷാനിയമത്തിന്റെ 375 വകുപ്പിൽ ബലാത്സംഗത്തെ നിർവചിക്കുന്നതിങ്ങനെയാണ്: ഒരു സ്‌ത്രീയുടെ അനുവാദമില്ലാതെ അവരുമായി പുരുഷൻ ലൈഗിംകബന്ധത്തിലേർപ്പെട്ടാൽ അത്‌ പീഡനമായി കണക്കാക്കാം. സ്‌ത്രീയെ ഭീഷണിപ്പെടുത്തി ലൈഗിംകബന്ധത്തിൽ ഏർപ്പെടുന്നതും കുറ്റകൃതൃമാണ്‌. 18 വയസ്സിൽ താഴെയുള്ള പെൺകുട്ടികളുമായി അനുവാദത്തോടെ ലൈംഗികബന്ധത്തിൽ ഏർപ്പെട്ടാലും   ബലാത്സംഗമായി കണക്കാക്കും.  376 വകുപ്പ്‌ പ്രകാരം ബലാത്സംഗംചെയ്യുന്നയാൾക്ക്‌ ഏഴുവർഷംമുതൽ ജീവപര്യന്തംവരെ തടവുശിക്ഷ വ്യവസ്ഥചെയ്യുന്നു.

ബലാത്സംഗക്കുറ്റത്തിനുള്ള  ശിക്ഷ കർശനമാക്കുന്നത്‌ 1983ലെ രണ്ടാമത്തെ ക്രിമിനൽ നിയമ ഭേദഗതിയോടെയാണ്‌. ഇതിലേക്ക്‌ നയിച്ചത്‌  1972ലെ  മഥുര കേസാണ്‌. മഥുര എന്ന ആദിവാസിയുവതിയെ മഹാരാഷ്‌ട്ര ദേശെ ഗഞ്ച്‌ പൊലീസ്‌ സ്‌റ്റേഷനിൽ രണ്ട്‌ പൊലീസുകാർ കസ്‌റ്റഡിയിൽ ബലാത്സംഗം ചെയ്‌തു. 1972 മാർച്ച്‌ 26നായിരുന്നു സംഭവം. വിചാരണയിൽ,  യുവതിയുടെ അനുമതിയോടെയാണ്‌  ലൈംഗികബന്ധത്തിൽ ഏർപ്പെട്ടതെന്നായിരുന്നു സെഷൻസ്‌ കോടതിയുടെ നിഗമനം.  പൊലീസ്‌ സ്റ്റേഷനിൽവച്ച് ലൈംഗിക ബന്ധത്തിലേർപ്പെട്ടുവെന്നത്‌ കോടതി ശരിവച്ചു.  ബലാത്സംഗം തെളിയിക്കപ്പെട്ടിട്ടില്ല എന്നുകാണിച്ച്‌ പ്രതികളായ രണ്ട്‌ പൊലീസുകാരെയും വെറുതെവിട്ടു.

ഈ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. കേസ് സുപ്രീംകോടതിയിൽ എത്തിയപ്പോൾ, സംശയാസ്പദമായ ലൈംഗികബന്ധം ബലാത്സംഗമാണെന്ന് തെളിയിക്കപ്പെട്ടില്ല എന്നുപറഞ്ഞ്‌  ഹൈക്കോടതിവിധി അസാധുവാക്കി പ്രതികളെ വെറുതെവിട്ടു. സംഭവത്തിൽ പെൺകുട്ടിക്ക്‌ പരിക്കേറ്റിട്ടില്ലെന്നും യുവതിയുടെ സമ്മതത്തോടെ സമാധാനപരമായ ബന്ധമായിരുന്നുവെന്നും 1978 സെപ്‌തംബർ 15ലെ വിധിയിൽ സുപ്രീംകോടതി വ്യക്തമാക്കി. ഇതിനെതിരെ രാജ്യത്തുടനീളം വൻ പ്രതിഷേധമുയർന്നു. അന്നുവരെ നിലവിലുണ്ടായിരുന്ന ബലാത്സംഗക്കുറ്റത്തിനുള്ള നിയമത്തിൽ ഭേദഗതി വരുത്തണമെന്ന ആവശ്യം ശക്തമായി. തുടർന്നാണ്‌  1983 ൽ ഇന്ത്യൻശിക്ഷാ നിയമത്തിലെയും തെളിവ്‌ നിയമത്തിലെയും ബലാത്സംഗവുമായി ബന്ധപ്പെട്ട വകുപ്പുകളിൽ ഭേദഗതി വരുത്തിയത്‌.

