11 July Saturday

രണ്ടാം മോഡി സർക്കാരിന്‌ ഇന്ന്‌ ഒരു വർഷം; വാഗ്‌ദാനങ്ങൾ ബാക്കി , കർഷകർക്ക്‌ ദുരിതം മാത്രം

സാജൻ എവുജിൻUpdated: Saturday May 30, 2020


ന്യൂഡൽഹി
കർഷകർക്ക്‌ വലിയ വാഗ്‌ദാനങ്ങൾ നൽകിയാണ്‌ മോഡിസർക്കാർ വീണ്ടും അധികാരത്തിൽ വന്നത്‌. കർഷകർക്ക്‌ പ്രതിവർഷം 6000 രൂപ വരുമാനം ഉറപ്പാക്കാൻ 2019ലെ തെരഞ്ഞെടുപ്പിനു മുന്നോടിയായി പ്രഖ്യാപിച്ച പ്രധാൻമന്ത്രി കിസാൻ സമ്മാൻനിധി പല കേന്ദ്രത്തിലും വലിയ പ്രതീക്ഷയാണ്‌ നൽകിയത്‌. വിളനാശത്തിനു നഷ്ടപരിഹാരം, കുറഞ്ഞ പലിശയിൽ വായ്‌പ,  കാർഷികമേഖലയിൽ കൂടുതൽ നിക്ഷേപം തുടങ്ങിയ വാഗ്‌ദാനങ്ങളും വന്നതോടെ ബിജെപിക്ക്‌ അധികാരത്തുടർച്ച ലഭിച്ചാൽ കർഷകരെയും കാർഷികമേഖലയെയും കാര്യമായി പരിഗണിക്കുമെന്ന പ്രതീതിയുണ്ടായി. എന്നാൽ, കാർഷികമേഖലയെ കോർപറേറ്റുകൾക്ക്‌ തീറെഴുതുന്നതാണ്‌ ഒരു വർഷത്തെ സർക്കാർ നടപടികൾ. അവസാനം ആത്മനിർഭർ ഭാരത്‌ പാക്കേജിന്റെ ഭാഗമായി ധനമന്ത്രി നിർമല സീതാരാമൻ നടത്തിയ പ്രഖ്യാപനങ്ങളും കർഷകരോടുള്ള കൊടുംവഞ്ചനയായി.

വിളകൾ ന്യായ വിലയിൽ കർഷകരിൽനിന്ന്‌ സംഭരിക്കുമെന്ന വാഗ്‌ദാനത്തിൽനിന്ന്‌ സർക്കാർ പിന്മാറി. കേന്ദ്രം നിശ്ചയിച്ച താങ്ങുവിലയിൽ കൂടുതൽ കർഷകർക്ക്‌ ബോണസ്‌ നൽകുന്ന സംസ്ഥാനങ്ങളിൽനിന്ന്‌ എഫ്‌സിഐ സംഭരണം നടത്തില്ലെന്ന്‌ നോട്ടീസ്‌ നൽകി. ഒടുവിൽ, ഉൽപ്പന്നങ്ങൾക്ക്‌ ‌മെച്ചപ്പെട്ട വില ലഭ്യമാക്കാനെന്നപേരിൽ അവശ്യവസ്‌തു നിയമം ഭേദഗതി ചെയ്യുകയാണ്‌.

അവശ്യവസ്‌തുക്കൾ സ്വകാര്യവ്യക്തികൾ പരിധിയിൽ കൂടുതൽ സംഭരിക്കുന്നതും വിതരണം ചെയ്യുന്നതും നിയന്ത്രിക്കാൻ 1955ൽ കൊണ്ടുവന്ന നിയമമാണിത്‌. ഭക്ഷ്യധാന്യങ്ങൾ, ഉള്ളി, ഉരുളക്കിഴങ്ങ്‌, എണ്ണവിത്തുകൾ, ഭക്ഷ്യഎണ്ണകൾ എന്നിവയെ ഈ നിയമത്തിന്റെ പരിധിയിൽനിന്ന്‌ ഒഴിവാക്കാൻ തീരുമാനിച്ചു. ഇവ എത്രവേണമെങ്കിലും സംഭരിക്കാനും വിപണിയിൽ വിതരണം ചെയ്യാനും ഇനി കോർപറേറ്റുകൾക്ക്‌ കഴിയും.

