22 October Thursday

ഓര്‍മയില്ലേ ഡയറക്ടറെ അര്‍ധരാത്രി കെട്ടിയിറക്കിയത് ; വിശ്വാസ്യത തകര്‍ന്ന് സിബിഐ

വെബ് ഡെസ്‌ക്‌Updated: Monday Sep 28, 2020


ന്യൂഡൽഹി
സിബിഐയുടെ വിശ്വാസ്യതയും അന്തസ്സും അഗാധ ഗർത്തത്തിൽ പതിച്ചത്‌ ഒന്നാം മോഡിസർക്കാരിന്റെ കാലത്ത്‌. അന്നത്തെ സിബിഐ ഡയറക്ടർ അലോക്‌ വർമയും  സ്‌പെഷ്യൽ   ഡയറക്ടർ രാകേഷ്‌ അസ്‌താനയും തമ്മിലുള്ള പോരും കേന്ദ്രസർക്കാർ ഇടപെട്ട രീതിയും ലോകത്തിനു മുന്നിൽ ഇന്ത്യക്ക്‌ നാണക്കേടായി. അർധരാത്രി കേന്ദ്രസേന സിബിഐ ആസ്ഥാനം വളഞ്ഞ്‌ പുതിയ ഡയറക്ടറെ  അവരോധിക്കുന്നത് വരെയെത്തി കാര്യങ്ങള്‍. അങ്ങനെ മോഡിസർക്കാർ കെട്ടിയിറക്കിയ ഡയറക്ടർ എം നാഗേശ്വരറാവുവാണ്‌ ഈയിടെ  സ്വാമി അഗ്‌നിവേശിനെ മരണാനന്തരം അവഹേളിച്ചത്‌.

പ്രധാനമന്ത്രി മോഡിയുടെയും അന്നത്തെ ബിജെപി അധ്യക്ഷൻ അമിത്‌ഷായുടെയും വിശ്വസ്‌തനായ അസ്‌താനയെ  സിബിഐ ഡയറക്ടറാക്കാൻ 2016ൽ  സർക്കാർ ശ്രമിച്ചു. അസ്‌താനയുടെ സീനിയര്‍ ആർ കെ ദത്തയെ ആഭ്യന്തരമന്ത്രാലയത്തിലേ‌ക്ക്‌ മാറ്റി. അസ്‌താനയെ സിബിഐ ആക്ടിങ്‌ ഡയറക്ടറാക്കി. ഇതിനെതിരായ കേസ് സുപ്രീംകോടതി പരിഗണിക്കുന്നതിനു മുമ്പ്‌ കേന്ദ്രം അന്നത്തെ ഡൽഹി പൊലീസ്‌ മേധാവി അലോക്‌ വർമയെ സിബിഐ ഡയറക്ടറാക്കി.

അസ്‌താനയെ സ്‌പെഷ്യൽ ഡയറക്ടറായി നിയമിക്കാനുള്ള ഫയൽ 2018ല്‍ കേന്ദ്ര വിജിലൻസ്‌ കമീഷൻ(സിവിസി) പരിഗണിക്കവെ വർമ രഹസ്യ കുറിപ്പ്‌ നൽകി. സാമ്പത്തികതട്ടിപ്പ്‌ കേസിൽപെട്ട ഗുജറാത്ത്‌ കമ്പനിയുടെ ഉടമകളിൽനിന്ന്‌ അസ്‌താന കോഴ വാങ്ങിയെന്ന് കത്തില്‍ വെളിപ്പെടുത്തി. വർമയുടെ എതിർപ്പ്‌ മറികടന്ന്‌  സിവിസി അസ്‌താനയെ നിയമിച്ചു.

ബിസിനസുകാരനായ സതീഷ്‌ സനയിൽനിന്ന്‌  വർമ രണ്ട്‌ കോടി രൂപ കോഴ വാങ്ങിയെന്ന് വെളിപ്പെടുത്തി അസ്താന പരാതി നൽകി. സിബിഐ ഇക്കാര്യം നിഷേധിച്ചു. മാത്രമല്ല അസ്‌താനയുടെ ആറ്‌ അഴിമതിക്കേസ് അന്വേഷണത്തിലാണെന്നും‌ വെളിപ്പെടുത്തി. പിന്നാലെ  വ്യാജരേഖ ചമച്ചതിന്‌ അസ്‌താനയുടെ വിശ്വസ്‌തനായ ഡിവൈഎസ്‌പി ദേവേന്ദർകുമാറിനെ അറസ്‌റ്റുചെയ്‌തു.   ഇതോടെ ഇരുവരോടും അവധിയിൽ പോകാൻ സിവിസി നിര്‍ദേശിച്ചു. രാത്രി കേന്ദ്രസർക്കാർ ഉന്നതതല യോഗം ചേർന്ന്‌ ആർഎസ്‌എസ്‌ ബന്ധമുള്ള എം നാഗേശ്വരറാവുവിനെ താൽക്കാലിക ഡയറക്ടറായി കെട്ടിയിറക്കി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top