21 September Saturday

വീണ്ടും ‘ഓപ്പറേഷന്‍ കമല’ ; 2 കോണ്‍ഗ്രസ് എംഎല്‍എമാര്‍ ബിജെപി ക്യാമ്പില്‍

വെബ് ഡെസ്‌ക്‌Updated: Monday May 27, 2019

ബംഗളൂരു
ലോക്‌സഭാ തെരഞ്ഞെടുപ്പിലെ വിജയത്തിന‌് പിന്നാലെ  കോൺഗ്രസ‌് എംഎല്‍എമാരെ ഒപ്പം നിർത്തി കർണാടകത്തിൽ അധികാരം പിടിക്കാന്‍ ബിജെപി നീക്കം ശക്തമാക്കി. ഞായറാഴ‌്ച രണ്ട് കോൺഗ്രസ് എംഎൽഎമാർ ബിജെപി ക്യാമ്പിലെത്തി.  അസംതൃപ്തരായ അഞ്ച‌് കോണ്‍​​ഗ്രസ് എംഎല്‍എമാർ കൂടി അടുത്ത ദിവസങ്ങളിൽ തങ്ങൾക്കൊപ്പമെത്തുമെന്ന‌് ബിജെപി നേതാക്കൾ സൂചന നൽകി.   കോണ്‍​ഗ്രസ് നേതൃത്വവുമായി ഇടഞ്ഞു നില്‍ക്കുന്ന ബൽഗാം ​ഗോ​കാക് മണ്ഡലത്തില്‍ നിന്നുള്ള എംഎല്‍എ  രമേശ് ജാർക്കിഹോളി, ചിക്ക് ബെല്ലാപുര എംഎല്‍എ ഡോ. കെ  സുധാകർ എന്നിവരാണ് മുന്‍കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ എസ്  എം കൃഷ്ണയുടെ വസതിയിൽ എത്തി കൂടിക്കാഴ്ച നടത്തിയത്. ബിജെപി നേതാവും മുൻമന്ത്രിയുമായ ആർ അശോകിന്റെ സാന്നിധ്യത്തിലായിരുന്നു ചര്‍ച്ച. ബിജെപി സംസ്ഥാന അധ്യക്ഷന്‍ ബി എസ് യെദ്യൂരപ്പയും എസ‌് എം കൃഷ‌്ണയുമായും ചർച്ച നടത്തി.

സഖ്യസര്‍ക്കാരിന്റെ ശക്തരായ വിമര്‍ശകരാണ് രണ്ട് എംഎല്‍എമാരും. ബിജെപി നേതാക്കളുമായി ചർച്ച നടത്തിയതായി സമ്മതിച്ച ജാര്‍ക്കിഹോളി  ബിജെപിയിൽ ചേരാൻ പോകുന്നുവെന്ന റിപ്പോർട്ടുകൾ തള്ളി. ലോക്‌സഭാ തെരഞ്ഞെടുപ്പിലെ ബിജെപിയുടെ വിജയത്തിൽ അഭിനന്ദനം അറിയിക്കാനാണ് പോയതെന്ന് ജാർക്കിഹോളി മാധ്യമങ്ങളോട് പറഞ്ഞു.

കൂട്ടുകക്ഷി സര്‍ക്കാരിനെ മറിച്ചിടാന്‍, ഭരണപക്ഷത്തുനിന്നുള്ള എംഎല്‍എമാരെ രാജിവയ്പ്പിച്ചശേഷം അതേ മണ്ഡലത്തില്‍ ഇവരെ സ്വതന്ത്രസ്ഥാനാര്‍ത്ഥികളായി മത്സരിപ്പിച്ച് വിജയിപ്പിക്കുക എന്ന തന്ത്രമാണ് ബിജെപി നേതൃത്വം പയറ്റുന്നത്. മറുപക്ഷത്തു നിന്നും ഏഴു എംഎല്‍എമാരെ മറുകണ്ടം ചാടിക്കാനാണ് പദ്ധതി. 225 അം​ഗ നിയമസഭയില്‍ ബിജെപിക്ക് 105 അം​ഗങ്ങളാണുള്ളത്. രണ്ട് സ്വതന്ത്ര എംഎല്‍എമാര്‍ കൂടി ചേരുമ്പോള്‍ അം​ഗബലം 107 ആകും. കേവല ഭൂരിപക്ഷത്തിന് 113 അം​ഗങ്ങള്‍ വേണം. ജെഡിഎസ്- കോണ്‍​ഗ്രസ് സഖ്യത്തിന് ഇപ്പോള്‍ 117 എംഎല്‍എമാരുടെ പിന്തുണയുണ്ട്.

