26 September Saturday

ജിഎസ്‌ടി നഷ്ടപരിഹാരം പൂർണമായി നൽകണം:‌ സിപിഐ എം

വെബ് ഡെസ്‌ക്‌Updated: Thursday Jul 30, 2020


ന്യൂഡൽഹി
സംസ്ഥാനങ്ങൾക്ക്‌ ജിഎസ്‌ടി നഷ്ടപരിഹാരം പൂർണതോതിൽ നൽകാനാകില്ലെന്ന കേന്ദ്ര നിലപാട്‌ അംഗീകരിക്കാനാകില്ലെന്ന്‌ സിപിഐ എം പൊളിറ്റ്‌ബ്യൂറോ. നടപ്പുവർഷം ആദ്യപാദത്തിൽ സംസ്ഥാനങ്ങൾക്ക്‌ നൽകേണ്ട ജിഎസ്‌ടി നഷ്ടപരിഹാരം പൂർണമായിത്തന്നെ ഉടൻ നൽകണം.

കഴിഞ്ഞ സാമ്പത്തികവർഷം അവസാനിച്ച്‌ നാലുമാസത്തിനുശേഷം മാർച്ച്‌ 31 വരെയുള്ള ജിഎസ്‌ടി നഷ്ടപരിഹാരം നൽകാൻ കേന്ദ്രം തയ്യാറായി.   2020–-21 സാമ്പത്തികവർഷത്തിലെ വരുമാനം പങ്കുവയ്‌ക്കൽ അനുപാതപ്രകാരം സംസ്ഥാനങ്ങൾക്ക്‌  വിഹിതം നൽകാൻ കേന്ദ്രത്തിനാകില്ലെന്നാണ്‌ പാർലമെന്ററി സ്റ്റാൻഡിങ്‌ കമ്മിറ്റിമുമ്പാകെ ധനസെക്രട്ടറി പറഞ്ഞത്‌.

ജിഎസ്‌ടി നടപ്പാക്കി ആദ്യ അഞ്ചുവർഷം സംസ്ഥാനങ്ങൾക്ക്‌ നഷ്ടപരിഹാരം നൽകാമെന്ന്‌ കേന്ദ്രം ഉറപ്പുനൽകിയതാണ്‌. ചില പരോക്ഷ നികുതികൾ ഏർപ്പെടുത്തുന്നതിന് സംസ്ഥാനങ്ങൾക്കുണ്ടായിരുന്ന അധികാരം എടുത്തുകളഞ്ഞതിന്റെ ഭാഗമായാണിത്‌. നഷ്ടപരിഹാരം ജിഎസ്‌ടി നിയമത്തിലുള്ളതാണ്‌. ഇത്‌ ജിഎസ്‌ടി കൗൺസിൽ അംഗീകരിച്ചതാണ്‌. കേന്ദ്രം ഇതിൽനിന്ന്‌ പിന്തിരിയുന്നത്‌ അധികാരകേന്ദ്രീകരണം തീവ്രമാക്കും. ഇത്‌ ഫെഡറൽ തത്വങ്ങൾക്ക്‌ വിരുദ്ധവും സംസ്ഥാനങ്ങൾക്ക്‌ അർഹമായ വരുമാനം നിഷേധിക്കുന്നതുമാണ്‌.

കോവിഡ്‌ പ്രതിരോധത്തിന്‌ ഊന്നൽ നൽകേണ്ടതിനാൽ ജിഎസ്‌ടി നഷ്ടപരിഹാരം  കൂടുതൽ ആവശ്യമാണ്‌. പിഎംകെയർ എന്ന പേരിൽ കോവിഡിനെ ചെറുക്കാനായി സുതാര്യമല്ലാത്ത രീതിയിൽ സമാഹരിച്ച പണമത്രയും സംസ്ഥാനങ്ങൾക്ക്‌ കൈമാറണം. നടപ്പുവർഷം ആദ്യപാദത്തിലെ ജിഎസ്‌ടി നഷ്ടപരിഹാരം പൂർണമായി എത്രയുംവേഗം കൈമാറണം –- പിബി ആവശ്യപ്പെട്ടു.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top