16 July Thursday

ആഭ്യന്തരമന്ത്രാലയത്തിന്റെ ഫെയ്‌സ്‌ബുക്കിൽ മദ്യവും ടച്ചിങ്‌സും ; പോസ്റ്റിനെതിരെ സാമൂഹ്യമാധ്യമങ്ങളില്‍ കടുത്ത വിമർശം

വെബ് ഡെസ്‌ക്‌Updated: Thursday May 28, 2020


ന്യൂഡൽഹി
കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ ഫെയ്‌സ്ബുക്ക് പേജില്‍ മദ്യപാനചിത്രങ്ങൾ പ്രസിദ്ധീകരിച്ച സംഭവം വിവാദത്തിൽ. ചുഴലിക്കാറ്റ് ദുരന്തം വിതച്ച പശ്ചിമ ബംഗാളില്‍ നടക്കുന്ന ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട ഫെയ്‌സ്ബുക്ക് പോസ്റ്റിലാണ് വിവാദചിത്രം പ്രത്യക്ഷപ്പെട്ടത്‌‌. അമിത്‌ ഷായുടെ വകുപ്പിന്റെ ഔദ്യോഗിക പേജിലെ പോസ്റ്റിനെതിരെ സാമൂഹ്യമാധ്യമങ്ങളില്‍ കടുത്ത വിമർശമുയർന്നു.  ഏകദേശം 15 മിനിറ്റിനുശേഷം പോസ്റ്റ്‌ പിൻവലിച്ചു. 

ദേശീയ ദുരന്തനിവാരണസേന (എന്‍ഡിആര്‍എഫ്) പശ്ചിമ ബംഗാളിലെ ദേല്‍പുര്‍, പഞ്ച്‌ല ബ്ലോക്ക്, ഹൗറ എന്നിവിടങ്ങളില്‍ നടത്തുന്ന ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ ചിത്രവും കുറിപ്പുമാണ് പോസ്റ്റ് ചെയ്‌തത്.

മൂന്നു ചിത്രത്തില്‍ ഒന്നിൽ നിരത്തിവച്ചിരിക്കുന്ന മദ്യക്കുപ്പികളും നിറച്ച മദ്യഗ്ലാസും ഭക്ഷണവും അടങ്ങുന്നവയാണ്‌. പേജ് കൈകാര്യം ചെയ്യുന്നവര്‍ക്ക് സംഭവിച്ച മനപ്പൂർവമല്ലാത്ത തെറ്റാണിതെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. വ്യക്തിപരമായ ഫെയ്‌സ്ബുക്ക് അക്കൗണ്ടും ആഭ്യന്തരമന്ത്രാലയത്തിന്റെ പേജും കൈകാര്യം ചെയ്യുമ്പോള്‍ സംഭവിച്ച ആശയക്കുഴപ്പംമൂലമാണ് ഇത് സംഭവിച്ചതെന്നും മന്ത്രാലയവക്താവ് പറഞ്ഞു.


പ്രധാന വാർത്തകൾ
 Top