21 September Saturday

പി ചിദംബരത്തിന്റെ അറസ്‌റ്റ്‌ ഭരണഘടനാവിരുദ്ധം; ബിജെപിയുടേത്‌ പകപോക്കൽ: കോൺഗ്രസ്‌ വക്‌താവ്‌

വെബ് ഡെസ്‌ക്‌Updated: Thursday Aug 22, 2019

ന്യൂഡൽഹി> മുൻ ധനകാര്യമന്ത്രി  പി ചിദംബരത്തെ  കഴിഞ്ഞ ദിവസം രാത്രിയിൽ വീട്ടിൽ അതിക്രമിച്ച്‌ കടന്ന്‌ അറസ്‌റ്റ്‌ ചെയ്‌തത്‌ ഭരണഘടനാവിരുദ്ധമാണെന്ന്‌ കോൺഗ്രസ്‌ വക്‌താവ്‌ രൺദീപ്‌ സിങ് സുർജേവാല എഐസിസി ആസ്‌ഥാനത്ത്‌ നടത്തിയ  വാർത്താസമ്മേളനത്തിൽ പറഞ്ഞു.ഇത്‌ ബിജെപിയുടെ പകപോക്കലാണെന്നും ജനാധിപത്യത്തെ  കശാപ്‌ ചെയ്യാനുള്ള ബിജെപി ശ്രമമാണ്‌ ഇന്നലെ  ഉണ്ടായതെന്നും അദ്ദേഹം പറഞ്ഞു.

ചിദംബരം നൽകിയ മുൻകൂർ ജാമ്യാപേക്ഷ കോടതിക്ക്‌ മുന്നിൽ പരിഗണനക്ക്‌ ഇരിക്കുമ്പോഴാണ്‌ അറസ്‌റ്റ്‌. സിബിഐയേയും എൻഫോഴ്‌സ്‌മെൻറ്‌ ഡയറക്‌ടറേറ്റിനേയും ഉപയോഗിച്ച്‌ ബിജെപി പകപോക്കുകയാണ്‌. കേന്ദ്രം ചില മാധ്യമങ്ങളെ ഉപയോഗിച്ച്‌ വ്യാജവാർത്തകൾ ഉണ്ടാക്കുകയാണ്‌. കേസിൽ ചിദംബരം വീണ്ടും സുപ്രീംകോടതിയെ സമീപിക്കുമെന്നും അറിയിച്ചു.കേസിൽ ഇതുവരെ കുറ്റപത്രം സമർപ്പിക്കാൻ അന്വേഷണ സംഘത്തിന്‌ ആയിട്ടില്ല.അന്വേഷണ സംഘവുമായി പി ചിദംബരം പൂർണമായി സഹകരിച്ചിട്ടുണ്ട്‌.  രാജ്യത്തെ നിയമവ്യവസ്‌ഥയിൽ വിശ്വാസമുണ്ടെന്നും സുർജേവാല പറഞ്ഞു.

ഐഎൻഎക്‌സ്‌ മീഡിയയുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിലാണ്‌ പി ചിദംബരത്തെ ഇന്നലെ രാത്രി അറസ്‌റ്റ്‌ ചെയ്‌തത്‌.ബുധനാഴ്‌ച രാത്രി 9.45 ഓടെ ഡൽഹിയിലെ ജോർബാഗിലെ വീട്ടിൽ മതിൽചാടിയെത്തിയാണ്‌ സിബിഐ സംഘം അദ്ദേഹത്തെ അറസ്‌റ്റ്‌ ചെയ്‌തത്‌.

2007ല്‍ പി ചിദംബരം ധനമന്ത്രിയായിരുന്ന കാലത്ത്  ഐഎന്‍എക്സ് മീഡിയക്ക്‌ വേണ്ടി ചട്ടങ്ങള്‍ മറികടന്ന് 305 കോടി രൂപയുടെ വിദേശനിക്ഷേപം സ്വീകരിച്ചതാണ് കേസിന് ആസ്പദമായ സംഭവം. വിദേശ നിക്ഷേപ പ്രോത്സാഹന ബോര്‍ഡിന്റെ ചട്ടപ്രകാരം 4.62 കോടി രൂപയുടെ വിദേശനിക്ഷേപം സ്വീകരിക്കാനേ കമ്പനിക്ക് അര്‍ഹതയുണ്ടായിരുള്ളൂ. വിദേശ നിക്ഷേപ പ്രോത്സാഹന ബോർഡിന് ഐഎന്‍എക്സ് മീഡിയ അപേക്ഷ നല്‍കുകയും ധനകാര്യമന്ത്രാലയം ചട്ടങ്ങള്‍ മറികടന്ന് ഇതിന് അംഗീകാരം നല്കുകയുമായിരുന്നു. ഇന്ദ്രാണി മുഖര്‍ജിയും ഭർത്താവ്‌ പീറ്റർ മുഖര്‍ജിയുമായിരുന്നു ഐഎന്‍എക്സ് മീഡിയയുടെ ഉടമകള്‍. ഇവര്‍ക്കുപുറമേ ചിദംബരത്തിന്റെ മകന്‍ കാര്‍ത്തി ചിംദബരവും കേസില്‍ പ്രതിയാണ്.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top