ന്യൂഡല്‍ഹി > രാജ്യത്തെ കോടിക്കണക്കിന് കള്ളപ്പണം വെളിച്ചത്തുകൊണ്ടുവരാനെന്ന പേരില്‍ നടപ്പാക്കിയ നോട്ട് നിരോധനം പൂര്‍ണപരാജയമെന്ന് തെളിയിക്കുന്ന റിസര്‍വ് ബാങ്ക് റിപ്പോര്‍ട്ട് പുറത്ത്. നിരോധിച്ച 1000 രൂപയില്‍ 99 ശതമാനവും തിരികെയെത്തിയെന്നാണ് ആര്‍ബിഐ ഏറ്റവുമൊടുവില്‍ പുറത്തുവിട്ട റിപ്പോര്‍ട്ടുകള്‍.
മാര്‍ച്ച് അവസാനത്തോടെ 8925 കോടി രൂപ മാത്രമാണ് ഉപയോഗത്തിലുണ്ടായിരുന്നതെന്ന് ആര്‍ബിഐയുടെ വെബ്സൈറ്റില്‍ തന്നെ പറയുന്നു. ഇത് ജനങ്ങളുടെ പക്കലോ ബാങ്കുകളിലോ ട്രഷറികളിലോ ശേഷിക്കുന്നവയാണ്. നോട്ട് നിരോധനം നടപ്പാക്കുമ്പോള്‍ 6.86 ലക്ഷം കോടി രൂപയുടെ 1000 നോട്ടാണ് ഉപയോഗത്തിലുണ്ടായിരുന്നത്. ഇതില്‍ 1.3 ശതമാനം നോട്ടുകള്‍ മാത്രമാണ് ഇനി തിരിച്ചെത്താനുള്ളത്. ഇതോടെ കള്ളപ്പണം കണ്ടെത്തലും കള്ളനോട്ടടി ഇല്ലാതാക്കലുമെന്ന പേരില്‍ ജനങ്ങളെയാകെ ബുദ്ധിമുട്ടിച്ച് പെട്ടെന്ന് നടപ്പാക്കിയ നോട്ട് നിരോധനം പൂര്‍ണപരാജയമെന്ന് തെളിയുകയാണ്.
ഫെബ്രുവരിയില്‍ പാര്‍ലമെന്റില്‍ മന്ത്രി സന്തോഷ്കുമാര്‍ ഗാങ്വര്‍ വച്ച റിപ്പോര്‍ട്ടിലും 6.86 ലക്ഷം കോടിയുടെ 1000 രൂപ ഉപയോഗത്തിലുണ്ടെന്ന് വ്യക്തമാക്കിയിരുന്നു. ഇനി തിരിച്ചെത്തിയ 500 രൂപയുടെ കണക്ക് പുറത്തുവരാനുണ്ട്. 15.4 ലക്ഷം കോടി രൂപ ഉണ്ടായിരുന്ന നിരോധിത നോട്ടുകളില്‍ 56 ശതമാനവും 500 രൂപയുടേതായിരുന്നു. 1000 രൂപ തിരിച്ചെത്തിയതുപോലെ 500 രൂപയും തിരിച്ചെത്താനാണ് സാധ്യതയെന്ന് സാമ്പത്തിക നിരീക്ഷകര്‍ പറയുന്നു. ഇതോടെ നിരോധനത്തിനു പിന്നിലെ പൊള്ളത്തരം വെളിവാകും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..