20 June Thursday

പെപ‌്സികോ കേസ‌് പിൻവലിക്കുന്നത‌് ഗത്യന്തരമില്ലാതെ

സ്വന്തം ലേഖകൻUpdated: Saturday May 4, 2019

ന്യൂഡൽഹി
പ്രത്യേക ഇനം ഉരുളക്കിഴങ്ങ‌് കൃഷി ചെയ‌്തെന്ന പേരിൽ ഗുജറാത്തിലെ കർഷകർക്കെതിരെ ബഹുരാഷ്ട്ര കുത്തകയായ പെപ‌്സികോ എടുത്ത കേസുകൾ പിൻവലിക്കാൻ തീരുമാനിച്ചെങ്കിലും വിവാദം അവസാനിക്കുന്നില്ല. പ്രൊട്ടക‌്ഷൻ ഓഫ‌് പ്ലാന്റ‌് വെറൈറ്റി ആൻഡ‌് ഫാർമേഴ്സ‌് (പിപിവി ആൻഡ‌് എഫ‌്ആർ) ആക്ട‌് പ്രകാരം കർഷകർക്കെതിരെ നിയമനടപടി സ്വീകരിക്കാൻ പെപ‌്സികോയ‌്ക്ക‌് അധികാരമില്ലെന്ന‌് വിദഗ‌്ധർ പ്രതികരിച്ചു.

പിപിവി ആൻഡ‌് എഫ‌്ആർ ആക്ട‌ിലെ 39ാം വകുപ്പ‌്  കർഷകർക്ക‌് പ്രത്യേക ഇനത്തിലുള്ള ‘വിത്തുകൾ വിതയ‌്ക്കാനും വീണ്ടും വിതയ‌്ക്കാനും കൈമാറാനും വിൽക്കാനും’ അവകാശം നൽകുന്നുണ്ട‌്. ഈ നിയമത്തിലെ  42ാം വകുപ്പിലും പേറ്റന്റ‌് ലംഘിച്ചെന്ന‌് ആരോപിച്ച‌ുള്ള നിയമനടപടികളിൽനിന്ന‌് കർഷകരെ സംരക്ഷിക്കാനുള്ള വ്യവസ്ഥകളുണ്ട‌്. നിയമനടപടികളെ കുറിച്ച‌് അജ്ഞരായ കർഷകർക്കെതിരെ നടപടി സ്വീകരിക്കാൻ കഴിയില്ലെന്നുംഇതേവകുപ്പിൽ പറയുന്നു. ബഹുരാഷ്ട്രകുത്തകകളുടെ പിടിയിൽനിന്ന‌് കർഷകരെ സംരക്ഷിക്കാനുള്ള വ്യവസ്ഥകൾ ഉൾക്കൊള്ളിച്ചാണ‌് പിപിവി ആൻഡ‌് എഫ‌്ആർ ആക്ട‌് തയ്യാറാക്കിയിട്ടുള്ളതെന്ന‌് ഈ നിയമം രൂപീകരിച്ച സമിതിയിൽ അംഗമായിരുന്ന സുമൻസഹായ‌് ചൂണ്ടിക്കാട്ടി.

വിത്തുകളുടെ ബൗദ്ധികസ്വത്തവകാശത്തിലൂടെ വലിയ നേട്ടം കൊയ്യാമെന്ന‌് സ്വപ‌്നംകണ്ടിരുന്ന ബഹുരാഷ്ട്ര കുത്തകകളും ഒരുവിഭാഗം ശാസ‌്ത്രജ്ഞരും കർഷകർക്ക‌് അനുകൂലമായ വ്യവസ്ഥകൾക്ക‌് എതിരായിരുന്നു. ഇത്തരക്കാരുടെ കടുത്ത എതിർപ്പ‌് അവഗണിച്ചാണ‌് വ്യവസ്ഥകൾ നിയമത്തിൽ ഉൾപ്പെടുത്തിയതെന്നും അദ്ദേഹം പറഞ്ഞു. നിയമത്തിൽത്തന്നെ കർഷകർക്ക‌് അനുകൂലമായ വ്യവസ്ഥകൾ ഉള്ള സാഹചര്യത്തിൽ കേസ‌് പിൻവലിക്കുകയല്ലാതെ പെപ‌്സികോയ‌്ക്ക‌് വഴിയുണ്ടായിരുന്നില്ല.  ദേശീയ, അന്തർദേശീയതലത്തിൽത്തന്നെ ബഹുരാഷ്ട്രകുത്തകയ‌്ക്ക‌് എതിരെ പ്രതിഷേധം ഉയർന്നതും കേസ‌് പിൻവലിക്കാൻ കാരണമായി.

 2016ൽ മാത്രമാണ‌് പെപ‌്സികോ ‘എഫ‌്എൽ 2027’ (വാണിജ്യനാമം: എഫ‌്സി5)  ഉരുളക്കിഴങ്ങിന‌് പേറ്റന്റ‌് രജിസ‌്റ്റർ ചെയ്യുന്നത‌്. എന്നാൽ, അതിനും വർഷങ്ങൾക്ക‌് മുമ്പുതന്നെ ആ ഇനം നിലവിലുണ്ട‌്. രാജ്യത്ത‌് പ്രതിവർഷം 60,000 ടൺ  ‘എഫ‌്എൽ 2027’  ഉരുളക്കിഴങ്ങ‌് ഉൽപ്പാദിക്കുന്നുണ്ടെന്നാണ‌് ഏകദേശകണക്ക‌്. ‘ലെയ‌്സ‌്’ ചിപ്‌സ‌് ഉണ്ടാക്കാൻ ആവശ്യമായ ചെറിയശതമാനം ഉരുളക്കിഴങ്ങ‌് മാത്രമേ പെപ‌്സികോ സമാഹരിക്കുന്നുള്ളൂ. അവശേഷിക്കുന്ന വലിയ സ‌്റ്റോക്ക‌് എന്തുചെയ്യണമെന്ന കർഷകരുടെ ചോദ്യത്തിന‌്  ഉത്തരമില്ല.  പെപ‌്സികോ നിരുപാധികമായാണോ കേസ‌് പിൻവലിച്ചതെന്നതിലും അവ്യക്തയുണ്ട‌്.

കമ്പനിക്ക‌് പേറ്റന്റുള്ള വിത്തിനം കർഷകർ ഉപേക്ഷിക്കണം. അല്ലെങ്കിൽ കമ്പനിയുമായി കരാർ ഉണ്ടാക്കണം തുടങ്ങിയ വ്യവസ്ഥകൾ മുമ്പ‌് കമ്പനി ഉന്നയിച്ചിരുന്നു. ലെയ‌്സ‌ിന‌് വേണ്ടി ഉപയോഗിക്കുന്ന ഉരുളക്കിഴങ്ങ‌് കൃഷി ചെയ‌്തതിന‌് സാബർകന്ദ, ആരവല്ലി ജില്ലകളിലെ ഒമ്പത‌് കർഷകർക്കെതിരെ പെപ‌്സികോ കേസ‌് നൽകിയിരുന്നു. ഒരുകോടിയിലധികം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടായിരുന്നു കേസ‌്.


പ്രധാന വാർത്തകൾ
 Top