ഭേദഗതികൾ

1983ലെ രണ്ടാമത്തെ ക്രിമിനൽ നിയമ ഭേദഗതിയിലൂടെ, (വകുപ്പ്‌ 114 എ) തന്റെ സമ്മതമില്ലാതെയാണ്‌ ലൈംഗിക അതിക്രമത്തിനിരയായതെന്ന്‌ പീഡനത്തിനിരയായ യുവതി  മൊഴി നൽകുകയാണെങ്കിൽ അത്‌ തെളിവായി പരിഗണിക്കണമെന്ന്‌ വ്യവസ്ഥചെയ്‌തു.  കസ്റ്റഡി ബലാത്സംഗക്കേസുകളിലും ഇത്‌ ബാധകമാക്കി.  പീഡനത്തിനിരയായ യുവതിയുടെ വ്യക്തിത്വം വെളിപ്പെടുത്തുന്ന വിവരങ്ങൾ പുറത്തുവിടുന്നത്‌ 228എ വകുപ്പ്‌ പ്രകാരം കുറ്റകൃത്യവുമാക്കി വ്യവസ്ഥചെയ്‌തു. 375 വകുപ്പിൽ ലൈംഗികബന്ധത്തിന്റെ നിർവചനത്തിൽ വ്യക്തതയില്ലെന്ന്‌ കാണിച്ച്‌ സർക്കാരിതര സംഘടന സുപ്രീംകോടതിയെ സമീപിച്ചു.  ഈ ഹർജി പരിഗണിച്ച സുപ്രീംകോടതി നിർദേശപ്രകാരം ലോ കമീഷൻ 172–--ാം റിപ്പോർട്ട്‌ ലിംഗപക്ഷപാതിത്വമില്ലാതെ ബലാത്സംഗ നിയമത്തിന്റെ വ്യാപ്തി വർധിപ്പിക്കണമെന്ന്‌ ശുപാർശചെയ്തു.

2002
ഇന്ത്യയിലെ ബലാത്സംഗനിയമം ഇന്നും ലിംഗഭേദമെന്യേ നിലനിൽക്കുന്നുണ്ടെങ്കിലും കുറ്റവാളി ഒരു ‘മനുഷ്യൻ’ മാത്രമാകുന്നു എന്നതിനാൽ, 2002ലെ ഇന്ത്യൻ തെളിവ്‌ നിയമ ഭേദഗതി ചെയ്യുന്നതിന്‌ 172–--ാം റിപ്പോർട്ട് ആധാരമാക്കി. ഈ ഭേദഗതി പ്രകാരം ബലാത്സംഗക്കേസുകളിൽ ഇരയുടെ ‘അധാർമിക സ്വഭാവം’ സംബന്ധിച്ച്‌ ചോദ്യങ്ങൾ ഉന്നയിക്കുന്നത്‌ വിലക്കിക്കൊണ്ടുള്ള വ്യവസ്ഥ ഉൾപ്പെടുത്തി.
2013
2012 ഡിസംബർ 16ന്‌ രാജ്യതലസ്ഥാനത്തുണ്ടായ നിർഭയ സംഭവത്തോടുകൂടി 2013ൽ ക്രിമിനൽ നിയമം വീണ്ടും ഭേദഗതിചെയ്തു. ഇത് ബലാത്സംഗത്തിന്റെ നിർവചനം വിപുലമാക്കുകയും ശിക്ഷ കൂടുതൽ കർശനമാക്കുകയുംചെയ്തു. രാജ്യത്തെ ക്രിമിനൽ നിയമങ്ങൾ പുനഃ-പരിശോധിക്കാനും മാറ്റങ്ങൾ ശുപാർശചെയ്യാനും രൂപീകരിച്ച ജസ്റ്റിസ് ജെ എസ്‌ വർമ കമ്മിറ്റിയുടെ ശുപാർശ പ്രകാരമായിരുന്നു പാർലമെന്റ് ഈ ഭേദഗതി വരുത്തിയത്‌. 2013 ഏപ്രിൽ രണ്ട്‌ മുതൽ ഈ ഭേദഗതികൾ പ്രാബല്യത്തിൽവന്നു. ഇതുപ്രകാരം ബലാത്സംഗക്കേസ്‌ പ്രതികളുടെ തടവുശിക്ഷ വർധിപ്പിച്ചു. ഇരകളെ കൊല്ലുകയോ ജീവച്ഛവമാക്കുകയോ ചെയ്താൽ വധശിക്ഷ ലഭിക്കുമെന്ന നിയമം ഉറപ്പാക്കി.

