12 July Sunday

അതിഥിത്തൊഴിലാളികളോടുള്ള സമീപനം അപരിഷ്‌കൃതം : ദേശീയ മനുഷ്യാവകാശ കമീഷൻ

വെബ് ഡെസ്‌ക്‌Updated: Saturday May 30, 2020


ന്യൂഡൽഹി
അതിഥിത്തൊഴിലാളികളോടുള്ള ഇന്ത്യൻ റെയിൽവേയുടെ പെരുമാറ്റം അപരിഷ്‌കൃതമാണെന്ന്‌ ദേശീയ മനുഷ്യാവകാശ കമീഷൻ. വിവിധ സംസ്ഥാനങ്ങളിൽ കുടുങ്ങിയ അതിഥിത്തൊഴിലാളികളെ നാട്ടിലെത്തിക്കുന്നതിൽ റെയിൽവേ ഗുരുതര അലംഭാവം കാണിക്കുകയാണെന്നും മനുഷ്യാവകാശ കമീഷൻ ചൂണ്ടിക്കാട്ടി. കേന്ദ്ര ആഭ്യന്തരസെക്രട്ടറി, ഗുജറാത്ത്‌, ബിഹാർ ചീഫ്‌സെക്രട്ടറിമാർ, റെയിൽവേ ബോർഡ്‌ ചെയർമാൻ തുടങ്ങിയവരിൽനിന്ന്‌ റിപ്പോർട്ട്‌ തേടിക്കൊണ്ടുള്ള നോട്ടീസിലാണ്‌ മനുഷ്യാവകാശ കമീഷന്റെ പ്രതികരണം. നാലാഴ്‌ചയ്‌ക്കുള്ളിൽ റിപ്പോർട്ട്‌ സമർപ്പിക്കാൻ കമീഷൻ‌ നിർദേശംനൽകി.

തൊഴിലാളികൾക്കുള്ള പ്രത്യേക ട്രെയിനുകളിൽ പട്ടിണിമരണമുണ്ടായതും ഗുജറാത്തിൽനിന്നുള്ള ട്രെയിൻ ബിഹാറിൽ എത്താൻ ഒമ്പത്‌ ദിവസമെടുത്തതും പല ട്രെയിനുകൾ വഴിതെറ്റിയതും  ഉൾപ്പെടെ നിരവധി സംഭവങ്ങൾ വലിയ വാർത്തയായ സാഹചര്യത്തിലാണ്‌ മനുഷ്യാവകാശ കമീഷന്റെ ഇടപെടൽ. 
മനുഷ്യത്വരഹിതമായി പെരുമാറരുത്‌

മോശം കാലാവസ്ഥ കാരണം ട്രെയിനുകൾ വൈകുന്നത്‌ മനസ്സിലാക്കാമെന്നും എന്നാൽ,  ട്രെയിൻ എത്തേണ്ട സ്ഥലത്തിനു പകരം മറ്റെവിടെയോ എത്തി എന്നത്‌ അവിശ്വസനീയമാണെന്നും- കമീഷൻ നിരീക്ഷിച്ചു. പാവപ്പെട്ടവരാണ്‌ എന്ന ഒറ്റക്കാരണത്താൽ തൊഴിലാളികളോട്‌ മനുഷ്യത്വരഹിതമായി പെരുമാറരുത്‌. തൊഴിലാളികളെ തിരിച്ചെത്തിക്കുന്നതിൽ സർക്കാർ ഏജൻസികളുടെ ഭാഗത്തുനിന്ന്‌ വലിയ വീഴ്‌ചയുണ്ടാകുന്നുണ്ട്‌. അടച്ചുപൂട്ടൽ കാരണമുള്ള അസാധാരണ സാഹചര്യമാണ്‌ എല്ലാ വീഴ്‌ചകൾക്കും പിന്നിലെന്ന ന്യായീകരണം അംഗീകരിക്കാൻ കഴിയില്ല. ദുരിതത്തിലായ മനുഷ്യരോടുള്ള മോശം പെരുമാറ്റം ആശങ്കപ്പെടുത്തുന്നു‌. ഇത്തരം പെരുമാറ്റങ്ങളെ അപരിഷ്‌കൃതമെന്നു  വിശേഷിപ്പിക്കേണ്ടിവരും. 

ദുരിതം തുടരുന്നു
ട്രെയിനുകൾ ഓടാൻ തുടങ്ങിയിട്ടും യാത്രച്ചെലവ്‌ സർക്കാരുകൾ വഹിക്കാൻ തയ്യാറായിട്ടും അതിഥിത്തൊഴിലാളികളുടെ ദുരിതത്തിന്‌ അറുതിയില്ലെന്നും മനുഷ്യാവകാശ കമീഷൻ വിലയിരുത്തി. ശാരീരിക അകലം പാലിക്കാതെ കൂട്ടത്തോടെ ബസിൽ കയറ്റി റെയിൽവേ സ്‌റ്റേഷനുകളിൽ എത്തിക്കുന്നതായും അവിടെ അവർ മണിക്കൂറുകളോളം കൂട്ടംകൂടി നിൽക്കുന്നതായും റിപ്പോർട്ടുകളുണ്ട്‌. ഭക്ഷണം, കുടിവെള്ളം, ടോയ്‌ലെറ്റ്‌ സൗകര്യം ഒന്നുമില്ലാതെ തൊഴിലാളികൾ വലയുകയാണ്‌. സ്‌ത്രീകൾ, പ്രായമായവർ, കുട്ടികൾ, അസുഖബാധിതർ തുടങ്ങിയവർ വലിയ ബുദ്ധിമുട്ടനുഭവിക്കുന്നുണ്ട്‌. മണിക്കൂറുകൾ കാത്തിരുന്നശേഷം ട്രെയിനുകൾ റദ്ദാക്കിയെന്നു പറഞ്ഞ്‌ പലയിടത്തും തൊഴിലാളികളെ മടക്കി അയക്കുന്ന കാര്യവും ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും മനുഷ്യാവകാശ കമീഷൻ പറഞ്ഞു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top