17 June Monday

ചീഫ‌് ജസ‌്റ്റിസിന‌് ക്ലീൻചിറ്റ‌് നൽകിയ നടപടി: സുപ്രീം കോടതിക്ക‌് മുന്നിൽ പ്രതിഷേധം അലയടിച്ചു

സ്വന്തം ലേഖകൻUpdated: Tuesday May 7, 2019

ന്യൂഡൽഹി > സുപ്രീംകോടതി ചീഫ‌് ജസ‌്റ്റി‌സ‌് രഞ‌്ജൻ ഗൊഗോയ‌്ക്കെതിരായ ലൈംഗികാതിക്രമ പരാതിയിൽ കഴമ്പില്ലെന്ന‌് കണ്ടെത്തി ആഭ്യന്തര അന്വേഷണസമിതി അദ്ദേഹത്തിന‌് ക്ലീൻചിറ്റ‌് നൽകിയതിൽ നിയമവൃത്തങ്ങളിലും പൊതുസമൂഹത്തിലും പ്രതിഷേധം ശക്തം. പരാതിക്കാരിയായ യുവതിയുടെ അസാന്നിധ്യത്തിലും അന്വേഷണം പൂർത്തിയാക്കി ചീഫ‌് ജസ‌്റ്റിസിന‌് ക്ലീൻചിറ്റ‌് നൽകിയ നടപടിക്കെതിരെ അഭിഭാഷകരും സാമൂഹ്യപ്രവർത്തകരും സുപ്രീം കോടതിക്ക‌് മുന്നിൽ പ്രതിഷേധ പ്രകടനം നടത്തി. ചൊവ്വാഴ‌്ച്ച പകൽ 10.30ന്‌ കോടതി ചേരുന്നതിന‌് മുൻപുതന്നെ നൂറുകണക്കിനാളുകൾ കോടതിക്ക‌് മുന്നിൽ അണിനിരന്നു. സുപ്രീം കോടതിക്ക‌് മുന്നിൽ പ്രതിഷേധം അനുവദിക്കില്ലെന്നും ജന്തർമന്ദറിലേക്ക‌് പ്രകടനം മാറ്റണമെന്നുമുള്ള പൊലീസിന്റെ നിർദേശം അവഗണിച്ചായിരുന്നു ഒത്തുകൂടൽ.

‘ശരിയായ നടപടിക്രമങ്ങൾ പാലിച്ച‌് അന്വേഷണം നടത്തുക’, ‘താങ്കൾ എത്ര ഉയരത്തിലാണെങ്കിലും അതിനേക്കാൾ ഉയരത്തിലാണ‌് നീതിയുടെ സ്ഥാനം’, ‘നിയമത്തിന്റെ പരമാധികാരം നിലനിർത്തണം’, ‘യുവതിയുടെ പരാതിയിൽ പുതിയ അന്വേഷണം പ്രഖ്യാപിക്കണം’ തുടങ്ങിയ വാചകങ്ങൾ എഴുതിയ പ്ലക്കാർഡുകൾ ഉയർത്തിപ്പിടിച്ചായിരുന്നു പ്രതിഷേധം. പ്രതിഷേധം ശക്തിപ്രാപിച്ചതോടെ പൊലീസെത്തി 50ഓളം പേരെ അറസ‌്റ്റ‌് ചെയ‌്ത‌് മന്ദിർമാർഗ‌് സ‌്റ്റേഷനിലേക്ക‌് മാറ്റി. അറസ‌്റ്റ‌് ചെയ‌്തരുടെ കൂട്ടത്തിൽ ചില മാധ്യമ പ്രവർത്തകരുമുണ്ടായിരുന്നു. ഇവരെ പിന്നീട‌് വിട്ടയച്ചെങ്കിലും പ്രതിഷേധക്കാരെ പകൽ മൂന്ന‌് വരെ കസ‌്റ്റഡിയിൽ വെച്ചു. പ്രതിഷേധം ആവർത്തിക്കാനിടയുണ്ടെന്ന റിപ്പോർട്ട‌് ലഭിച്ചതിനെ തുടർന്ന‌് പ്രദേശത്ത‌് നിരോധനാജ്ഞ പ്രഖ്യാപിച്ചു. എന്നാൽ, നേരത്തെ തന്നെ നിരോധനാജ്ഞ നിലനിൽക്കുന്ന പ്രദേശമാണിതെന്നും അവിടെ പ്രതിഷേധിച്ചതിനാണ‌് ചിലരെ അറസ‌്റ്റ‌് ചെയ‌്തതെന്നും ഡൽഹി പൊലീസ‌് അവകാശപ്പെട്ടു.