 സ്‌ത്രീകളെ പിന്തുടരുന്നതും ലൈഗിംകച്ചുവയോടെ സംസാരിക്കുന്നതും വിവസ്‌ത്രരാക്കുന്നതുമെല്ലാം കുറ്റകൃത്യമായി കണക്കാക്കും. അനുവാദമില്ലാതെ ശരീരത്തിൽ സ്‌പർശിക്കുക, ലൈംഗികവിക്ഷേപങ്ങൾ, ലൈംഗികവേഴ്‌ചയ്‌ക്ക്‌ നിർബന്ധിക്കുക, സ്‌ത്രീകളുടെ അനുവാദമില്ലാതെ അശ്ലീലചിത്രങ്ങൾ കാണിക്കുക എന്നിവയും കുറ്റകൃത്യമായി പരിഗണിക്കാനാകുമെന്നും വ്യവസ്ഥയുണ്ട്‌. കൂട്ടബലാത്സംഗ കേസുകളിൽ പത്തുവർഷമായിരുന്ന തടവുശിക്ഷ 20 വർഷമായി വർധിപ്പിച്ചു. സ്‌ത്രീയെ അനുവാദമില്ലാതെ പിന്തുടരുന്നത്‌ മൂന്നുവർഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാക്കി. ആസിഡ് ആക്രമണക്കേസുകളിൽ തടവുശിക്ഷ പത്തുവർഷമായി ഉയർത്തി.

2018

2018 ജനുവരിയിൽ ജമ്മു കശ്മീരിലെ കഠ്‌വയിൽ എട്ട് വയസുകാരിയെ കൂട്ട ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ സംഭവം  2018ൽ വീണ്ടും ക്രിമിനൽ നിയമ ഭേദഗതിയിലേക്ക്‌ നയിച്ചു. ഇത് 12 വയസ്സിന് താഴെയുള്ള പെൺകുട്ടിയെ ബലാത്സംഗം ചെയ്താൽ വധശിക്ഷ ഉറപ്പാക്കി. ബലാത്സംഗക്കേസുകളിൽ ഏറ്റവും കുറഞ്ഞ ശിക്ഷ 20 വർഷം തടവാക്കി വ്യവസ്ഥചെയ്‌തു. 16 വയസ്സിന് താഴെയുള്ള പെൺകുട്ടിയെ ബലാത്സംഗം ചെയ്താൽ 20 വർഷം മുതൽ ജീവിതകാലം മുഴുവൻ തടവുശിക്ഷയും ഉറപ്പാക്കി. 1860 ൽ ഐപിസി നിലവിൽ വന്നതിനുശേഷം ബലാത്സംഗത്തിനുള്ള ഏറ്റവും കുറഞ്ഞ ജയിൽ ശിക്ഷ മാറ്റമില്ലാതെ തുടരുകയായായിരുന്നു. അത്‌ ഏഴിൽ നിന്ന് 10 വർഷമായി വർധിപ്പിച്ചു. ഇതിനനുസരിച്ച്‌ തെളിവ്‌ നിയമത്തിലും മാറ്റം വരുത്തി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top