04 July Saturday

ഗുജറാത്ത്‌ സർക്കാരിനെ വിമർശിച്ചു; ജഡ്‌ജിക്ക്‌ കസേര തെറിച്ചു

വെബ് ഡെസ്‌ക്‌Updated: Saturday May 30, 2020


ന്യൂഡൽഹി
കോവിഡ്‌ പ്രതിരോധത്തിൽ ഗുജറാത്ത്‌ സർക്കാർ പൂർണപരാജയമാണെന്ന്‌ ചൂണ്ടിക്കാണിച്ച ഹൈക്കോടതി ജഡ്‌ജിയെ കേസ്‌ പരിഗണിക്കുന്ന ബെഞ്ചിന്റെ അധ്യക്ഷസ്ഥാനത്തുനിന്ന്‌ മാറ്റി. അഹമ്മദാബാദ്‌ സിവിൽ ആശുപത്രിയുൾപ്പെടെ സംസ്ഥാനത്തെ ആശുപത്രികളുടെ ദുരവസ്ഥ ചൂണ്ടിക്കാണിച്ച ഡിവിഷൻ ബെഞ്ചിന്‌ നേതൃത്വം കൊടുത്ത ജസ്‌റ്റിസ്‌ ജെ ബി പാർധിവാലയെയാണ്‌ നീക്കിയത്‌. 

ഹൈക്കോടതി ചീഫ്‌ജസ്‌റ്റിസ്‌ വിക്രംനാഥ്‌ അധ്യക്ഷനായ ബെഞ്ചാണ്‌ ഇനി കേസ്‌ പരിഗണിക്കുക. ബെഞ്ചിൽ ജസ്റ്റിസ്‌ പാർധിവാല അംഗം മാത്രമാണ്‌.
സിവിൽ ആശുപത്രിയിലെ സാഹചര്യങ്ങൾ മോശമാണെന്നു ചൂണ്ടിക്കാണിച്ച്‌ കോവിഡ്‌ ബാധിതനായ ആരോഗ്യപ്രവർത്തകൻ അയച്ച കത്ത്‌ പൊതുതാൽപ്പര്യ ഹർജിയായി പരിഗണിച്ചാണ്‌ ജസ്‌റ്റിസ്‌ ജെ ബി പാർധിവാല, ജസ്‌റ്റിസ്‌ ഇലേഷ്‌ വോഹ്‌റ എന്നിവർ അംഗങ്ങളായ ബെഞ്ച്‌ ഗുജറാത്ത്‌ സർക്കാരിനെ രൂക്ഷമായി വിമർശിച്ചത്‌.

ഗുജറാത്തിലെ ആരോഗ്യസംവിധാനം  മുങ്ങിയ ടൈറ്റാനിക്കാണെന്നും സിവിൽ ആശുപത്രി തടവറയ്‌ക്കു തുല്യമാണെന്നും ബെഞ്ച്‌ വിമർശിച്ചിരുന്നു. കോടതിയുടെ നിരീക്ഷണങ്ങൾ വലിയ വാർത്തയായതോടെ വിജയ്‌റൂപാണി സർക്കാർ പ്രതിരോധത്തിലായി.സംസ്ഥാന സർക്കാർ നൽകിയ വിശദീകരണത്തിൽ തൃപ്‌തിയില്ലെന്നും ആശുപത്രികളിൽ ഏതുനിമിഷവും കോടതി മേൽനോട്ടത്തിൽ മിന്നൽപരിശോധന നടന്നേക്കാമെന്നും ജസ്‌റ്റിസ്‌ ജെ ബി പാർധിവാല  മുന്നറിയിപ്പു നൽകിയിരുന്നു. ഇതിനുപിന്നാലെയാണ്‌ നീക്കിയത്‌.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top