കൂറുമാറ്റ നിരോധനനിയമപ്രകാരം പാര്‍ടിമാറിയവരെ അയോ​ഗ്യരാക്കിയാല്‍ നിലവിലെ ഭൂരിപക്ഷംവച്ച് അധികാരം പിടിക്കാനും നീക്കമുണ്ട്. ഭരണകക്ഷിയില്‍ നിന്നും അടര്‍ത്തികൊണ്ടുവരുന്ന എംഎല്‍എമാരെ വേണ്ടിവന്നാല്‍  ​ഗോവയിലെ പഞ്ചനക്ഷത്രഹോട്ടലില്‍ താമസിപ്പിക്കാനുള്ള ആസൂത്രണമാണ് ജാര്‍ക്കഹോളിയുടെ നേതൃത്വത്തില്‍ നടക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.

നരേന്ദ്രമോഡി വീണ്ടും സത്യപ്രതിജ്ഞ ചെയ്യുന്നതുവരെ ഇത്തരം രാഷ്ട്രീയ നീക്കങ്ങള്‍ വേണ്ടെന്ന് യെദ്യൂരപ്പക്ക് ബിജെപി ദേശീയനേതൃത്വത്തില്‍ നിന്ന് നിർദേശമുണ്ട്.
കര്‍ണാടകത്തില്‍ നിന്നുള്ള എംപിമാര്‍ക്ക് കേന്ദ്രമന്ത്രിസഭയില്‍ സ്ഥാനം ഉറപ്പിക്കാനുള്ള തിരക്കിട്ട ചര്‍ച്ചയിലാണ് യെദ്യൂരപ്പ. അക്കാര്യത്തില്‍ തീരുമാനമായാല്‍ കോൺഗ്രസ‌് എംഎല്‍എമാരെ ഒപ്പം നിർത്തി മുഖ്യമന്ത്രിയാകാനാണ‌്  യെദ്യൂരപ്പയുടെ നീക്കം. ലോക‌്സഭാ തെരഞ്ഞെടുപ്പിൽ ജെഡിയു-–-കോണ്‍​ഗ്രസ് സഖ്യം വൻപരാജയം ഏറ്റുവാങ്ങിയതോടെ പല  കോൺഗ്രസ‌് എംഎൽഎമാരിലും ചാഞ്ചാട്ടം തുടങ്ങിയിട്ടുണ്ട‌്. ബംഗളൂരു ശിവാജിനഗർ എംഎൽഎ റോഷൻ ബേഗ‌് നേതൃത്വത്തിനെതിരെ പരസ്യമായി രംഗത്തുവന്നു.

കർണാടകയുടെ ചുമതലയുള്ള എഐസിസി ജനറൽസെക്രട്ടറി കെ സി വേണുഗോപാലിനെതിരെയും എംഎൽഎമാർ രംഗത്തുണ്ട‌്. കർണടാകയിലെ ദയനീയ തോൽവിക്ക‌് കെ സി വേണുഗോപാലും ഉത്തരവാദിയാണെന്നാണ‌് ഇവരുടെ നിലപാട‌്. വരും ദിവസങ്ങളിൽ കോൺഗ്രസിലെ പൊട്ടിത്തെറി രൂക്ഷമാകും.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top