04 July Saturday

പാതാൾ ലോക്‌ വിവാദം : അനുഷ്‌കയെ ഉപേക്ഷിക്കണമെന്ന്‌ കോഹ്‌ലിയോട്‌ ബിജെപി എംഎൽഎ

വെബ് ഡെസ്‌ക്‌Updated: Thursday May 28, 2020


ലഖ്‌നൗ
അനുഷ്‌ക ശർമയിൽനിന്ന്‌ വിവാഹമോചനം നേടണണമെന്ന്‌ ക്രിക്കറ്റ് താരം വിരാട് കോഹ്‌ലിയോട്‌ ബിജെപി എംഎൽഎ. പാതാൾ ലോക് എന്ന വെബ് സീരീസുമായി ബന്ധപ്പെട്ട വിവാദത്തിലാണ്‌ നടിയുമായുള്ള ബന്ധം വിച്ഛേദിക്കാൻ കോലിയോട്‌ ബിജെപി എംഎൽഎ നന്ദകിഷോർ ​ഗുജ്റാൾ ആവശ്യപ്പെട്ടത്‌.

അനുഷ്‌ക നിര്‍മിച്ച പാതാള്‍ ലോക് കുറച്ചുദിവസംമുമ്പാണ്‌ ആമസോണ്‍ പ്രൈമില്‍ റിലീസായത്. പാതാൾ ലോക്‌ മതസൗഹാർദത്തെ തകർക്കുന്നുവെന്ന്‌‌ ​ഗുജ്‌റാൾ ആരോപിച്ചു. സീരീസിൽ  ബാലകൃഷ്‌ണ ബാജ്പേയി അവതരിപ്പിക്കുന്ന കഥാപാത്രം ദേശീയ പാത ഉദ്ഘാടനം ചെയ്യുന്ന ഒരു പത്രവാർത്ത കാണിക്കുന്ന രം​ഗമുണ്ട്‌. പത്രവാർത്തയിലെ ചിത്രത്തിൽ ​ഗുജ്റാളുമുണ്ട്. യോ​ഗി ആദിത്യനാഥിനൊപ്പം ​ഗുജ്റാൾ പങ്കെടുത്ത ഉദ്ഘാടനദൃശ്യം മോർഫ് ചെയ്‌താണ് സീരീസിൽ ഉപയോ​ഗിച്ചിരിക്കുന്നത്. ബിജെപിയുടെ പ്രതിച്ഛായ നശിപ്പിക്കാനാണ് പാതാൾ ലോകിൽ ഈ ചിത്രം മോർഫ് ചെയ്‌തതെന്ന് ​ഗുജ്റാൾ ആരോപിക്കുന്നു.

വെബ് സീരീസ് ശ്രദ്ധ നേടിയപ്പോൾതന്നെ അനുഷ്‌കയ്ക്കെതിരെ പരാതിയുമായി ഗുജ്റാൾ രം​ഗത്ത് വന്നിരുന്നു. കോഹ്‌ലി അനുഷ്‌കയെ ഉപേക്ഷിക്കണം. അതിലൂടെ ഇന്ത്യൻ ക്യാപ്റ്റനെന്ന നിലയിൽ ലോകത്തിന് ശക്തമായ സന്ദേശം കൊടുക്കണം–-ഇതായിരുന്നു ഒരു ചാനലിന് നൽകിയ അഭിമുഖത്തിൽ ​ഗുജ്റാൾ പറഞ്ഞത്.
വെബ്‌സീരീസ്‌ പ്രദർശനം‌ തടയണമെന്നാവശ്യപ്പെട്ട്‌ കേന്ദ്രമന്ത്രി പ്രകാശ്‌ ജാവദേക്കറിന്‌ ബിജെപി എംഎൽഎ കത്തെഴുതിയിരുന്നു. പാതാൾ ലോക്‌ കുറ്റാന്വേഷണ കഥയാണ്‌. ജയ്‌ദീപ് അഹ്ലാവത്, അഭിഷേക് ബാനര്‍ജി, നീരജ് കാബി എന്നിവരാണ് മറ്റ്‌ പ്രധാനവേഷങ്ങളിൽ‌.


പ്രധാന വാർത്തകൾ
 Top