15 July Wednesday

ഇന്ത്യ ചൈന കമാൻഡർമാർ തമ്മിൽ മൂന്നാംവട്ട ചർച്ച ഇന്ന്‌

വെബ് ഡെസ്‌ക്‌Updated: Tuesday Jun 30, 2020


ന്യൂഡൽഹി
കിഴക്കൻ ലഡാക്കിൽ  സംഘർഷം പുകയവെ ഇന്ത്യ–- ചൈന കോർ കമാൻഡർതല മൂന്നാംവട്ട ചർച്ച ചൊവ്വാഴ്‌ച നടക്കും.  രണ്ട്‌ ചർച്ചയും ചുഷൂവിൽ ചൈനീസ്‌ നിയന്ത്രണത്തിലുള്ള മോൾഡോയിലാണ്‌ നടന്നതെങ്കിൽ മൂന്നാംവട്ട ചർച്ച ഇന്ത്യൻഭാഗത്താണ്‌. സേനാപിന്മാറ്റത്തിനായി എത്തിച്ചേർന്ന ധാരണ മുന്നോട്ടുകൊണ്ടുപോവുകയാണ്‌ അജൻഡ. നിലവിലെ പ്രതിസന്ധിയുടെ ഭാഗമായി സംഘർഷമുണ്ടായ എല്ലാ ഭാഗങ്ങളിലെയും സാഹചര്യം ചർച്ചചെയ്യുമെന്ന്‌ സേനാകേന്ദ്രങ്ങൾ പറഞ്ഞു.

ലേ 14–-ാം കോർ കമാൻഡർ ലഫ്‌. ജനറൽ ഹവീന്ദർ സിങ്ങും ചൈനയിലെ ദക്ഷിണ ഷിൻജിയാങ്‌ കമാൻഡർ ലിയു ലിന്നുമാണ്‌  ചർച്ച നയിക്കുക. ജൂൺ ആറിനു നടന്ന ആദ്യ ചർച്ച നാല്‌ മണിക്കൂറും 22ന്റെ  രണ്ടാംവട്ട ചർച്ച 11 മണിക്കൂറും  നീണ്ടു.

അതിനിടെ, ചൈനീസ്‌ സൈന്യം നീക്കങ്ങൾ നടത്തുന്ന ദെസ്‌പാങ്‌, ദെംചോക്‌, ഗോഗ്ര, ഗൽവാൻ, പാംഗോങ്‌ തടാകം, ട്രിങ്‌ കുന്നുകൾ, ചമർ എന്നീ ഭാഗങ്ങളിൽ ഇന്ത്യ സേനാവിന്യാസം ശക്തമാക്കി. തർക്കം പരിഹരിക്കാൻ നയതന്ത്ര, -സൈനിക ചർച്ചകൾ തുടരണമെന്നതാണ്‌ ഇന്ത്യയുടെ നയമെങ്കിലും പ്രകോപനങ്ങൾക്ക്‌ അതേ നാണയത്തിൽ തിരിച്ചടി നൽകാൻ സൈന്യത്തിന്‌ അനുമതി നൽകിയിട്ടുണ്ട്‌. ലഡാക്കിലേക്ക്‌ കൂടുതൽ സൈനികരെ നിയോഗിച്ചു.

നിയന്ത്രണരേഖയെക്കുറിച്ച്‌ ചൈനയുടെ അവകാശവാദവും മറികടന്ന്‌ 423 മീറ്റർ അവർ ഇന്ത്യൻഭാഗത്തേക്ക്‌ കടന്നതായി ഉപഗ്രഹദൃശ്യങ്ങൾ വ്യക്തമാക്കി. ചൈനയുടെ 14 കൂടാരവും നിരവധി വാഹനങ്ങളും ഈ ഭാഗത്തുണ്ട്‌.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top