05 August Wednesday

'ലോകമാകെ ആ വീഡിയോ കണ്ടു, എന്നിട്ടെന്തേ കോടതി മാത്രം കണ്ടില്ല'; നിയമപോരാട്ടത്തിനൊരുങ്ങി പെഹ്‌‌‌‌ലൂഖാന്റെ മകന്‍

വെബ് ഡെസ്‌ക്‌Updated: Friday Aug 16, 2019

പെഹ്‌ലൂഖാന്റെ മകന്‍ ഇര്‍ഷാദ്, ഭാര്യ ജയ്ബുന

അല്‍വാര്‍ > ക്ഷീരകര്‍ഷകന്‍ പെഹ്‌ലുഖാനെ പശുസംരക്ഷകര്‍ തല്ലിക്കൊന്ന കേസില്‍ ആറു പ്രതികളെയും വെറുതെവിട്ട കോടതി നടപടിക്കെതിരെ കുടുംബം. ശക്തമായ തെളിവുകളുടെ അഭാവത്തില്‍ സംശയത്തിന്റെ ആനുകൂല്യം നല്‍കിയാണ് ആള്‍വാര്‍ അഡീഷണല്‍ ജുഡീഷ്യല്‍ മജിസ്ട്രേട്ട് ഡോ. സരിതാസ്വാമി വിപിന്‍യാദവ്, രവീന്ദ്രകുമാര്‍, കാലുറാം, ദയാനന്ദ്, യോഗേഷ് കുമാര്‍, ഭീംരതി എന്നീ പ്രതികളെ വെറുതെവിട്ടത്. ഹരിയാനയിലെ ക്ഷീര കര്‍ഷകനായ പെഹ്‌ലു‌ഖാനെ രാജസ്ഥാനിലെ ആള്‍വാറില്‍ 2017 ഏപ്രില്‍ ഒന്നിനാണ് പശുക്കടത്ത് ആരോപിച്ച് തല്ലിക്കൊന്നത്.

'പെഹ്‌ലൂഖാനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തുന്ന വീഡിയോ വൈറലായിരുന്നു. എല്ലാവരും അത് കണ്ടു. നിങ്ങള്‍ക്ക് ഇപ്പോള്‍ വേണമെങ്കിലും ഓണ്‍ലൈനില്‍ നോക്കിയാല്‍ വീഡിയോ കാണാനാകും. എന്നിട്ടും കോടതി മാത്രം ആ വീഡിയോയെ തെളിവായി സ്വീകരിക്കുന്നില്ല'- പെഹ്‌ലൂഖാന്റെ അഭിഭാഷകനായ അക്തര്‍ ഹുസൈന്‍ ന്യൂസ്18 ചാനലിനോട് പറഞ്ഞു.

പ്രതികള്‍ക്ക് ശിക്ഷ ലഭിക്കുത്തിനായി ഏതറ്റംവരെയും പോകുമെന്ന് പെഹ്‌‌‌ലൂഖാന്റെ മകന്‍ ഇര്‍ഷാദ് പറഞ്ഞു. 'വീട് വില്‍ക്കേണ്ടി വന്നാലും കേസ് നടത്തും. അവസാന ശ്വാസം വരെയും ഞങ്ങള്‍ നീതിലഭിക്കാനായി പോരാടും.'- ഇര്‍ഷാദ് 'ദ ഹിന്ദു'വിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

പെഹ്‌‌ലുഖാന്റെ മരണമൊഴിയുടെ അടിസ്ഥാനത്തില്‍ കേസെടുത്തവരില്‍ ആറുപേരെ രാജസ്ഥാന്‍ ക്രൈംബ്രാഞ്ച് --സിഐഡി വിഭാഗം നേരത്തെ വെറുതെവിട്ടിരുന്നു. ശേഷിക്കുന്ന ഒമ്പതു പ്രതികളില്‍ ആറുപേരെയാണ് ബുധനാഴ്ച വെറുതെ വിട്ടത്. മരണമൊഴിയില്‍ പറഞ്ഞ സംഘപരിവാര്‍ ബന്ധമുള്ളവരെ ഒഴിവാക്കി പകരക്കാരെ പ്രതികളാക്കി പൊലീസ് കുറ്റപത്രം സമര്‍പ്പിക്കുകയായിരുന്നു.

സംഭവം നടക്കുമ്പോള്‍ രാജസ്ഥാനില്‍ അധികാരത്തിലിരുന്ന ബിജെപി സര്‍ക്കാരും തീവ്രഹിന്ദുത്വ സംഘടനകളും ഇടപെട്ടാണ് അന്വേഷണം അട്ടിമറിച്ചത്. പ്രോസിക്യൂഷനും നിസംഗത പാലിച്ചതോടെ കേസിലെ മുഴുവന്‍ പ്രതികളെയും കോടതി വെറുതെവിട്ടു.

ജയ്‌പുരിലെ ചന്തയില്‍നിന്ന് കന്നുകാലികളെ വാങ്ങി മടങ്ങുമ്പോഴാണ് പെഹ്‌ലുഖാനെയും മക്കളെയും  ഗോസംരക്ഷകര്‍ ക്രൂരമായി മര്‍ദിച്ചത്. രണ്ട് ദിവസത്തിനുശേഷം പെഹ്‌ലുഖാന്‍ ആശുപത്രിയില്‍ മരിച്ചു. മെഡിക്കല്‍ രേഖകളിലെ വൈരുധ്യവും കൃത്യമായ സാക്ഷിമൊഴികളുടെ അഭാവവും നിര്‍ണായക തെളിവായ വീഡിയോ ദൃശ്യങ്ങളുടെ വിശ്വാസക്കുറവും വിധിന്യായത്തില്‍ കോടതി എടുത്തുപറഞ്ഞു. ഹൃദയാഘാതത്തെ തുടര്‍ന്നാണ് പെഹ്ലുഖാന്റെ മരണമെന്ന് സര്‍ക്കാര്‍ ആശുപത്രിയിലെ ഡോക്ടര്‍മാരുടെ റിപ്പോര്‍ട്ടില്‍ പറഞ്ഞു. ക്രൂരമായ മര്‍ദനത്തെ തുടര്‍ന്നുണ്ടായ ആന്തരികക്ഷതങ്ങളാണ് മരണകാരണമെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്.

പെഹ്‌ലുഖാനെ മര്‍ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തിയ സാക്ഷിയെ കോടതിയില്‍ എത്തിക്കുന്നതില്‍ പൊലീസ് വീഴ്ച വരുത്തി. മര്‍ദനദൃശ്യങ്ങള്‍ അടങ്ങിയ സിഡി ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ചില്ല. ഈ സാഹചര്യത്തില്‍ ദൃശ്യങ്ങള്‍ തെളിവായി സ്വീകരിക്കാന്‍ കഴിയില്ലെന്ന് കോടതി നിരീക്ഷിച്ചു. കേസുമായി ബന്ധപ്പെട്ട് 44 സാക്ഷികളെ വിസ്തരിച്ചു. ഈമാസം ഏഴിനാണ് വാദം പൂര്‍ത്തിയാക്കിയത്.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.


പ്രധാന വാർത്തകൾ
 Top