പ്രതിഷേധത്തിനിടെ ആനി രാജയെ അറസ്റ്റ്‌ ചെയ്‌ത്‌ നീക്കുന്നു.

പ്രതിഷേധത്തിനിടെ ആനി രാജയെ അറസ്റ്റ്‌ ചെയ്‌ത്‌ നീക്കുന്നു.



ആഭ്യന്തര സമിതിയുടെ അന്വേഷണ നടപടികൾ തീർത്തും നീതിരഹിതമാണെന്ന്‌ സിപിഐ എം പൊളിറ്റ്‌ ബ്യൂറോ അംഗം വൃന്ദാ കാരാട്ട്‌ പ്രതികരിച്ചു. പരാതിക്കാരിക്ക്‌ റിപ്പോർട്ടിന്റെ പകർപ്പ്‌ നൽകാത്തതിന്‌ യാതൊരു ന്യായീകരണവുമില്ല. അവർ ഈ പരാതി തള്ളിക്കളയാൻ തിടുക്കപ്പെടുമ്പോൾ സുപ്രീം കോടതി സ്വീകരിച്ച നടപടിക്രമങ്ങളെ സംബന്ധിച്ച്‌ കൂടുതൽ സംശയങ്ങൾ ഉയരുന്നു.‐ വൃന്ദാ കാരാട്ട്‌ പറഞ്ഞു.

ചീഫ‌്ജസ‌്റ്റിസിന‌് എതിരെ മുൻജീവനക്കാരി ഉന്നയിച്ച ഗുരുതരമായ ആരോപണങ്ങൾ ആഭ്യന്തരസമിതി അന്വേഷിച്ചത്‌ നടപടിക്രമങ്ങൾ പാലിച്ചല്ലെന്ന‌് വിവരാവകാശപ്രവർത്തക അഞ‌്ജലി ഭരദ്വാജ‌് ആരോപിച്ചു. പരാതിയിൽ കഴമ്പില്ലെന്ന‌് കണ്ടെത്തി മൂന്നംഗ സമിതി സമർപ്പിച്ച റിപ്പോർട്ടിന്റെ പകർപ്പ‌് പോലും പരാതിക്കാരിക്ക‌് നൽകില്ലെന്ന‌് പറയുന്നത‌് കടുത്ത അനീതിയാണ‌്. റിപ്പോർട്ട‌് പരസ്യപ്പെടുത്തിയില്ലെങ്കിലും അതിന്റെ പകർപ്പ‌് പരാതിക്കാരിക്ക‌് നൽകാൻ സമിതിക്ക‌് ബാധ്യതയുണ്ടെന്നും അവർ പറഞ്ഞു.

നിലവിലുള്ള എല്ലാ നടപടിക്രമങ്ങളും ലംഘിച്ചാണ‌് ആഭ്യന്തരസമിതി റിപ്പോർട്ട‌് സമർപ്പിച്ചതെന്ന‌് വനിതകളുടെ ദേശീയ ഫെഡറേഷൻ ജനറൽ സെക്രട്ടറി ആനിരാജ പ്രതികരിച്ചു. നീതിപൂർവ്വം അന്വേഷണം നടത്തി സത്യം പുറത്തുകൊണ്ടുവരണമെന്നാണ‌് പൊതുസമൂഹം ആവശ്യപ്പെടുന്നതെന്നും അവർ കൂട്ടിച്ചേർത്തു. രാജ്യത്തെ സ‌്ത്രീകൾക്ക‌് പരമോന്നതനീതിപീഠത്തിൽ നിന്നും നീതി ലഭിച്ചില്ലെങ്കിൽ മറ്റെവിടെ നിന്നാണ‌് നീതി ലഭിക്കുകയെന്ന‌് സാമൂഹ്യപ്രവർത്തക രാഖി സെഗാൾ ചോദിച്ചു. അർഹിച്ച നീതി ലഭിച്ചില്ലെങ്കിൽ തെരുവിലിറങ്ങി പ്രതിഷേധിക്കേണ്ടി വരും. പരാതിക്കാരിക്ക‌് നീതി ലഭിക്കുന്നത‌് വരെ പോരാട്ടം തുടരുമെന്നും അവർ പറഞ്ഞു. ജനാധിപത്യ മഹിളാഅസോസിയേഷൻ ഉൾപ്പടെയുള്ള സംഘടനകളുടെ പ്രവർത്തകരും പ്രതിഷേധത്തിൽ പങ്കെടുത്തിരുന്നു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top