വിളകൾ സംഭരിക്കാൻ കാർഷികോൽപ്പന്ന വിപണനസമിതികൾക്ക്‌ മാത്രമായിരുന്ന അവകാശം എടുത്തുകളയുന്നു‌. കാർഷികോൽപ്പന്നങ്ങളുടെ അന്തർ സംസ്ഥാന കടത്തിനുണ്ടായിരുന്ന നിയന്ത്രണവും  ഇല്ലാതായി. വൻതോതിൽ പൂഴ്‌ത്തിവയ്‌പിനും കരിഞ്ചന്തയ്‌ക്കും ഇടയാക്കുമിത്‌. കൃഷിയിറക്കുമ്പോൾ തന്നെ വില നിശ്ചയിച്ചുനൽകി കർഷകരെ എന്നേയ്‌ക്കുമായി ബാധ്യതയിൽ കുടുക്കാൻ കമ്പനികൾക്കു കഴിയും. കയറ്റുമതിക്കാർക്ക്‌ അവശ്യവസ്‌തു നിയമത്തിലെ വ്യവസ്ഥകൾ ബാധകമല്ല. രാജ്യത്തിന്റെ ഭക്ഷ്യസുരക്ഷയെ ഇത്‌ അപകടത്തിലാക്കും.ഹരിതവിപ്ലവത്തിന്റെ തട്ടകങ്ങളായ പഞ്ചാബിലും ഹരിയാനയിലും അടക്കം കർഷക ആത്മഹത്യകൾ പെരുകിവരുമ്പോഴാണ്‌ സർക്കാരിന്റെ ഇത്തരം പ്രഹരങ്ങൾ.


മോഡി സർക്കാരിന്‌ ഇന്ന്‌ ഒരു വർഷം
നരേന്ദ്രമോഡിയുടെ നേതൃത്വത്തിലുള്ള രണ്ടാം മന്ത്രിസഭയ്‌ക്ക്‌ ശനിയാഴ്‌ച ഒരാണ്ട്‌ പൂർത്തിയാവും. 2019 മെയ്‌ 30നാണ്‌ മോഡിയുടെ നേതൃത്വത്തിലുള്ള രണ്ടാം മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്‌ത്‌ അധികാരമേൽക്കുന്നത്‌. ആദ്യമായാണ്‌ ബിജെപി നേതൃത്വം നൽകുന്ന സർക്കാരിന്‌ കേന്ദ്രത്തതിൽ ഭരണത്തുടർച്ചയുണ്ടാകുന്നത്‌.

രണ്ടാം മോഡി സർക്കാർ ഒരുവർഷം പൂർത്തിയാക്കി കാലെടുത്തുവയ്‌ക്കുന്നത്‌‌ മുമ്പില്ലാത്ത പ്രതിസന്ധി നിറഞ്ഞ ഭാവിയിലേക്കാണ്‌‌. കോവിഡ്‌ നേരിടാൻ ഫലപ്രദമായ നടപടിയെടുക്കുന്നതിൽ പതറുന്ന രാജ്യം രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയാണ്‌ അഭിമുഖീകരിക്കുന്നത്‌. 2019–-20ലെ ജിഡിപി വളർച്ച 3.1 ശതമാനമായാണ്‌ ഇടിഞ്ഞത്‌. ഇത്‌ കോവിഡ്‌ വ്യാപനത്തിനും അടച്ചിടലിനും‌ മുമ്പുള്ള സ്ഥിതിയാണ്‌. അടച്ചിടലോടെ നടപ്പുവർഷം സ്ഥിതി കൂടുതൽ വഷളാകും.

 


പ്രധാന വാർത്തകൾ
 Top