26 May Tuesday
തൂക്കുകയർ

നിർഭയ : പുലർച്ചെ അഞ്ചരയ്‌ക്ക്‌ വധശിക്ഷ ; നാലുപേരെ ഒരേ സമയം തൂക്കിലേറ്റുന്നത്‌ ആദ്യം

എം പ്രശാന്ത‌്Updated: Friday Mar 20, 2020

ന്യൂഡൽഹി

നിയമവഴികളെല്ലാം അടഞ്ഞതോടെ നിർഭയക്കേസിൽ നാലുകുറ്റവാളികൾക്കും അനിവാര്യമായ വധശിക്ഷ. രാഷ്ട്രപതിയും സുപ്രീംകോടതിയും ഡൽഹി പട്യാല ഹൗസ്‌ കോടതിയും അവസാന നിമിഷ അപേക്ഷകൾ തള്ളിയതോടെ വെള്ളിയാഴ്‌ച പുലർച്ചെ അഞ്ചരയ്‌ക്ക്‌ വധശിക്ഷയ്‌ക്ക്‌ കളമൊരുങ്ങി. വായനക്കാരിലേക്ക്‌ പത്രം എത്തുമ്പോഴേക്കും തിഹാർ ജയിലിൽ ശിക്ഷ നടപ്പാകും. രാജ്യത്ത്‌ ആദ്യമായാണ്‌ നാലുപേർ ഒരേസമയം തൂക്കിലേറ്റപ്പെടുന്നത്‌.


 

മുകേഷ്‌ സിങ്‌ (32), അക്ഷയ്‌കുമാർ സിങ്‌ (31), വിനയ്‌ ശർമ (26), പവൻ ഗുപ്‌ത (25) എന്നിവർക്ക്‌  തിഹാറിലെ മൂന്നാം നമ്പർ ജയിലിൽ പുലർച്ചെ 5.30നാണ്‌  വധശിക്ഷ. മറ്റൊരുപ്രതി രാംസിങ്‌ നേരത്തെ തിഹാർ ജയിലിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ചു. പ്രായപൂർത്തിയാകാത്ത പ്രതിയെ ജുവനൈൽ ഹോമിൽ നിശ്ചിത നാൾ കഴിഞ്ഞശേഷം വിട്ടയച്ചു.

കുറ്റക്കാരുടെ അഭിഭാഷകനായ എ പി സിങ്‌  ശിക്ഷ ഒഴിവാക്കുന്നതിന്‌ അവസാനവട്ട ശ്രമം നടത്തി. പവൻ ഗുപ്‌ത സമർപ്പിച്ച രണ്ടാം ദയാ ഹർജി വ്യാഴാഴ്‌ച രാവിലെ രാഷ്‌ട്രപതി രാംനാഥ്‌ കോവിന്ദ്‌ നിരാകരിച്ചു.  മരണ വാറന്റ്‌ സ്‌റ്റേ ചെയ്യണമെന്ന ആവശ്യം  പട്യാല ഹൗസ്‌ കോടതിയും തള്ളി.   അതിനിടെ, പവൻ ഗുപ്‌ത സമർപ്പിച്ച രണ്ടാത്തെ തിരുത്തൽ ഹർജിയും സുപ്രീംകോടതി തള്ളി.  സംഭവം നടക്കുമ്പോൾ ഡൽഹിയിൽ ഇല്ലായിരുന്നുവെന്ന വാദവുമായി മുകേഷ്‌ സിങ്‌ വീണ്ടും സുപ്രീംകോടതിയെ സമീപിച്ചെങ്കിലും കോടതി തള്ളി.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top