14 October Monday

വിമാനത്താവള കൈമാറ്റം: അദാനിക്കായി നിയമം വഴിമാറി

എം അഖിൽUpdated: Monday Jul 29, 2019

ന്യൂഡൽഹി > രാജ്യത്തെ ആറ്‌ വിമാനത്താവളം  അദാനി എന്റർപ്രൈസസിന്‌ കൈമാറിയത്‌ ധനമന്ത്രാലയത്തിന്റെയും നിതി ആയോഗിന്റെയും മാർഗനിർദേശം മറികടന്ന്‌. ഒരു കമ്പനിക്ക്‌ രണ്ട്‌ വിമാനത്താവളത്തിൽ കൂടുതൽ  കൈമാറരുതെന്ന ധനമന്ത്രാലയത്തിന്റെയും നിതി ആയോഗിന്റെയും സുപ്രധാന മാർഗനിർദേശം മോഡി സർക്കാർ നിയോഗിച്ച പബ്ലിക്‌–-പ്രൈവറ്റ്‌ പാർട്ണർഷിപ്പ്‌  അപ്രൈസൽ കമ്മിറ്റി (പിപിപിഎസി) അവഗണിച്ചു. വിമാനത്താവളങ്ങളുടെ നടത്തിപ്പും നിയന്ത്രണവും വികസനവും വൻ മൂലധനനിക്ഷേപം ആവശ്യമുള്ള പ്രവൃത്തിയായതിനാൽ സാമ്പത്തിക സാഹസങ്ങൾ ഒഴിവാക്കാൻ ഒരു കമ്പനിക്ക്‌ രണ്ട്‌ വിമാനത്താവളത്തിൽ കൂടുതൽ കൈമാറരുതെന്നാണ്‌ സാമ്പത്തികകാര്യവകുപ്പും (ഡിഇഎ) നിതി ആയോഗും നിർദേശിച്ചത്‌. തിരുവനന്തപുരം, ലഖ്‌നൗ, അഹമ്മദാബാദ്‌, ജയ്‌പുർ,  മംഗളൂരു, ഗുവ‌ാഹത്തി വിമാനത്താവളങ്ങളാണ്‌ വ്യവസ്ഥകൾ ലംഘിച്ച്‌ അദാനിക്ക്‌ നൽകുന്നത്‌. 

ഒരു കമ്പനിക്ക്‌ രണ്ടിൽ കൂടുതൽ വിമാനത്താവളം കൈമാറിയാൽ ഭാവിയിൽ വികസനപ്രശ്‌നങ്ങൾ ഉണ്ടാകാനിടയുണ്ടെന്നും  മുന്നറിയിപ്പ്‌ നൽകിയിരുന്നു. ഓപ്പറേഷൻ, മാനേജ്‌മെന്റ്‌ മേഖലകളിൽ പ്രാവീണ്യം തെളിയിച്ച കമ്പനികൾക്കുമാത്രമേ  കൈമാറാൻ പാടുള്ളൂവെന്ന വ്യവസ്ഥയും നിതി ആയോഗ്‌  മുന്നോട്ടുവച്ചിരുന്നു. മുൻപരിചയമില്ലാത്ത കമ്പനികൾ മുൻപരിചയമുള്ള മറ്റ്‌ കമ്പനികളുമായി സംയുക്തസംരഭം രൂപീകരിക്കുകയോ മതിയായ പ്രവൃത്തിപരിചയമുള്ള ജീവനക്കാരെ ഉൾപ്പെടുത്തുകയോ ചെയ്യണമെന്ന്‌ വ്യവസ്ഥയും ലംഘിച്ചു. വ്യോമമേഖലയിൽ മുൻപരിചയമില്ലാത്ത അദാനി എന്റർപ്രൈസസിനെ സഹായിക്കാൻ ഈ മാർഗനിർദേശങ്ങളും പിപിപിഎസി ഒഴിവാക്കി.  സെക്രട്ടറിമാരുടെ ഉന്നതാധികാരസമിതി തീരുമാനപ്രകാരമാണ്‌ സുപ്രധാന വ്യവസ്ഥകൾ ഒഴിവാക്കിയതെന്നാണ്‌ പിപിപിഎസിയുടെ വിശദീകരണം.

പിപിഎസിയുടെ അധികാരപരിധിക്ക്‌ അപ്പുറമുള്ള വിഷയങ്ങളിൽ തീരുമാനം എടുക്കാനാണ്‌ സെക്രട്ടറിമാരുടെ ഉന്നതാധികാരസമിതിയെ ചുമതലപ്പെടുത്തിയിരുന്നത്‌. പൊതു–-സ്വകാര്യ പങ്കാളിത്തം, ഓപ്പറേഷൻ ആൻഡ്‌ മാനേജ്‌മെന്റ്‌ മാർഗനിർദേശങ്ങൾ പുറപ്പെടുവിക്കാനുള്ള അധികാരം പിപിപിഎസിക്കുതന്നെയാണ്‌. 2018 നവംബറിലാണ്‌ എയർപോർട്ട്‌ അതോറിറ്റി ഓഫ്‌ ഇന്ത്യയുടെ (എഎഐ) കീഴിലുള്ള ലഖ്‌നൗ, അഹമ്മദാബാദ്‌, ജയ്‌പുർ, തിരുവനന്തപുരം, മംഗളൂരു, ഗുവാഹത്തി വിമാനത്താവളങ്ങൾ സ്വകാര്യവൽക്കരിക്കാനുള്ള നടപടിക്ക്‌ കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകിയത്‌.

മോഡി സർക്കാർ രണ്ടാമതും അധികാരമേറ്റതിനു പിന്നാലെ ജൂലൈ അഞ്ചിന്‌ ചേർന്ന  കേന്ദ്രമന്ത്രിസഭയോഗം അഹമ്മദാബാദ്‌,  ലഖ്‌നൗ, മംഗളൂരു  വിമാനത്താവളങ്ങൾ അദാനി എന്റർപ്രൈസസിന്‌ കൈമാറാൻ തീരുമാനിച്ചു. തിരുവനന്തപുരം  ഉൾപ്പെടെയുള്ള മറ്റ്‌ മൂന്ന്‌ വിമാനത്താവളങ്ങളുടെ കാര്യത്തിൽ അന്തിമ തീരുമാനമായിട്ടില്ല.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top