02 December Wednesday

നേതൃത്വമാകെ ഏജൻസികളുടെ വലയിൽ ; അളമുട്ടി; രംഗത്തുവന്നു

വെബ് ഡെസ്‌ക്‌Updated: Tuesday Oct 27, 2020


ന്യൂഡൽഹി
അന്വേഷണ ഏജൻസികളെ ദുരുപയോഗംചെയ്യുന്ന മോഡി സർക്കാരിന്റെ  നിലപാടിനെതിരെ  സോണിയഗാന്ധി രംഗത്തുവന്നത്‌  പൊറുതിമുട്ടിയതോടെ. കോൺഗ്രസ്‌ നേതൃത്വമാകെ വിവിധ കേന്ദ്ര അന്വേഷണ ഏജൻസികളുടെ വലയിലാണ്‌. നാഷണൽ ഹെറാൾഡ്‌ സ്വത്തു കൈമാറ്റത്തിൽ സോണിയഗാന്ധി, രാഹുൽഗാന്ധി, മോത്തിലാൽ വോറ, ഓസ്‌കാർ ഫെർണാണ്ടസ്‌, സാം പിത്രോദ, സുമൻ ദുബെ എന്നിവർക്കെതിരെ എൻഫോഴ്‌സ്‌മെന്റ്‌ ഡയറക്ടറേറ്റ്‌(ഇഡി) കേസ്‌ എടുത്തിട്ടുണ്ട്‌.

സ്‌റ്റെർലിങ്‌ ബയോടെക്–സന്ദേസര ഗ്രൂപ്പ്‌ ഇടപാടിൽ കള്ളപ്പണം വെളുപ്പിക്കലിനു കേസെടുത്ത്‌ കോൺഗ്രസ്‌ ട്രഷറർ അഹമ്മദ്‌ പട്ടേലിനെ എട്ട്‌ മണിക്കൂർ ചോദ്യംചെയ്‌തു. പ്രിയങ്കഗാന്ധിയുടെ ഭർത്താവ്‌ റോബർട്ട്‌ വാധ്രയുടെ പേരിലും അനധികൃത സ്വത്ത്‌ സമ്പാദനത്തിനും കള്ളപ്പണം വെളുപ്പിക്കലിനും കേസുകളുണ്ട്‌.

75 കോടി രൂപയുടെ  അനധികൃത സ്വത്ത്‌ സമ്പാദനത്തിന്‌ കർണാടക പിസിസി അധ്യക്ഷനും മുൻമന്ത്രിയുമായ ഡി കെ ശിവകുമാർ സിബിഐ  അന്വേഷണം നേരിടുന്നു. കള്ളപ്പണം വെളുപ്പിക്കലിന്‌ ഇഡി എടുത്ത കേസിൽ ശിവകുമാർ ആറാഴ്‌ച ജയിലിലും കഴിഞ്ഞു.

മുൻ കേന്ദ്രമന്ത്രി പി ചിദംബരം, മകൻ കാർത്തി ചിദംബരം, ഹരിയാന മുൻമുഖ്യമന്ത്രി ഭൂപീന്ദർസിങ്‌ ഹൂഡ എന്നിവരും ഇഡി എടുത്ത  കേസുകളിൽ പ്രതികളാണ്‌. പഞ്ചാബ്‌ മുഖ്യമന്ത്രി ക്യാപ്‌റ്റൻ അമരീന്ദർ സിങ്‌, മകൻ രണീന്ദർ സിങ്‌ എന്നിവർക്കെതിരെ ഇഡി  അന്വേഷണം തുടരുന്നു. ജമ്മു–കശ്‌മീർ മുഖ്യമന്ത്രിയായിരിക്കെ നടത്തിയ ഭൂമി ഇടപാടിൽ ഗുലാം നബി ആസാദിനെതിരെ സിബിഐ അന്വേഷണമുണ്ട്‌. രാജസ്ഥാൻ മുഖ്യമന്ത്രി അശോക്‌ ഗെലോട്ടിന്റെ സഹോദരൻ അഗ്രസെൻ ഗെലോട്ടിന്‌  ഇഡി കേസെടുത്തത്‌  ജൂലൈയിലാണ്‌. മധ്യപ്രദേശ്‌ മുൻമുഖ്യമന്ത്രിയും മുതിർന്ന നേതാവുമായ കമൽനാഥിന്റെ അടുത്ത ബന്ധു റിതുൽ പുരിയെ  കള്ളപ്പണം വെളുപ്പിക്കലിന്‌ ഇഡി അറസ്‌റ്റ്‌ ചെയ്‌തു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top