28 September Monday

മുംബൈയില്‍ കൂട്ടപ്രതിരോധം; 57 ശതമാനം പേരിലും രോഗം വന്നുപോയി : സെറോ സർവേ

വെബ് ഡെസ്‌ക്‌Updated: Wednesday Jul 29, 2020


ന്യൂഡൽഹി
മുംബൈ നഗരത്തിലെ  ചേരികളിലെ 57 ശതമാനം പേരിലും രോഗാണു വന്നുപോയതായി  സെറോ സർവേയിൽ കണ്ടെത്തി. മറ്റ് മേഖലകളില്‍ 16 ശതമാനം പേരിലും കോവിഡ്‌ വന്നുപോയതായി തെളിയിക്കുന്ന ആന്റിബോഡി സാന്നിധ്യം സ്ഥിരീകരിച്ചു.

ദഹിസർ, മാട്ടുംഗ, ചെമ്പൂർ മേഖലകളിലായി 6934 പേരെ‌‌ കോവിഡ്‌ വ്യാപനം മനസ്സിലാക്കാനുള്ള സെറോ സർവേയ്‌‌ക്ക്‌ വിധേയമാക്കി. 40 ശതമാനത്തിലും രോഗാണുക്കളെ ചെറുക്കുന്ന ആന്റിബോഡി സാന്നിധ്യം കണ്ടെത്തി. ചേരികളിൽ കഴിയുന്ന മൂവായിരത്തോളം പേരെ പരിശോധിച്ചതില്‍ 1600പേരും രോ​ഗംവന്നുപോയവരോ രോ​ഗികളോ ആണെന്ന് സ്ഥിരീകരിച്ചു.സെറോ സർവേയിൽ പങ്കെടുത്തവരാരും നേരത്തെ ആർടി–- പിസിആർ പരിശോധന നടത്തിയവരല്ല.
മുംബൈയിലെ ചേരികളിൽ കോവിഡിനെതിരായ കൂട്ടപ്രതിരോധം (ഹെർഡ്‌ ഇമ്യൂണിറ്റി) ഉടലെടുത്തുവെന്ന സൂചനകളാണ്‌ സർവേ നൽകുന്നത്‌.

സമൂഹത്തിലെ 50–-60 ശതമാനം പേർ രോഗത്തെ അതിജീവിച്ച്‌‌ പ്രതിരോധ ശേഷി കൈവരിക്കുന്നതിനെയാണ്‌ കൂട്ടപ്രതിരോധമായി വിലയിരുത്തപ്പെടുന്നത്‌.

വ്യാപനം കുറയുന്നു
ആഗോള ഹോട്ട്‌‌സ്‌പോട്ടായ മുംബൈയിൽ കോവിഡ്‌ വ്യാപനത്തിൽ 100 ദിവസത്തെ ഏറ്റവും കുറഞ്ഞ നിരക്ക്‌ രേഖപ്പെടുത്തി. തിങ്കളാഴ്‌ച 700 പേർക്കുമാത്രമാണ്‌ രോഗം സ്ഥിരീകരിച്ചത്‌. 8776 പരിശോധനയിൽനിന്നാണ്‌ ഇത്രയും രോഗികൾ. ഇതുവരെയുള്ളതിൽ ഏറ്റവും കൂടുതൽ പരിശോധന നടത്തിയ ദിവസത്തിലാണ്‌ രോഗം കുറവെന്നതും ശ്രദ്ധേയമാണ്‌.

നഗരത്തിലെ രോഗം ഇരട്ടിക്കുന്നത്‌ 68 ദിവസമായി മാറി. ജൂലൈ 20 മുതൽ 26വരെയുള്ള രോഗനിരക്ക്‌ 1.03ശതമാനം മാത്രമാണ്‌.
മുംബൈയിലെ 1,10,182 രോഗികളിൽ 73ശതമാനം പേരും രോഗമുക്തി നേടി. 21,812 പേർ മാത്രമാണ്‌ ചികിത്സയിലുള്ളത്‌. അതേസമയം മഹാരാഷ്ട്രയിലെ രോഗത്തിന്റെ തോത്‌ കൂടുതലുള്ള താനെയിൽ 34,471 പേരും പുണെയിൽ 48,672 പേരുമാണ്‌ ചികിത്സയിലുള്ളത്‌. മഹാരാഷ്ട്രയിൽ 3,91,440 പേർക്കാണ്‌ രോഗം സ്ഥിരീകരിച്ചത്‌. 14,469 പേർ മരിച്ചു.
 

 


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top