18 November Monday

പൗരത്വ പട്ടികയുടെ ലക്ഷ്യം ഹിന്ദുരാഷ്ട്രം: യെച്ചൂരി

സ്വന്തം ലേഖകൻUpdated: Thursday Oct 3, 2019

ന്യൂഡൽഹി > മുസ്ലിങ്ങളെ മാത്രം പുറത്താക്കുമെന്ന്‌ പ്രഖ്യാപിച്ച പൗരത്വ പട്ടികയുടെ ലക്ഷ്യം ഹിന്ദുരാഷ്ട്രം സ്ഥാപിക്കലാണെന്ന്‌ സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. അസമിൽ 20 ലക്ഷം പേരാണ്‌ പൗരത്വ പട്ടികയിൽനിന്ന്‌ പുറത്തായത്‌. ഇതിൽ നല്ലൊരു പങ്ക്‌ ഹിന്ദുക്കളാണ്‌. ആഭ്യന്തര മന്ത്രി പറയുന്നത്‌ ഹിന്ദുക്കൾ പേടിക്കേണ്ട അവർക്ക്‌ പൗരത്വം നൽകുമെന്നാണ്‌. മുസ്ലിങ്ങളെ മാത്രമായി പുറത്താക്കുമെന്നാണ്‌. ഇതിനെതിരായ ആശയപരമായ പോരാട്ടത്തിന്‌ കമ്യൂണിസ്‌റ്റുകളാണ്‌ നേതൃത്വം നൽകേണ്ടതെന്നും ന്യൂഡൽഹിയിൽ സുർജിത് ഭവൻ ഉദ്‌ഘാടനംചെയ്‌ത്‌ അദ്ദേഹം പറഞ്ഞു.

ഫാസിസം ശക്തിപ്രാപിച്ച വർത്തമാനകാലത്തിൽ സുർജിത്തിന്റെ പേരിൽ പാർടി സ്‌കൂളെന്നത്‌ അനിവാര്യമായ ഒന്നാണ്‌. സ്വാതന്ത്ര്യഘട്ടത്തിൽ മൂന്നു ചിന്താധാരകൾ തമ്മിൽ നിലനിന്നിരുന്ന പോരാട്ടം ഇന്നും തുടരുകയാണ്‌. സ്വതന്ത്ര ഇന്ത്യയുടെ ഘടന എങ്ങനെയാകണം എന്നതിലാണ്‌ മൂന്നു ചിന്താധാരകളും വേറിട്ടുനിന്നത്‌. ഗാന്ധിജി വിഭാവനംചെയ്‌ത മതനിരപേക്ഷ ജനാധിപത്യ റിപ്പബ്ലിക് എന്നതായിരുന്നു ഒരു ചിന്താധാര. മതേതര ജനാധിപത്യഘടന നിലനിർത്തണമെങ്കിൽ രാഷ്ട്രീയ സ്വാതന്ത്ര്യത്തോടൊപ്പം സാമ്പത്തിക സ്വാതന്ത്ര്യംകൂടി സോഷ്യലിസത്തിലൂടെ മാത്രമാണ്‌ ഇത്‌ സാധ്യമെന്നുമായിരുന്നു കമ്യൂണിസ്‌റ്റ്‌ ചിന്താധാര.  മതാടിസ്ഥാനത്തിൽ രാഷ്ട്രരൂപീകരണം ലക്ഷ്യമിടുന്നതായിരുന്നു മൂന്നാമത്തെ ചിന്താധാര. ജിന്നയ്‌ക്കും രണ്ടുവർഷംമുമ്പ്‌ സവർക്കർ ദ്വിരാഷ്ട്രവാദമുയർത്തി. രാജ്യത്തിന്റെ വിഭജനത്തിന്‌ ഇത്‌ കാരണമായി. മതവാദികളാണ്‌ ഗാന്ധിജിയെ വധിച്ചത്‌. ഇന്നിപ്പോൾ അവർ അധികാരത്തിലെത്തുംവിധം ശക്തരായി. കോർപറേറ്റ്‌–-വർഗീയ കൂട്ടുകെട്ടാണ്‌ ഇപ്പോൾ രൂപപ്പെട്ടിരിക്കുന്നത്‌. മോഡി വന്നതുമുതൽ തൊഴിലാളികളും കർഷകരുമെല്ലാം പ്രതിസന്ധിയിലാണ്‌. അസഹിഷ്‌ണുതയും വിദ്വേഷവും വർധിക്കുകയാണ്‌. പൗരത്വ രജിസ്‌റ്ററും ജമ്മു–-കശ്‌മീരിനെ കീറിമുറിക്കലുമെല്ലാം ഉദാഹരണം. സുപ്രീംകോടതി ആറാഴ്‌ചത്തേക്ക്‌ ഹർജികൾ മാറ്റിയതോടെ കശ്‌മീരിലെ ദുരിതസ്ഥിതി തുടരുമെന്നും യെച്ചൂരി പറഞ്ഞു.


പ്രധാന വാർത്തകൾ
 Top